വെല്ലിങ്ടണ്‍: ടി20 ക്രിക്കറ്റില്‍ വിരാട് കോലിക്ക് കീഴില്‍ അപൂര്‍വ റെക്കോഡ് സ്വന്തമാക്കി ടീം ഇന്ത്യ. ഏറ്റവും കൂടുതല്‍ ടി20 പരമ്പരകള്‍ സ്വന്തമാക്കുന്ന ടീം എന്ന റെക്കോഡാണ് കോലിയെ തേടിയെത്തിയത്. ന്യൂസിലന്‍ഡിനെതിരെ ടി20 പരമ്പര സ്വന്തമാക്കിയപ്പോഴാണ് നേട്ടം കോലിയെ തേടിയെത്തിയത്. മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസിനെയാണ് കോലി പിന്തള്ളിയത്. 15 പരമ്പരകളില്‍ നയിച്ച ക്യാപ്റ്റന്മാരെയാണ് പരിഗണിച്ചത്.

ന്യൂസിലന്‍ഡിനെതിരായ പരമ്പര നേട്ടത്തോടെ 10 പരമ്പരകള്‍ ഇന്ത്യ സ്വന്താക്കി. ഡു പ്ലെസിസിന്റെ അക്കൗണ്ടില്‍ 9 പരമ്പര നേട്ടങ്ങളാണുള്ളത്. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ ഏഴ് പരമ്പര നേട്ടങ്ങളുമായി മൂന്നാം സ്ഥാനത്തുണ്ട്. മുന്‍ വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റനായിരുന്ന ഡാരന്‍ സമിയാണ് മൂന്നാം സ്ഥാനത്ത്. ആറ് പരമ്പര ജയങ്ങളണ് സമിയുടെ പേരിലുള്ളത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയും പട്ടികയിലുണ്ട്. അഞ്ച് പരമ്പര വിജയങ്ങള്‍ നേടിയിട്ടുള്ള ധോണി അഞ്ചാം സ്ഥാനത്തുണ്ട്.

ടി20യില്‍ എവേ ഗ്രൗണ്ടില്‍ മൂന്നും അതില്‍ കൂടുതലും മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യയുടെ മൂന്നാമത്തെ സമ്പൂര്‍ണ വിജയമാണിത്. കഴിഞ്ഞ വര്‍ഷം വെസ്റ്റ് ഇന്‍ഡീസിനെ 3-0ത്തിന് തോല്‍പ്പിച്ചിരുന്നു. 2015/16ല്‍ ഓസ്‌ട്രേലിയയില്‍ ഇന്ത്യ 3-0ത്തിന് ഇന്ത്യ പരമ്പര സ്വന്തമാക്കുകയുണ്ടായി.

ഇന്ന് ന്യൂസിലന്‍ഡിനെതിരെ ഏഴ് റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ രണ്ടെണ്ണവും തീരുമാനമായത് സൂപ്പര്‍ ഓവറിലായിരുന്നു. ജസ്പ്രീത് ബൂമ്രയാണ് മത്സരത്തിലെ താരം. കെ എല്‍ രാഹുല്‍ മാന്‍ ഓഫ് ദ സീരീസായി തിരഞ്ഞെടുക്കപ്പെട്ടു.