സിഡ്‌നിയില്‍ പിങ്ക് ഡേ ടെസ്റ്റില്‍ ഒന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ മൂന്നിന് 126 എന്ന നിലയിലാണ് ഓസീസ്. സ്റ്റീവന്‍ സ്മിത്ത് (6), ഉസ്മാന്‍ ഖവാജ (4) എന്നിവരാണ് ക്രീസില്‍.

സിഡ്‌നി: ആഷസ് പരമ്പരയിലെ (Ashes) നാലാം ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് (Australia) പതിഞ്ഞ തുടക്കം. മഴ കാരണം വൈകി തുടങ്ങിയ മത്സരത്തില്‍ ആതിഥേയരുടെ മൂന്ന് വിക്കറ്റുകല്‍ വീഴ്ത്താന്‍ ഇംഗ്ലണ്ട് (England) ബൗളര്‍മാര്‍ക്കായി. സിഡ്‌നിയില്‍ പിങ്ക് ഡേ ടെസ്റ്റില്‍ ഒന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ മൂന്നിന് 126 എന്ന നിലയിലാണ് ഓസീസ്. സ്റ്റീവന്‍ സ്മിത്ത് (6), ഉസ്മാന്‍ ഖവാജ (4) എന്നിവരാണ് ക്രീസില്‍.

ഡേവിഡ് വാര്‍ണര്‍ (30), മാര്‍കസ് ഹാരിസ് (38), മര്‍നസ് ലബുഷെയന്‍ (28) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. സ്റ്റുവര്‍ട്ട് ബ്രോഡ്, ജയിംസ് ആന്‍ഡേഴ്‌സണ്‍, മാര്‍ക്ക് വുഡ് എന്നിവര്‍ വിക്കറ്റ് പങ്കിട്ടു. ഓപ്പണിംഗ് വിക്കറ്റില്‍ 51 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് വാര്‍ണര്‍ മടങ്ങിയത്. സ്റ്റുവര്‍ട്ട് ബ്രോഡിന്റെ പന്തില്‍ സാക് ക്രൗളിക്ക് ക്യാച്ച്. ടെസ്റ്റില്‍ 13-ാം തവണയാണ് ബ്രോഡ് വാര്‍ണറെ പുറത്താ്ക്കുന്നത്. 

മൂന്നാമനായി ക്രീസിലെത്തിയ ലബുഷെയ്ന്‍ അല്‍പനേരം ക്രീസില്‍ ഉറച്ചുനിന്നു. ഹാരിസിനൊപ്പം 60 റണ്‍സിന്റെ കൂട്ടുകെട്ടുമുണ്ടാക്കി. എന്നാല്‍ ആന്‍ഡേഴ്‌സണ്‍ ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നല്‍കി. ഹാരിസിനെ താരം ജോ റൂട്ടിന്റെ കൈകളിലെത്തിച്ചു. സ്‌കോര്‍ ബോര്‍ഡില്‍ ആറ് റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഫോമിലുള്ള ലബുഷെയ്ന്‍ തിരിച്ച് പവലിയനിലെത്തി. വുഡിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ക്ക് ക്യാച്ച് നല്‍കിയാണ് ലബുഷെയ്ന്‍ മടങ്ങിയത്.

അവസാന ഓവറുകളില്‍ സ്മിത്തും- ഖവാജയും പ്രതിരോധം കടുപ്പിച്ച് ഒന്നാംദിനം കൂടുതല്‍ നഷ്ടങ്ങളില്ലാതെ സംരക്ഷിച്ച് നിര്‍ത്തി. നേരത്തെ, ഒല്ലി റോബിന്‍സണ്‍ പകരമാണ് ഇംഗ്ലണ്ട് ബ്രോഡിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ഓസീസ് ടീമില്‍ ട്രാവിസ് ഹെഡ്ഡിന് പകരം ഖവാജയും ടീമിലെത്തി. ആദ്യ മൂന്ന് ടെസ്റ്റുകളും ജയിച്ച ഓസീസ് പരമ്പര സ്വന്തമാക്കിയിരുന്നു.