എഡ്ജ്ബാസ്റ്റണ്‍: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സ് ലീഡിലേക്ക്. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 284 റണ്‍സിന് മറുപടിയായി ഇംഗ്ലണ്ട് രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 267 റണ്‍സെടുത്തിട്ടുണ്ട്.  125 റണ്‍സുമായി ഓപ്പണര്‍ റോറി ബേണ്‍സും 38 റണ്‍സുമായി ബെന്‍ സ്റ്റോക്സും ക്രീസില്‍. ആറു വിക്കറ്റ് ശേഷിക്കെ ഓസീസിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറിന് 17 റണ്‍സ് മാത്രം പുറകിലാണ് ഇംഗ്ലണ്ട് ഇപ്പോള്‍.

വിക്കറ്റ് നഷ്ടമില്ലാതെ 10 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ക്രീസിലെത്തിയ ഇംഗ്ലണ്ടിന് ടീം സ്കോര്‍ 22ല്‍ എത്തിയപ്പോഴെക്കും ആദ്യ വിക്കറ്റ് നഷ്ടമായി.12 റണ്‍സെടുത്ത ജേസണ്‍ റോയിയുടെ വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. പാറ്റിന്‍സണാണ് ജേസണ്‍ റോയിയുടെ വിക്കറ്റെടുത്തത്.

എന്നാല്‍ രണ്ടാം വിക്കറ്റില്‍ ജോ റൂട്ടുമൊത്ത്(57) ബേണ്‍സ് ഇംഗ്ലണ്ടിന് മികച്ച അടിത്തറയിട്ടു. സ്കോര്‍ 154ല്‍ നില്‍ക്കെ റൂട്ട് വീണെങ്കിലും ജോ ഡെന്‍ലിയ(18) കൂട്ടുപിടിച്ച് ബേണ്‍സ് ഇംഗ്ലണ്ട് സ്കോര്‍ മുന്നോട്ട് നീക്കി. ഡെന്‍ലിയെയും ബട്‌ലറെയും(5) മടക്കി ഓസീസ് തിരിച്ചുവരവിന്റെ സൂചന നല്‍കിയെങ്കിലും ബെന്‍ സ്റ്റോക്സ് ആ പ്രീതക്ഷകള്‍ തകര്‍ത്തു. ഓസീസിനായി പാറ്റിന്‍സണ്‍ രണ്ട് വിക്കറ്റെടുത്തപ്പോള്‍ സിഡിലും കമിന്‍സും ഓരോ വിക്കറ്റ് വീഴ്ത്തി.