വിന്‍ഡീസിനെതിരെ മികച്ച ഡെത്ത് ഓവറുകളുമായി അര്‍ഷ്‌ദീപ് സിംഗ് തിളങ്ങുന്നതിനിടെയാണ് ഈ ആവശ്യവുമായി മുന്‍താരം രംഗത്തെത്തിയത്

സെന്റ് കിറ്റ്‌സ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന ഇന്ത്യന്‍ യുവ പേസര്‍ അര്‍ഷ്‌ദീപ് സിംഗിനെ(Arshdeep Singh) ടി20 ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി മുന്‍താരം രീതിന്ദർ സിംഗ് സോധി(Reetinder Singh Sodhi). വലിയ മത്സരങ്ങള്‍ കളിക്കാന്‍ അര്‍ഷ്‌ദീപ് സന്നദ്ധനായി എന്നാണ് രിതീന്ദറിന്‍റെ അഭിപ്രായം. വിന്‍ഡീസിനെതിരെ(WI vs IND) മികച്ച ഡെത്ത് ഓവറുകളുമായി അര്‍ഷ്‌ദീപ് സിംഗ് തിളങ്ങുന്നതിനിടെയാണ് ഈ ആവശ്യവുമായി മുന്‍താരം രംഗത്തെത്തിയത്. 

'വമ്പന്‍ ടൂര്‍ണമെന്‍റുകള്‍ കളിക്കാന്‍ അര്‍ഷ്‌ദീപ് സിംഗ് തയ്യാറായിക്കഴിഞ്ഞു. താരം ടീം ഇന്ത്യക്ക് വലിയ വാഗ്‌ദാനമാണ്. ലോകകപ്പ് മുന്‍നിര്‍ത്തി 20 താരങ്ങളുടെ സംഘം സെലക്‌ടര്‍മാരുടെ മനസിലുണ്ടാകും. അതിലേക്ക് ഉള്‍പ്പെടാന്‍ വലിയ സാധ്യതയാണ് അര്‍ഷ്‌ദീപിന് കാണുന്നത്. ഓസീസ് സാഹചര്യങ്ങളില്‍ അര്‍ഷ്‌ദീപിന്‍റെ ഇടംകൈയന്‍ പേസ് ഇന്ത്യക്ക് മുതല്‍ക്കൂട്ടാകും' എന്നും രീതിന്ദർ സിംഗ് സോധി ഇന്ത്യാ ന്യൂസ് സ്‌പോര്‍ട്‌സിനോട് പറഞ്ഞു. 

ഐപിഎല്‍ പതിനഞ്ചാം സീസണില്‍ പഞ്ചാബ് കിംഗ്‌സിനായി മികച്ച പ്രകടനം പുറത്തെടുത്താണ് അര്‍ഷ്‌ദീപ് സിംഗ് ഇന്ത്യന്‍ ടീമിലേക്ക് ആദ്യമായി എത്തിയത്. ദക്ഷിണാഫ്രിക്കയ്‌ക്കും അയര്‍ലന്‍ഡിനും എതിരായ പരമ്പരകളില്‍ ബഞ്ചിലിരുന്ന താരം ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ അരങ്ങേറ്റം കുറിച്ചു. ഇപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിനെ ടി20 മത്സരങ്ങളില്‍ മികച്ച ഡെത്ത് ഓവര്‍ ബൗളറായി മികവ് കാട്ടുകയാണ് അര്‍ഷ്‌ദീപ് സിംഗ്. രാജ്യാന്തര കരിയറില്‍ നാല് മത്സരങ്ങളില്‍ 6.52 ഇക്കോണമിയില്‍ ആറ് വിക്കറ്റുമായി ശ്രദ്ധേയ തുടക്കമാണ് താരം നേടിയിരിക്കുന്നത്. സമ്മര്‍ദഘട്ടങ്ങളില്‍ മികച്ച വേരിയേഷനുകളും യോര്‍ക്കറുകളും താരത്തെ വേറിട്ടതാക്കുന്നു.

നിലവില്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരായ ടി20 പരമ്പരയില്‍ കളിച്ചുകൊണ്ടിരിക്കുകയാണ് അര്‍ഷ്‌ദീപ്. ഇന്നലെ നടന്ന മൂന്നാം ടി20യില്‍ ഏഴ് വിക്കറ്റിന് വിജയിച്ചപ്പോള്‍ അര്‍ഷ്‌ദീപ് നാല് ഓവറില്‍ 4 ഓവറില്‍ 33 റണ്ണിന് ഒരു വിക്കറ്റ് നേടി. മത്സരത്തില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് കെയ്ല്‍ മയേഴ്‌സിന്‍റെ(73) അര്‍ധ സെഞ്ചുറിയുടെ മികവില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ 19 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം മറികടന്നു. 44 പന്തില്‍ 76 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. എട്ട് ഫോറും നാല് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു സൂര്യകുമാറിന്റെ ഇന്നിംഗ്‌സ്. ശ്രേയസ് അയ്യര്‍ 24ഉം റിഷഭ് പന്ത് 33* ഉം റണ്‍സെടുത്തു. 11 റണ്‍സുമായി രോഹിത് ശര്‍മ്മ പരിക്കേറ്റ് പിന്‍മാറി. 

ദിനേശ് കാര്‍ത്തിക് ഫിനിഷറല്ല, ചെയ്യുന്നത് മറ്റൊന്ന്; ചര്‍ച്ചയ്‌ക്ക് തുടക്കമിട്ട് കൃഷ്‌ണമചാരി ശ്രീകാന്ത്