ബര്‍മിംഗ്‌ഹാം: ആഷസ് ഒന്നാം ടെസ്റ്റില്‍ സ്റ്റീവ് സ്‌മിത്തിന്‍റെ തകര്‍പ്പന്‍ സെഞ്ചുറി പിറന്ന ആദ്യ ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയ 284 റണ്‍സില്‍ പുറത്ത്. അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ സ്റ്റുവര്‍ട്ട് ബ്രോഡും മൂന്ന് വിക്കറ്റ് നേടിയ ക്രിസ് വോക്‌സുമാണ് ഓസീസിനെ 80.4 ഓവറില്‍ ചുരുട്ടിക്കെട്ടിയത്. എന്നാല്‍ 219 പന്തില്‍ 144 റണ്‍സുമായി 24-ാം ടെസ്റ്റ് സെഞ്ചുറിയും പന്ത് ചുരണ്ടല്‍ വിലക്കിന് ശേഷമുള്ള ടെസ്റ്റ് മടങ്ങിവരവും ആഘോഷമാക്കിയ സ്റ്റീവ് സ്‌മിത്ത് ആദ്യദിനം ആഷസിനെ സമ്പന്നമാക്കി. 

ടോസ് നേടി ബാറ്റിംഗാരംഭിച്ച ഓസീസിന് ബ്രോഡ് ചുഴലിക്കാറ്റിന് മുന്നില്‍ തുടക്കം പാളി. വെറും 17 റണ്‍സെടുക്കുന്നതിനിടെ ഓപ്പണര്‍മാരെ നഷ്ടമായി. പന്ത് ചുരണ്ടല്‍ വിവാദത്തിന് ശേഷമുള്ള ടെസ്റ്റ് മടങ്ങിവരവില്‍ കാമറൂണ്‍ ബന്‍ക്രോഫ്റ്റും(8) ഡേവിഡ് വാര്‍ണറും(2) അതിവേഗം മടങ്ങി. ഉസ്‌മാന്‍ ഖവാജ നേടിയത് 13 റണ്‍സ്. സ്‌മിത്തിനൊപ്പം രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ച ട്രാവിസ് ഹെഡിനെ 35ല്‍ നില്‍ക്കേ വോക്‌‌സ് പുറത്താക്കിയതോടെ ഓസീസ് പ്രതിരോധം പാളി. 

മാത്യൂ വെയ്‌ഡ്(1), ടിം പെയ്‌ന്‍(5), ജെയിംസ് പാറ്റിന്‍സണ്‍(0), പാറ്റ് കമ്മിന്‍സ്(5) എന്നിങ്ങനെയാണ് പിന്നീട് വന്നവരുടെ സ്‌കോര്‍. ഒന്‍പതാം വിക്കറ്റില്‍ സ്‌മിത്തിനൊപ്പം പീറ്റര്‍ സിഡിലിന്‍റെ ചെറുത്തുനില്‍പ്പ് നിര്‍ണായകമായി. 85 പന്തില്‍ 44 റണ്‍സെടുത്ത സിഡിലിനെ മൊയിന്‍ അലി പുറത്താക്കിയതോടെ ഓസീസിന് വീണ്ടും പാളി. തകര്‍പ്പന്‍ ഇന്നിംഗ‌ിനൊടുവില്‍ 144ല്‍ നില്‍ക്കേ സ്‌മിത്തിനെ പുറത്താക്കി ബ്രോഡ് അഞ്ച് വിക്കറ്റ് തികച്ചതോടെ ഓസീസ് ഇന്നിംഗ്‌സ് അവസാനിച്ചു. ലിയോണ്‍ 12 റണ്‍സ് നേടി.

 

ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 10 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്. റോറി ബേണ്‍സും(4), ജാസന്‍ റോയ്‌യും(6) ആണ് ക്രീസില്‍. ഓസീസ് സ്‌കോറിനൊപ്പമെത്താന്‍ ഇംഗ്ലണ്ടിന് 274 റണ്‍സ് കൂടി വേണം.