റാഞ്ചി: കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ബോളിവുഡ് സിനിമാതാരം സുശാന്ത് സിംഗ് രജ്പുതുമായിട്ട് ഏറെ ആത്മബന്ധം പുലര്‍ത്തിയ ക്രിക്കറ്ററായിരുന്നു ധോണി. ധോണിയുടെ ജീവിതം ആധാരമാക്കിയെടുത്ത എംഎസ് ധോണി: ദി അണ്‍ടോള്‍ഡ് സ്റ്റോറി എന്ന സിനിമയിലെ നായകന്‍ സുശാന്തായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട് പലപ്പോഴും ധോണിയുമായി സംസാരിക്കുകയും അടുത്ത് ഇടപഴകുകയും ചെയ്തിരുന്നു ധോണി.

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു പ്രതികരണവും ധോണി നടത്തിയിരുന്നില്ല. എന്നാലിപ്പോള്‍ ധോണിക്കുണ്ടായ മനോവിഷമത്തെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹത്തിന്റെ മാനേജര്‍ അരുണ്‍ പാണ്ഡെ. ചിത്രത്തിന്റെ നിര്‍മാതാവ് കൂടെയായിരുന്നു അരുണ്‍. വാര്‍ത്തയറിഞ്ഞ ധോണിയുടെ മാനസികാവസ്ഥയെ കുറിച്ച് സംസാരിക്കുകയാണ് പാണ്ഡെ.

സുശാന്തിന്റെ മരണ വാര്‍ത്ത ധോണിയെ നിശബ്ദനാക്കിയെന്നാണ് അരുണ്‍ പറയുന്നത്. ''സുശാന്തിന്റെ മരണവാര്‍ത്ത ധോണിയെ സ്തബ്ധനാക്കുകയായിരുന്നു. അദ്ദേഹത്തിന് പ്രതികരിക്കാന്‍ പോലും ആകുന്നില്ല. വാക്കുകള്‍ കിട്ടാത്ത അവസ്ഥ. എന്താണ് സംഭവിച്ചതെന്ന് വിശ്വസിക്കാന്‍ പോലുമാകുന്നില്ല. ധാണിക്കു മാത്രമല്ല തനിക്കും ഇതേക്കുറിച്ച് എന്തു പ്രതികരിക്കണമെന്നറിയില്ല.'' ദേശീയ മാധ്യമത്തോട് അരുണ്‍ പ്രതികരിച്ചു. 

സിനിമയുമായി ബന്ധപ്പെട്ട് 15 ദിവസം സുശാന്ത് ധോണിയുടെ കൂടെയായിരുന്നു. പിന്നീട് സിനിമയുടെ പ്രമോഷന്‍ പരിപാടികളില്‍ സുശാന്ത് ധോണിക്കൊപ്പമുണ്ടായിരുന്നു. മുന്‍ ക്രിക്കറ്റര്‍ കിരണ്‍ മോറെയക്ക്ക്കു കീഴിലായിരുന്നു സുശാന്ത് പരിശീലനം നടത്തിയത്.