ആന്‍റിഗ്വ: വെസ്റ്റ് ഇന്‍ഡീസിനെ ആന്‍റിഗ്വ ടെസ്റ്റില്‍ നിലംപരിശാക്കി ടീം ഇന്ത്യ കറിച്ചത് ചരിത്രനേട്ടം. ടെസ്റ്റ് ക്രിക്കറ്റിൽ റണ്‍മാര്‍ജിനില്‍ വിദേശത്ത് ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്. ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ 318 റൺസിന്‍റെ തകർപ്പൻ ജയമാണ് ഇന്ത്യ നേടിയത്. ഗോളില്‍ 2017ല്‍ ലങ്കയ്‌ക്കെതിരെ 304 റണ്‍സിന് വിജയിച്ചതായിരുന്നു നേരത്തെയുണ്ടായിരുന്ന റെക്കോര്‍ഡ്. 

ഇന്ത്യ മുന്നോട്ടുവെച്ച 419 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസ് 100 റൺസിന് പുറത്താവുകയായിരുന്നു. ആദ്യ 15 റണ്‍സ് എടുക്കുന്നതിനിടയില്‍ത്തന്നെ വിന്‍ഡീസിന് അഞ്ച് വിക്കറ്റ് നഷ്ടമായി. അഞ്ച് വിക്കറ്റ് നേടിയ ജസ്‌പ്രീത് ബുമ്രയാണ് വിൻഡീസ് ബാറ്റിംഗ് നിരയെ തകർത്തത്. ഇശാന്ത് മൂന്നും ഷമി രണ്ടും വിക്കറ്റ് നേടിയപ്പോള്‍ 38 റണ്‍സെടുത്ത റോച്ചാണ് വിന്‍ഡീസിന്‍റെ ടോപ് സ്‌കോറര്‍. 

നേരത്തേ. ഇന്ത്യ ഏഴ് വിക്കറ്റിന് 343 റൺസെടുത്ത് രണ്ടാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. അജിങ്ക്യ രഹാനെ 102 റൺസും ഹനുമ വിഹാരി 93 റൺസുമെടുത്തു. 253 പന്തിൽ നിന്നാണ് രഹാനെ തന്‍റെ പത്താം സെഞ്ചുറി തികച്ചത്. രഹാനെയാണ് പ്ലേയർ ഓഫ് ദ മാച്ച്. വിരാട് കോലി 51 റൺസിന് പുറത്തായി. ചേസ് നാല് വിക്കറ്റ് വീഴ്‌ത്തി. ജയത്തോടെ രണ്ട് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി.