മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് അഞ്ചാം വിക്കറ്റിൽ സമീർ ഭണ്ഡാരിയും യാഷ് പഞ്ച്വാനിയും ചേർന്ന് പടുത്തുയർത്തിയ 217 റൺസിന്റെ കൂട്ടുകെട്ടിന്റെ കരുത്തിലാണ് 357 റൺസെന്ന പടു കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
വിശാഖപട്ടണം: വിനൂ മങ്കാദ് ട്രോഫിയിൽ തകർപ്പൻ സെഞ്ചുറിയുമായി ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം രാഹുൽ ദ്രാവിഡിന്റെ മകൻ അൻവയ് ദ്രാവിഡ്. ഗുജറാത്തുയർത്തിയ 358 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന കർണാടകയെ 100 പന്തിൽ 151 റൺസ് അടിച്ചുകൂട്ടി അൻവയ് അവിശ്വസനീയമായ വിജയത്തിലേക്ക് നയിച്ചു. 23 ബൗണ്ടറികൾ അടങ്ങുന്നതായിരുന്നു അൻവയിന്റെ ഇന്നിംഗ്സ്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് അഞ്ചാം വിക്കറ്റിൽ സമീർ ഭണ്ഡാരിയും യാഷ് പഞ്ച്വാനിയും ചേർന്ന് പടുത്തുയർത്തിയ 217 റൺസിന്റെ കൂട്ടുകെട്ടിന്റെ കരുത്തിലാണ് 357 റൺസെന്ന പടു കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. എന്നാൽ മറുപടി ബാറ്റിംഗിനിറങ്ങിയ കർണാടകയ്ക്കായി ക്യാപ്റ്റൻ അൻവയ് ദ്രാവിഡും ധ്രുവ് കൃഷ്ണനും ചേർന്ന് മൂന്നാം വിക്കറ്റിൽ 204 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി മത്സരം കർണാടകയുടെ കൈപ്പിടിയിലാക്കി. അൻവയിന്റെ വൻ ബാറ്റിംഗ് കരുത്തിൽ 5 വിക്കറ്റ് ശേഷിക്കെ കർണാടക ലക്ഷ്യം മറികടന്നു.17-കാരനായ അൻവയ് വിനൂ മങ്കാദ് ട്രോഫിയിൽ കർണാടകയെയാണ് നയിക്കുന്നത്.
മുൻ മത്സരത്തിൽ ഡൽഹിക്കെതിരെ വെറും 41 പന്തിൽ 85 റൺസ് അടിച്ച് അൻവയ് തിളങ്ങിയിരുന്നു. കഴിഞ്ഞ നവംബറിൽ അഫ്ഗാനിസ്ഥാനെതിരായ അണ്ടർ-19 പരമ്പരയിലൂടെയാണ് താരം ഇന്ത്യൻ കുപ്പായത്തിൽ അരങ്ങേറ്റം കുറിച്ചത്. വരാനിരിക്കുന്ന അണ്ടർ-19 ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് അൻവയ് ദ്രാവിഡും വീരേന്ദർ സെവാഗിന്റെ മകൻ ആര്യവീർ സെവാഗും തിരഞ്ഞെടുക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
