വെല്ലിംഗ്ടണ്‍: ന്യൂസീലന്‍ഡ് പര്യടനത്തിനെത്തിയ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിലെ മൂന്ന് താരങ്ങള്‍ക്ക് കൂടി കൊവിഡ് പോസിറ്റീവായി. ഇതോടെ കൊവിഡ് ബാധിതരായ താരങ്ങളുടെ എണ്ണം പത്തായി. രണ്ടാം ഘട്ട പരിശോധനയിലാണ് മൂന്ന് താരങ്ങള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. മൂന്നാംഘട്ട പരിശോധനാ ഫലം ഉടന്‍ പുറത്തുവരും. താരങ്ങളുടെ കൊവിഡ് ബാധയെക്കുറിച്ച് ന്യൂസിലന്‍ഡ് ആരോഗ്യ മന്ത്രാലയും അന്വേഷണം തുടങ്ങി. 

താരങ്ങള്‍ കൊവിഡ് ബാധിതരായി വന്നതാണോ, അതോ ക്രൈസ്റ്റ് ചര്‍ച്ചില്‍ എത്തിയതാണോ എന്നാണ് പരിശോധിക്കുന്നത്. പരിശീലകര്‍ ഉള്‍പ്പടെ 46 അംഗ പാക് സംഘമാണ് ന്യൂസിലന്‍ഡില്‍ എത്തിയിരിക്കുന്നത്. പാക് സംഘം ഇപ്പോള്‍ ക്വാറന്റീനിലാണ്. ഡിസംബര്‍ പതിനെട്ടിന് ട്വന്റി 20 മത്സരത്തോടെയാണ് പരമ്പരയ്ക്ക് തുടക്കമാവുക.

ന്യൂസിലന്‍ഡില്‍ എത്തിയ ഉടന്‍ നടത്തിയ ആദ്യ പരിശോധനയില്‍ ആറ് താരങ്ങള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. ഇവരെ ക്രൈസ്റ്റ്ചര്‍ച്ചിലെ ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. പിന്നെ ഒരു താരത്തിനും കൂടി പോസിറ്റീവായി. 

അടുത്ത മാസം 18നാണ് പാക്കിസ്ഥാനും ന്യൂസിലന്‍ഡും തമ്മിലുള്ള മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരക്ക് തുടക്കമാവുക. ഇതിനുശേഷം രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയിലും ഇരു ടീമുകളും കളിക്കും.