Asianet News MalayalamAsianet News Malayalam

Usman Khawaja: അടുത്ത ടെസ്റ്റില്‍ ടീമില്‍ സ്ഥാനം ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്ന് ഉസ്മാന്‍ ഖവാജ

മധ്യനിര ബാറ്റര്‍ ട്രാവിസ് ഹെഡ്ഡിന്(Travids Head) കൊവിഡ് ബാധിച്ചതിനാല്‍ മാത്രമാണ് സിഡ്നി ടെസ്റ്റില്‍ ഖവാജക്ക് ടീമില്‍ ഇടം ലഭിച്ചത്. കൊവിഡില്‍ നിന്ന് മുക്തനായി ഹെഡ്ഡ് തിരിച്ചെത്തുമ്പോള്‍ ആരെ കളിപ്പിക്കുമെന്ന ആശയക്കുഴപ്പത്തിലാണ് ഓസ്ട്രേലിയന്‍ ടീം മാനേജ്മെന്‍റ്.

Ashes 2021-2022: I'm not really expecting to play the next test match, says Usman Khawaja
Author
Sydney NSW, First Published Jan 8, 2022, 5:42 PM IST

സിഡ്നി: രണ്ട് വര്‍ഷത്തിനുശേഷം ടെസ്റ്റ് ടീമിലേക്കുള്ള തിരിച്ചുവരവ് രണ്ട് ഇന്നിംഗ്സിലും സെഞ്ചുറി നേടിക്കൊണ്ട് ആഘോഷിച്ചെങ്കിലും ഹൊബാര്‍ട്ടില്‍ നടക്കുന്ന ആഷസ് പരമ്പരയിലെ(Ashes 2021-2022) അവസാന ടെസ്റ്റില്‍ പ്ലേയിംഗ് ഇലവനില്‍ സ്ഥാനം ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്ന് ഓസ്ട്രേലിയന്‍ ബാറ്റര്‍ ഉസ്മാന്‍ ഖവാജ(Usman Khawaja). ഇംഗ്ലണ്ടിനെതിരായ സിഡ്നി ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്സില്‍ 137 റണ്‍സുമായി തിളങ്ങിയ 35കാരനായ ഖവാജ രണ്ടാം ഇന്നിംഗ്സില്‍ 101 റണ്‍സെടുത്ത് പുറത്താകാതെ നിന്നിരുന്നു. 2019ലെ ആഷസ് പരമ്പരയിലാണ് ഇതിന് മുമ്പ് ഖവാജ അവസാനമായി ഓസീസിനുവേണ്ടി ബാറ്റ് ചെയ്തത്.

മധ്യനിര ബാറ്റര്‍ ട്രാവിസ് ഹെഡ്ഡിന്(Travids Head) കൊവിഡ് ബാധിച്ചതിനാല്‍ മാത്രമാണ് സിഡ്നി ടെസ്റ്റില്‍ ഖവാജക്ക് ടീമില്‍ ഇടം ലഭിച്ചത്. കൊവിഡില്‍ നിന്ന് മുക്തനായി ഹെഡ്ഡ് തിരിച്ചെത്തുമ്പോള്‍ ആരെ കളിപ്പിക്കുമെന്ന ആശയക്കുഴപ്പത്തിലാണ് ഓസ്ട്രേലിയന്‍ ടീം മാനേജ്മെന്‍റ്. ആദ്യ മൂന്ന് ടെസ്റ്റിലും ഹെഡ് ഓസിസിനായി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് അടുത്ത ടെസ്റ്റില്‍ ടീമില്‍ സ്ഥാനം ലഭിക്കുമെന്ന് ഉറപ്പില്ലെന്ന ഖവാജയുടെ പ്രസ്താവന.

ഈ നിമിഷത്തില്‍ അടുത്ത ടെസ്റ്റില്‍ എനിക്ക് പ്ലേയിംഗ് ഇലവനില്‍ അവസരമുണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല. പക്ഷെ എന്തൊക്കെ സംഭവിച്ചാലും അതെല്ലാം നേരിടാന്‍ ഞാന്‍ ഒരുക്കമാണ്. ആര്‍ക്കറിയാം, ഇനി ആര്‍ക്കാണ് കൊവിഡ് പിടിപെടുക, അതുപോലെ എന്തെങ്കിലും സംഭവിച്ചാല്‍ തയാറായി ഇരിക്കേണ്ടതുണ്ട്- സിഡ്നി ടെസ്റ്റിലെ നാലാം ദിനത്തിലെ കളിക്കുശേഷം ഖവാജ പറഞ്ഞു.

ടീം സെലക്ഷനിലെ സ്ഥിരത ഏതൊരു ക്രിക്കറ്ററും ആഗ്രഹിക്കുന്നതാണെങ്കിലും ടീമിലെ തന്‍റെ സ്ഥാനം സംബന്ധിച്ച് സെലക്ടര്‍മാരുമായി വിശദമായി സംരിച്ചിട്ടുണ്ടെന്നും അവര്‍ എല്ലാം സുതാര്യമായിതന്നെ വ്യക്തമാക്കിത്തന്നിട്ടുണ്ടെന്നും ഖവാജ പറഞ്ഞു. ഒരിക്കല്‍ തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാല്‍ ടീമില്‍ കുറച്ചുകാലത്തേക്ക് എങ്കിലും അഴസരം ലഭിക്കേണ്ടതാണ്. കാരണം, അത്രമാത്രം കഠിനാധ്വാനം ചെയ്തിട്ടാണ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. പക്ഷെ എന്‍റെ കാര്യത്തില്‍ തെരഞ്ഞെടുക്കുക ഒഴിവാക്കുക, വീണ്ടും തെരഞ്ഞെടുക്കുക, ഒഴിവാക്കുക എന്നത് ശീലമായിപ്പോയി-ഖവാജ പറഞ്ഞു.

അതേസമയം, സിഡ്നി ടെസ്റ്റില്‍ പരാജയം ഒഴിവാക്കാന്‍ അവസാന ദിവസം ഇംഗ്ലണ്ട് വിയര്‍പ്പൊഴുക്കേണ്ടിവരും. വിജയലക്ഷ്യമായ 388 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് നാലാം ദിനം വിക്കറ്റ് നഷ്ടമില്ലാതെ 30 റണ്‍സെന്ന നിലയിലാണ് ക്രീസ് വിട്ടത്. അവസാന ദിവസം 358 റണ്‍സ് കൂടി വേണം ജയത്തിലേക്ക്. സിഡ്നിയില്‍ നാലാം ഇന്നിംഗ്സിലെ ഏറ്റവും വലിയ റണ്‍ ചേസ് ആകട്ടെ 2006ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ പോണ്ടിംഗിന്‍റെ ഓസ്ട്രേലിയ 288 റണ്‍സ് പിന്തുടര്‍ന്ന് നേടിയതാണ്.

Follow Us:
Download App:
  • android
  • ios