Asianet News MalayalamAsianet News Malayalam

Ashes 2021-2022: ഷാംപെയ്ന്‍ പൊട്ടിക്കാന്‍ വരട്ടെ, ആഷസ് ജയിച്ചശേഷം സഹതാരത്തിനായി ആഘോഷം നീട്ടിവെച്ച് കമിന്‍സ്

ആഷസ് കിരീടവുമായി കമിന്‍സ് വേദിയില്‍ നില്‍ക്കെ സഹതാരങ്ങളെല്ലാം ഷാംപെയ്ന്‍ കുപ്പികള്‍ പൊട്ടിക്കാനൊരുങ്ങി നില്‍ക്കുകയായിരുന്നു. ഈ സമയത്താണ് സഹതാരമായ ഖവാജ മദ്യക്കുപ്പി പൊട്ടിച്ചുള്ള ആഘോഷത്തില്‍ നിന്ന് മാറി ദൂരെ നില്‍ക്കുന്നത് കമിന്‍സിന്‍റെ ശ്രദ്ധയില്‍പ്പെട്ടത്.

Ashes 2021-2022: Pat Cummins gesture towards Usman Khawaja wins hearts
Author
Hobart TAS, First Published Jan 17, 2022, 5:45 PM IST

ഹൊബാര്‍ട്ട്: ആഷസ് പരമ്പരയില്‍(Ashes 2021-2022) ഹൊബാര്‍ട്ടില്‍ നടന്ന അഞ്ചാം ടെസ്റ്റിലും ജയിച്ച് പരമ്പര 4-0ന് സ്വന്തമാക്കിയതിന് പിന്നാലെ സഹതാരത്തെ വിജയാഘോഷത്തില്‍ പങ്കെടുപ്പിക്കാനായി ഷാംപെയ്ന്‍ പൊട്ടിച്ചുള്ള ആഘോഷം നീട്ടിവെച്ച ഓസ്ട്രേലിയന്‍ നായകന്‍ പാറ്റ് കമിന്‍സിന്‍റെ(Pat Cummins) നടപടിക്ക് കൈയടിച്ച് ആരാധകര്‍. ഓസ്ട്രേലിയന്‍ ടീമിലെ ഒരേയൊരു ഇസ്ലാം മതവിശ്വാസിയായ ഉസ്മാന്‍ ഖവാജക്ക്( Usman Khawaja) കൂടി വിജയാഘോഷങ്ങളില്‍ പങ്കാളിയാവുന്നതിനുവേണ്ടിാണ് ഷാംപെയ്ന്‍ പൊട്ടിച്ചുള്ള പതിവ്  വിജയാഘോഷം കുറച്ചുനേരത്തേക്ക് വൈകിപ്പിക്കാന്‍ കമിന്‍സ് സഹതാരങ്ങളോട് ആവശ്യപ്പെട്ടത്. ഇതിന്‍റെ വീഡിയോ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു.

ആഷസ് കിരീടവുമായി കമിന്‍സ് വേദിയില്‍ നില്‍ക്കെ സഹതാരങ്ങളെല്ലാം ഷാംപെയ്ന്‍ കുപ്പികള്‍ പൊട്ടിക്കാനൊരുങ്ങി നില്‍ക്കുകയായിരുന്നു. ഈ സമയത്താണ് സഹതാരമായ ഖവാജ മദ്യക്കുപ്പി പൊട്ടിച്ചുള്ള ആഘോഷത്തില്‍ നിന്ന് മാറി ദൂരെ നില്‍ക്കുന്നത് കമിന്‍സിന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. സഹതാരങ്ങളോട് ഷാംപെയ്ന്‍ കുപ്പി പൊട്ടിക്കുന്നത് കുറച്ചുനേരത്തേക്ക് മാറ്റിവെക്കാന്‍ ആവശ്യപ്പെട്ട കമിന്‍സ് ഖവാജയെ വേദിയിലേക്ക് ക്ഷണിച്ചു.

തന്‍റെ അടുത്തിരുത്തി വിജയാഘോഷം നടത്തി ചിത്രങ്ങളുമെടുത്തശേഷം മടക്കി അയച്ചു. ഖവാജ വേദി വിട്ടിറങ്ങിയശേഷം മാത്രമാണ് ഓസീസ് താരങ്ങള്‍ ഷാംപെയ്ന്‍ കുപ്പി പൊട്ടിച്ചത്. ഇസ്ലാം മതവിശ്വാസിയായി ഖവാജക്ക് മദ്യവുമായി ബന്ധപ്പെട്ട് നടക്കുന്ന ചടങ്ങുകളില്‍ പങ്കെടുക്കാന്‍ മതപരമായ വിശ്വാസത്തിന്‍റെ പേരില്‍ തടസമുണ്ടാകും. ഇക്കാര്യം മനസിലാക്കിയാണ് താന്‍ ഖവാജയെ അദ്ദേഹത്തിന് മേല്‍ ഷാംപെയ്ന്‍ തെറിക്കില്ലെന്ന് ഉറപ്പാക്കി വേദിയിലേക്ക് ക്ഷണിച്ചതെന്ന് കമിന്‍സ് പറഞ്ഞു.

കമിന്‍സിന്‍റെ നടപടിയെ ആരാധകര്‍ കൈയടിയോടെയാണ് വരവേറ്റത്. സമൂഹമാധ്യമങ്ങളിലും സഹതാരത്തോടുള്ള കമിന്‍സിന്‍റെ നടപടിക്ക് വന്‍ സ്വാീകര്യതയാണ് ലഭിച്ചത്. ഒരു നല്ല നായകന്‍ ടീമിലെ എല്ലാവരെയും ഒറുപോലെ കാണുന്നവനായിരിക്കുമെന്നും പാക്കിസ്ഥാന്‍ മുന്‍ പേസര്‍ ഉമര്‍ ഗുല്‍ പ്രതികരിച്ചു.

ട്രാവിസ് ഹെഡ്ഡിന് പരിക്കേറ്റതോടെയാണ് അവസാന രണ്ട് ടെസ്റ്റിനുള്ള ടീമിലേക്ക് 35കാരനായ ഖവാജയെ ഉള്‍പ്പെടുത്തിയത്. നാലാം ടെസ്റ്റിന്‍റെ രണ്ട് ഇന്നിംഗ്സിലും സെഞ്ചുറി നേടി തിരിച്ചുവരവ് അതിംഗംഭീരമാക്കിയ ഖവാജക്ക് ഹൊബാര്‍ട്ടില്‍ നടന്ന അഞ്ചാം ടെസ്റ്റില്‍ ഓപ്പണറായാണ് ഇറങ്ങിയത്. എന്നാല്‍ രണ്ട് ഇന്നിംഗ്സിലും കാര്യമായി സ്കോര്‍ ചെയ്യാനായിരുന്നില്ല.

Follow Us:
Download App:
  • android
  • ios