മുകുൾ ചൗധരിയുടെ വെടിക്കെട്ട് ബാറ്റിംഗ് കരുത്തിനെക്കുറിച്ച് ഐപിഎൽ തുടങ്ങുന്നതിന് മുൻപേ അർജുൻ തെണ്ടുൽക്കർ മുന്നറിയിപ്പ് നൽകിയിരുന്നു.
കൊൽക്കത്ത: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ലക്നൗ സൂപ്പർ ജയന്‍റ്സിന് അവിശ്വസനീയ ജയം സമ്മാനിച്ച മുകുൾ ചൗധരിയുടെ പ്രകടനം ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. പരാജയത്തിന്‍റെ വക്കില്‍ നിന്ന് 27 പന്തിൽ പുറത്താകാതെ 54 റൺസ് അടിച്ച് ലക്നൗവിനെ അവിശ്വസനീയ ജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ ഈ 22-കാരൻ കൊൽക്കത്തയുടെ ഉറക്കം കെടുത്തിയപ്പോൾ, ലക്നൗ ക്യാമ്പിലെ സഹതാരം അർജുൻ ടെൻണ്ടുൽക്കറുടെ പ്രവചനമാണ് ഇപ്പോൾ വൈറലാകുന്നത്.
മുകുൾ ചൗധരിയുടെ വെടിക്കെട്ട് ബാറ്റിംഗ് കരുത്തിനെക്കുറിച്ച് ഐപിഎൽ തുടങ്ങുന്നതിന് മുൻപേ അർജുൻ ടെന്‍ണ്ടുൽക്കർ മുന്നറിയിപ്പ് നൽകിയിരുന്നു. ശുഭാങ്കർ മിശ്രയുമായുള്ള അഭിമുഖത്തിൽ അർജുൻ മുകുള്‍ ചൗധരിയെക്കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോള്‍ വീണ്ടും വൈറലാവുന്നത്. അടുത്ത രണ്ട് വര്‍ഷത്തിനുള്ള ലക്നൗ ടീമില്‍ വലിയ താരമാകുമെന്ന് കരുതുന്നത് ആരെയാണ് എന്നായിരുന്നു ശുഭാങ്കര്‍ മിശ്ര അര്‍ജുനോട് ചോദിച്ചത്. ഇതിന് അര്‍ജുന്‍ നൽകിയ മറുപടി ഇങ്ങനെയായിരുന്നു.
മുകുൾ ചൗധരി അതിശയിപ്പിക്കുന്ന സിക്സറുകൾ പറത്തുന്ന താരമാണ്. ലക്നൗവിന്‍റെ പരിശീലന മത്സരത്തിൽ അവന്‍റെ ബാറ്റിംഗ് കണ്ട് ഞാൻ ഞെട്ടിപ്പോയി. ഗ്രൗണ്ടിന്‍റെ എല്ലാ ഭാഗത്തേക്കും (360 ഡിഗ്രി) അവന് പന്ത് എത്തിക്കാൻ സാധിക്കും. സ്ക്വയർ ലെഗ്, പോയിന്‍റ്, അപ്പർ കട്ട് തുടങ്ങി ബൗളറുടെ തലയ്ക്ക് മുകളിലൂടെ വരെ അവൻ സിക്സറുകൾ അടിക്കുമെന്നായിരുന്നു അഭിമുഖത്തില്‍ അര്‍ജുന്‍ പറഞ്ഞത്. എന്നാൽ അർജുൻ നൽകിയ ഈ മുന്നറിയിപ്പ് കൊൽക്കത്ത ഗൗരവമായി എടുത്തില്ല എന്നതിന്‍റെ തെളിവാണ് ഈഡൻ ഗാർഡൻസിൽ കണ്ടത്. കാമറൂൺ ഗ്രീൻ, കാർത്തിക് ത്യാഗി, വൈഭവ് അറോറ തുടങ്ങിയവരെയെല്ലാം മുകുൾ അടിച്ചുപറത്തി.
കോലിയെപ്പോലെ ഓട്ടം, ധോണിയെപ്പോലെ ഫിനിഷിംഗ്
ലക്നൗ നായകൻ റിഷഭ് പന്തിനും പരിശീലകൻ ജസ്റ്റിൻ ലാംഗർക്കും മുകുളിനെ പ്രശംസിക്കാൻ വാക്കുകളില്ലായിരുന്നു. മുകുളിന്‍റെ ഈ പ്രകടനത്തെ വിവരിക്കാൻ എന്‍റെ പക്കൽ വാക്കുകളില്ല എന്നായിരുന്നു മത്സരശേഷം റിഷഭ് പന്ത് പറഞ്ഞത്. ഞങ്ങൾ ഒരാളെ വിശ്വസിച്ചാൽ അയാൾക്ക് അത്ഭുതങ്ങൾ പ്രവർത്തിക്കാൻ കഴിയുമെന്ന് മുകുൾ തെളിയിച്ചുവെന്നും റിഷഭ് പന്ത് പറഞ്ഞു.
മുകുൾ ഒരു മികച്ച അത്‌ലറ്റാണെന്ന് കോച്ച് ജസ്റ്റിന്‍ ലാംഗര്‍ പറഞ്ഞു. വിരാട് കോലിയെപ്പോലെയാണ് അവൻ വിക്കറ്റുകൾക്കിടയിൽ ഓടുന്നത്. പക്ഷേ കളി ഫിനിഷ് ചെയ്യുന്ന രീതി എം.എസ്. ധോണിയെ അനുസ്മരിപ്പിക്കുന്നു. വെറും 22 വയസ്സേ ഉള്ളൂ എങ്കിലും 300 മത്സരങ്ങൾ കളിച്ച പക്വത അവനുണ്ടെന്നും ലാംഗര്‍ പറഞ്ഞു.
കൊല്‍ക്കത്തക്കെതിരെ അവസാന 4 ഓവറിൽ ജയിക്കാൻ 54 റൺസ് വേണമെന്നിരിക്കെ ലക്നൗ പരാജയപ്പെടുമെന്ന് ഉറപ്പിച്ചതായിരുന്നു. എന്നാൽ ലക്നൗ നിരയിൽ സ്പെഷ്യലിസ്റ്റ് ബാറ്ററായി മുകുൾ മാത്രം ക്രീസിലിരിക്കെ, അർജുൻ തെണ്ടുൽക്കർ പറഞ്ഞതുപോലെ മൈതാനത്തിന്‍റെ എല്ലാ കോണിലേക്കും സിക്സറുകൾ പായിച്ച് താരം ടീമിനെ വിജയതീരത്തെത്തിച്ചു
