അവസാന നാല് ഓവറില്‍ ബാറ്റ് ചെയ്താല്‍ ഫിനിഷര്‍ ആവില്ല എന്ന് മുന്‍ മുഖ്യ സെലക്‌ടര്‍ കൂടിയായ ശ്രീകാന്ത് പറയുന്നു
സെന്റ് കിറ്റ്‌സ്: ഇക്കഴിഞ്ഞ ഐപിഎല്‍ സീസണോടെ ഇന്ത്യന്‍ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തിക്(Dinesh Karthik) ഫിനിഷറുടെ റോളില്‍ തിളങ്ങുകയാണ് എന്നാണ് പൊതു വിലയിരുത്തല്‍. വെസ്റ്റ് ഇന്‍ഡീസിന് എതിരായ ആദ്യ ടി20യില്‍ 19 പന്തില്‍ പുറത്താകാതെ 41 റണ്‍സുമായി ഡികെ തിളങ്ങിയിരുന്നു. എന്നാല്‍ ദിനേശ് കാര്‍ത്തിക് ലക്ഷണമൊത്ത ഫിനിഷറല്ല എന്നാണ് ഇന്ത്യന്‍ മുന്‍ നായകന്‍ കൃഷ്‌ണമചാരി ശ്രീകാന്ത്(Krishnamachari Srikkanth) പറയുന്നത്. അവസാന നാല് ഓവറില്‍ ബാറ്റ് ചെയ്താല്‍ ഫിനിഷര്‍ ആവില്ല എന്ന് മുന്‍ മുഖ്യ സെലക്‌ടര്‍ കൂടിയായ ശ്രീകാന്ത് പറയുന്നു.
'ഫിനിഷറുടെ നിര്‍വചനം തെറ്റാണ്. തീര്‍ച്ചയായും ദിനേശ് കാര്‍ത്തിക് മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ട്. ഐപിഎല്ലിനും അതിന് ശേഷമുള്ള കുറച്ച് മത്സരങ്ങളിലും അദ്ദേഹം മികവ് കാട്ടി. എന്നാലത് ഫിനിഷറല്ല. എട്ടാമത്തെയോ ഒന്‍പതാമത്തേയോ ഓവറില്‍ നിന്ന് മത്സരം ഫിനിഷ് ചെയ്യുന്നതിലേക്ക് എത്തിക്കുന്ന താരത്തെയാണ് ഫിനിഷര്‍ എന്ന് പറയാന്‍ കഴിയുക. ഫൈനല്‍ ടച്ച് മാത്രമേ ഡികെ നല്‍കുന്നുള്ളൂ. സൂര്യകുമാര്‍ യാദവിന്‍റെ കാര്യമെടുക്കൂ, ഇംഗ്ലണ്ടില്‍ ഏതാണ്ട് ഒറ്റയ്ക്ക് മത്സരം വിജയിപ്പിക്കുന്നത് കണ്ടില്ലേ. അതാണ് ഫിനിഷിംഗ് റോള്‍. ഹാര്‍ദിക് പാണ്ഡ്യയും റിഷഭ് പന്തും ഫിനിഷര്‍മാരാണ്. ഓപ്പണറായി ഇറങ്ങി 17-ാം ഓവര്‍ വരെ ബാറ്റ് ചെയ്യുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും ഫിനിഷറാണ്' എന്നും ശ്രീകാന്ത് വിന്‍ഡീസിനെതിരായ മൂന്നാം ടി20ക്കിടെ ഫാന്‍ കോഡില്‍ പറഞ്ഞു.
'ശരിയായ ഫിനിഷര്‍മാര്‍ക്ക് 16-20 ഓവറുകള്‍ക്കിടെ കളിക്കണമെന്നില്ല. 8, 9 ഓവറില്‍ നിന്ന് തുടങ്ങി 60 റണ്‍സൊക്കെ നേടുന്ന താരമാണ് ഫിനിഷര്‍. ശരിക്കും ഫിനിഷര്‍ റോളിന് പകരം ഇന്നിംഗ്‌സ് അവസാനിപ്പിക്കുക മാത്രമാണ് ഡികെയുടെ ചുമതല' എന്നും കെ ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു. 2004ല്‍ ഇന്ത്യക്കായി അരങ്ങേറിയ ഡികെ വരുന്ന ടി20 ലോകകപ്പിലും കളിക്കും എന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. തന്‍റെ ലക്ഷ്യം ലോകകപ്പാണെന്ന് ഡികെ നേരത്തെ വ്യക്തമാക്കുകയും ചെയ്തിരുന്നു. 2007ല്‍ പ്രഥമ ടി20 ലോകകപ്പും 2013ല്‍ ചാമ്പ്യന്‍സ് ട്രോഫിയും നേടിയ ടീമില്‍ ദിനേശ് കാര്‍ത്തിക് അംഗമായിരുന്നു.
നിലവില്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരായ ടി20 പരമ്പരയില്‍ കളിച്ചുകൊണ്ടിരിക്കുകയാണ് ദിനേശ് കാര്‍ത്തിക്. ഇന്നലെ നടന്ന മൂന്നാം ടി20യില്‍ ഏഴ് വിക്കറ്റിന് വിജയിച്ച് ഇന്ത്യ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 2-1ന് മുന്നിലെത്തി. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് കെയ്ല്‍ മയേഴ്‌സിന്‍റെ(73) അര്‍ധ സെഞ്ചുറിയുടെ മികവില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ 19 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം മറികടന്നു. 44 പന്തില്‍ 76 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. എട്ട് ഫോറും നാല് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു സൂര്യകുമാറിന്റെ ഇന്നിംഗ്‌സ്. ശ്രേയസ് അയ്യര്‍ 24ഉം റിഷഭ് പന്ത് 33* ഉം റണ്‍സെടുത്തു. 11 റണ്‍സുമായി രോഹിത് ശര്‍മ്മ പരിക്കേറ്റ് പിന്‍മാറി.
