വിശാഖപട്ടണം: ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഓരോരോ റെക്കോഡുകള്‍ തകര്‍ത്തുകൊണ്ടിരിക്കുകയാണ്. ഒരു പരമ്പര തുടങ്ങുമ്പോള്‍ ഇത്തവണ എന്തൊക്കെയാണ് കോലിക്ക് മുന്നില്‍ വഴിമാറുകയെന്നാണ് ആരാധകര്‍ ചിന്തിക്കുക. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടെസ്റ്റ് പരമ്പര നാളെ ആരംഭിക്കാന്‍ ആരംഭിക്കാനിരിക്കുന്നു. പതിവുപോലെ ഒരു റെക്കോഡും കോലിയെ കാത്തിരിപ്പുണ്ട്.

281 റണ്‍സ് കൂടി നേടിയാല്‍ കോലിക്ക് ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും കൂടെ 21,000 റണ്‍സാവും. ഇത്രയും റണ്‍സ് നേടിയാല്‍ വേഗത്തില്‍ 21,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമാവും ഇന്ത്യന്‍ ക്യാപ്റ്റന്‍. സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഇപ്പോള്‍ നേട്ടത്തിനുടമ, 473 ഇന്നിങ്‌സില്‍ നിന്നാണ് സച്ചിന്‍ ഇത്രയും റണ്‍സ് നേടിയത്. കോലിയേക്കാള്‍ 41 ഇന്നിങ്‌സ് അധികം കളിച്ചിട്ടുണ്ട് സച്ചിന്‍. 485 ഇന്നിങ്‌സില്‍ 21,000 കണ്ടെത്തിയ വിന്‍ഡീസിന്റെ ഇതിഹാസതാരം ബ്രയാന്‍ ലാറയാണ് മൂന്നാമത്. 

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഒമ്പത് ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട് കോലി. 47.37 ശരാശരിയില്‍ 758 റണ്‍സാണ് കോലിയുടെ സമ്പാദ്യം. ഇതില്‍ രണ്ട് സെഞ്ചുറിയും മൂന്ന് അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടും.