സിഡ്നി ടെസ്റ്റിന് മുമ്പ് കോവിഡ് ബാധിച്ച ട്രാവിസ് ഹെഡ്ഡിന് പകരക്കാരനായാണ് ഖവാജ ഓസ്ട്രേലിയന്‍ മധ്യനിരയില്‍ ഇടം നേടിയത്. ഹെഡ് തിരിച്ചെത്തുന്നതോടെ ഖവാജ പുറത്തിരിക്കേണ്ടിവരുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഹൊബാര്‍ട്ട്: ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള ആഷസ് പരമ്പരയിലെ (Ashes 2021-2022)അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് വെള്ളിയാഴ്ച ഹൊബാര്‍ട്ടില്‍ തുടക്കമാവും. സിഡ്നി ടെസ്റ്റിന്‍റെ രണ്ട് ഇന്നിംഗ്സിലും സെഞ്ചുറിയുമായി തിളങ്ങിയ ഉസ്മാന്‍ ഖവാജയെ(Usman Khawaja) ഓസീസ് അന്തിമ ഇലവനില്‍ നിലനിര്‍ത്തിയപ്പോള്‍ ഓപ്പണര്‍ മാര്‍ക്കസ് ഹാരിസിനെ(Marcus Harris) ഒഴിവാക്കി.

സിഡ്നി ടെസ്റ്റിന് മുമ്പ് കോവിഡ് ബാധിച്ച ട്രാവിസ് ഹെഡ്ഡിന് പകരക്കാരനായാണ് ഖവാജ ഓസ്ട്രേലിയന്‍ മധ്യനിരയില്‍ ഇടം നേടിയത്. ഹെഡ് തിരിച്ചെത്തുന്നതോടെ ഖവാജ പുറത്തിരിക്കേണ്ടിവരുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ടെസ്റ്റിന്‍റെ രണ്ട് ഇന്നിംഗ്സിലും സെഞ്ചുറി നേടിയ ബാറ്ററെ പുറത്തിരുന്നതിലെ അനൗചിത്യം കണക്കിലെടുത്ത ഓസീസ് സെലക്ടര്‍മാര്‍ ഫോമിലല്ലാത്ത ഓപ്പണര്‍ മാര്‍ക്കസ് ഹാരിസിനെ ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഇതോടെ അഞ്ചാം ടെസ്റ്റില്‍ ഡേവിഡ് വാര്‍ണര്‍ക്കൊക്കം ഖവാജ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാനെത്തും. മെല്‍ബണ്‍ ടെസ്റ്റില്‍ ഹാരിസ് 76 റണ്‍സടിച്ചിരുന്നുവെങ്കിലും പരമ്പരയിലാകകെ 29.83 ശരാശരിയില്‍ 179 റണ്‍സ് മാത്രമാണ് നേടിയത്. അതേസമയം, ഹൊബാര്‍ട്ട് ടെസ്റ്റിലെ ബൗളിംഗ് ലൈനപ്പിനെക്കുറിച്ച് ഓസീസ് ഇനിയും തീരുമാനമെടുത്തിട്ടില്ല.

ജോഷ് ഹേസല്‍വുഡ് പരിക്കേറ്റ് പുറത്തായതിനുശേഷം പകരമെത്തിയ സ്കോട് ബൊളാന്‍ഡിനും പരിക്കേറ്റതാണ് ഓസീസിനെ വലക്കുന്നത്. ബൊളാണ്ടിന് വെള്ളിയാഴ്ച കളിക്കാനായില്ലെങ്കില്‍ അഡ്‌ലെയ്ഡ് ടെസ്റ്റില്‍ അഞ്ച് വിക്കറ്റുമായി തിളങ്ങിയ ജെ റിച്ചാര്‍ഡ്സണ്‍ സ്റ്റാര്‍ക്കിനും കമിന്‍സിനുമൊപ്പം പന്തെറിയാനെത്തും.

അഞ്ച് മത്സര പരമ്പരയിലെ ആദ്യ മൂന്ന് ടെസ്റ്റും ജയിച്ച് ഓസീസ് 3-0ന് പരമ്പര സ്വന്തമാക്കിയിരുന്നു. നാലാം ടെസ്റ്റില്‍ വാലറ്റക്കാരുടെ മികവില്‍ ഇംഗ്ലണ്ട് സമനില പിടിക്കുകയായിരുന്നു.