ബര്‍മിംഗ്‌ഹാം: ആഷസ് ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് തകര്‍ച്ചയോടെ തുടക്കം. ഇംഗ്ലണ്ടിനെതിരെ 17 റണ്‍സെടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടമായി. ഇംഗ്ലീഷ് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ് ആഞ്ഞടിച്ചപ്പോള്‍ ഓപ്പണര്‍മാരായ കാമറൂണ്‍ ബന്‍ക്രോഫ്റ്റും ഡേവിഡ് വാര്‍ണറും മടങ്ങി. രണ്ട് റണ്‍സെടുത്ത വാര്‍ണറെ എല്‍ബിയില്‍ കുടുക്കിയപ്പോള്‍ എട്ട് റണ്‍സെടുത്ത ബന്‍ക്രോഫ്റ്റിനെ റൂട്ടിന്‍റെ കൈകളിലെത്തിക്കുകയായിരുന്നു.

14 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 35-2 എന്ന സ്‌കോറിലാണ് ഓസ്‌ട്രേലിയ. ഇസ്‌മാന്‍ ഖവാജയും(13) സ്റ്റീവ് സ്‌മിത്തുമാണ്(9) ക്രീസില്‍. 

ടോസ് നേടിയ ഓസീസ് നായകന്‍ ടിം പെയ്ന്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ലോകകപ്പ് ഹീറോ ജോഫ്ര ആര്‍ച്ചര്‍ ഇല്ലാതെയാണ് ഇംഗ്ലണ്ട് ഇറങ്ങിയത്. പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് പുറത്തായിരുന്ന സ്റ്റീവ് സ്‌മിത്ത്, ഡേവിഡ് വാര്‍ണര്‍, കാമറൂണ്‍ ബന്‍ക്രോഫ്റ്റ് എന്നിവര്‍ വിലക്കിന് ശേഷം ആദ്യമായിട്ടാണ് ടെസ്റ്റ് കളിക്കുന്നത്.