ബര്‍മിംഗ്‌ഹാം: എഡ്‌ജ്ബാസ്റ്റണിനെ പ്രകമ്പനം കൊള്ളിച്ച് ഗാലറിയില്‍ ഇംഗ്ലീഷ് കാണികളുടെ കൂവിവിളി. ഗാലറിയില്‍ പ്ലാക്കാര്‍ഡു പോലെ ഉയര്‍ത്തിപ്പിടിച്ച സാന്‍ഡ് പേപ്പറുകള്‍. രണ്ട് പ്രകോപനങ്ങള്‍ക്കും 'ക്ലാസ്' കൊണ്ട് തകര്‍പ്പന്‍ മറുപടി കൊടുക്കുകയായിരുന്നു ഓസീസ് മുന്‍ നായകന്‍ സ്റ്റീവ് സ്‌മിത്ത്. പന്ത് ചുരണ്ടല്‍ വിവാദത്തിന് ശേഷം രാജകീയ ഇന്നിംഗ്‌സിലൂടെ ഗംഭീര ടെസ്റ്റ് തിരിച്ചുവരവ്. ക്രിക്കറ്റ് ലോകത്തിന് സ്‌മിത്തിന്‍റെ 'ബര്‍മിംഗ്‌ഹാം ക്ലാസ്' കണ്ട് കയ്യടിക്കാതെ തരമില്ലായിരുന്നു. 

ടെസ്റ്റ് മടങ്ങിവരവ് ആഘോഷമാക്കിയ സ്‌മിത്ത് 184 പന്തില്‍ 24-ാം ടെസ്റ്റ് ശതകത്തിലെത്തി. ആഷസ് ചരിത്രത്തില്‍ സ്‌മിത്തിന്‍റെ ഒന്‍പതാം സെഞ്ചുറിയാണിത്. ഡോണ്‍ ബ്രാഡ്‌മാന്‍(19), ജാക്ക് ഹോബ്‌സ്(12), സ്റ്റീവ് വോ(10) എന്നിവരാണ് സ്‌മിത്തിന് മുന്നിലുള്ളത്. 17 റണ്‍സില്‍ രണ്ടും 122 റണ്‍സില്‍ എട്ട് വിക്കറ്റും നഷ്ടമായ ഓസീസിനെ 200 കടത്തിയത് സ്മിത്തിന്‍റെ ക്ലാസ് ഇന്നിംഗ്‌സാണ്.