സ്റ്റോക്സും ബെയര്‍സ്റ്റോയും കളിക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെങ്കിലും വിരലിന് ഗുരുതര പരിക്കുള്ള ബട്‌ലര്‍ നാട്ടിലേക്ക് തിരിച്ചുപോകുകയാണെന്ന് റൂട്ട് സ്ഥിരീകരിച്ചു.

സിഡ്നി: ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റില്‍(Ashes 2021-2022) സിഡ്നിയില്‍ വിരോചിത സമനില പൊരുതി നേടി പരമ്പര തൂത്തുവാരാമെന്ന ഓസീസ് മോഹങ്ങള്‍ക്ക് തടയിട്ടെങ്കിലും ഇംഗ്ലണ്ടിന് തിരിച്ചടിയായി സൂപ്പര്‍ താരങ്ങളുടെ പരിക്ക്. നാലാം ടെസ്റ്റിനിടെ വിരലിന് പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോസ് ബട്‌ലര്‍(Jos Buttler) ഹൊബാര്‍ട്ടില്‍ നടക്കുന്ന പരമ്പരയിലെ അവസാന ടെസ്റ്റില്‍ കളിക്കില്ലെന്ന് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്(Joe Root) വ്യക്തമാക്കി.

ബട്‌ലര്‍ക്ക് പുറമെ പരിക്കുള്ള ബെന്‍ സ്റ്റോക്സും(Ben Stokes) തള്ളവിരലിന് പരിക്കേറ്റ ജോണി ബെയര്‍സ്റ്റോയും(Jonny Bairstow) അവസാന ടെസ്റ്റില്‍ കളിക്കുന്ന കാര്യം സംശയമാണ്. സ്റ്റോക്സും ബെയര്‍സ്റ്റോയും കളിക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെങ്കിലും വിരലിന് ഗുരുതര പരിക്കുള്ള ബട്‌ലര്‍ നാട്ടിലേക്ക് തിരിച്ചുപോകുകയാണെന്ന് റൂട്ട് സ്ഥിരീകരിച്ചു. എന്നാല്‍ സ്റ്റോക്സും ബെയര്‍സ്റ്റോയും ടീമിനൊപ്പം ഹൊബാര്‍ട്ടിലേക്ക് പോകുമെന്ന് ഇംഗ്ലണ്ട് ടീം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

പരിക്കേറ്റെങ്കിലും നാലാം ടെസ്റ്റിന്‍റെ രണ്ട് ഇന്നിംഗ്സിലും ബട്‌ലര്‍ ഇംഗ്ലണ്ടിനായി ബാറ്റ് ചെയ്തിരുന്നു. ആഷസ് പരമ്പരയിലെ ആദ്യ മൂന്ന് ടെസ്റ്റുകള്‍ തോറ്റ് ആഷസ് അടിയറവെച്ചെങ്കിലും നാലാം ടെസ്റ്റില്‍ നേടിയ സമനില ഇംഗ്ലണ്ടിന്‍റെ ആത്മവിശ്വാസം ഉയര്‍ത്തുമെന്ന് കരുതിയിരിക്കെയാണ് പരിക്കേറ്റ് നിര്‍ണായക താരങ്ങള്‍ പുറത്തുപോവുന്നത്.

സിഡ്നി ടെസ്റ്റില്‍ സ്റ്റോക്സ് രണ്ട് ഇന്നിംഗ്സിലും അര്‍ധസെഞ്ചുറി നേടി തിളങ്ങിയിരുന്നു. ജോണി ബെയര്‍സ്റ്റോ ആകട്ടെ ഇംഗ്ലണ്ടിനായി ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറിയും രണ്ടാം ഇന്നിംഗ്സില്‍ 41 റണ്‍സും നേടി. ആദ്യ ഇന്നിംഗ്സില്‍ പൂജ്യത്തിന് പുറത്തായ ബട്‌ലര്‍ക്ക് രണ്ടാം ഇന്നിംഗ്സില്‍ 11 റണ്‍സ് മാത്രമാണ് നേടാനായത്. ഈ മാസം 14 മുതലാണ് പരമ്പരയിലെ അവസാന ടെസ്റ്റ് തുടങ്ങുക.