സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിനെ അഞ്ച് റണ്‍സെടുത്ത് നില്‍ക്കേ മാര്‍നസ് ലബുഷെയ്‌ന്‍റെ കൈകളിലെത്തിച്ചാണ് കമ്മിന്‍സ് തുടങ്ങിയത്

ബ്രിസ്‌ബേന്‍: ടെസ്റ്റ് ക്യാപ്റ്റനായുള്ള അരങ്ങേറ്റ ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റ് പ്രകടനവുമായി അതിശയിപ്പിച്ച് ഓസ്‌ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സ് (Pat Cummins). ഗാബയിലെ ആഷസ് ഒന്നാം ടെസ്റ്റില്‍ (Australia vs England 1st Test) ഓസ്‌ട്രേലിയന്‍ ബൗളിംഗ് ആക്രമണം നയിച്ച നായകന്‍ ആദ്യ ഇന്നിംഗ്‌സില്‍ 13.1 ഓവറില്‍ വെറും 38 റണ്‍സ് വിട്ടുകൊടുത്ത് ഇംഗ്ലണ്ടിന്‍റെ അഞ്ച് വിക്കറ്റ് വീഴ്‌ത്തി. ഇതോടെ ഇംഗ്ലണ്ട് 147 റണ്‍സില്‍ പുറത്തായി. കമ്മിന്‍സ് മൂന്ന് മെയ്‌ഡന്‍ ഓവറുകള്‍ എറിഞ്ഞു.

'കിംഗ് ബെന്‍' ആദ്യ ഇര

ഗാബയിലെ ആദ്യ ഇന്നിംഗ്‌സില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനെ തുടക്കത്തില്‍ വിറപ്പിച്ചത് പേസര്‍മാരായ മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹേസല്‍വുഡുമായിരുന്നു. ഇന്നിംഗ്‌സിലെ ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ റോറി ബേണ്‍സിനെ സ്റ്റാര്‍ക്ക് ബൗള്‍ഡാക്കി. എന്നാല്‍ ഇംഗ്ലണ്ടിന്‍റെ മൂന്ന് വിക്കറ്റുകള്‍ ഇരുവരും പങ്കിട്ടെടുത്തതിന് പിന്നാലെ കളിയുടെ നിയന്ത്രണം ഓസീസ് ക്യാപ്റ്റന്‍ ഏറ്റെടുത്തു. ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിനെ അഞ്ച് റണ്‍സെടുത്ത് നില്‍ക്കേ മാര്‍നസ് ലബുഷെയ്‌ന്‍റെ കൈകളിലെത്തിച്ചാണ് കമ്മിന്‍സ് തുടങ്ങിയത്. പിന്നാലെ ഹസീബ് ഹമീദ്(25), ക്രിസ് വോക്‌സ്(21), ഓലി റോബിന്‍സണ്‍(0), മാര്‍ക്ക് വുഡ്(8) എന്നിവരെ മടക്കി കമ്മിന്‍സ് അഞ്ച് വിക്കറ്റ് തികച്ചു. 

ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സിന്‍റെ അഞ്ച് വിക്കറ്റ് പ്രകടനത്തിന് മുന്നില്‍ ഗാബയില്‍ ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്‌സ് 50.1 ഓവറില്‍ 147 റണ്‍സില്‍ അവസാനിച്ചു. കമ്മിന്‍സിന്‍റെ അഞ്ചിന് പുറമെ മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹേസല്‍വുഡും രണ്ട് വീതവും കാമറോണ്‍ ഗ്രീന്‍ ഒന്നും വിക്കറ്റ് നേടി. ഗ്രീനിന്‍റെ കന്നി ടെസ്റ്റ് വിക്കറ്റാണിത്. 

Scroll to load tweet…

ഇംഗ്ലണ്ട് നിരയില്‍ 39 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ ജോസ് ബട്ട്‌ലറാണ് ടോപ് സ്‌കോറര്‍. ഓലി പോപ് 35നും ഹസീബ് ഹമീദ് 25നും ക്രിസ് വോക്‌സ് 21നും പുറത്തായി. ഓപ്പണര്‍ റോറി ബേണ്‍സ്, നായകന്‍ ജോ റൂട്ട്, വാലറ്റക്കാരന്‍ ഓലി റോബിന്‍സണ്‍ എന്നിവര്‍ അക്കൗണ്ട് തുറന്നില്ല. ഡേവിഡ് മലാന്‍(6), ബെന്‍ സ്റ്റോക്‌സ്(5), മാര്‍ക്ക് വുഡ്(8), ജാക്ക് ലീച്ച്(2) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്‌കോര്‍. 

കാണാം കമ്മിന്‍സിന്‍റെ അഞ്ച് വിക്കറ്റ് പ്രകടനം