തന്‍റെ കനത്ത നിരാശ പ്രകടിപ്പിച്ചാണ് ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയത്. എന്നാല്‍ പോകുംവഴി ഒരു കുഞ്ഞ് ആരാധകനെ സന്തോഷിപ്പിച്ചു ഓസീസ് സൂപ്പര്‍ താരം. 

അഡ്‌ലെയ്‌ഡ്: ആഷസ് ക്രിക്കറ്റ് പരമ്പരയില്‍ (Ashes 2021-22) തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡ‍േവിഡ് വാര്‍ണര്‍ (David Warner) സെഞ്ചുറിക്കരികെ കാലിടറി വീണു. ഗാബയിലെ ആദ്യ ടെസ്റ്റില്‍ 94ല്‍ പുറത്തായ താരം അഡ്‌ലെയ്‌ഡിലെ പകല്‍-രാത്രി മത്സരത്തില്‍ (Day/night cricket) 95ല്‍ പുറത്താവുകയായിരുന്നു. സെഞ്ചുറി നഷ്‌ടത്തില്‍ തന്‍റെ കനത്ത നിരാശ പ്രകടിപ്പിച്ചാണ് ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയതെങ്കിലും പോകുംവഴി ഒരു കുഞ്ഞ് ആരാധകന് സന്തോഷം സമ്മാനിച്ചു വാര്‍ണര്‍. 

167 പന്തില്‍ 95 റണ്‍സുമായി മടങ്ങുമ്പോള്‍ ഗാലറിയിലുണ്ടായിരുന്ന കുട്ടി ആരാധകന് തന്‍റെ ഗ്ലൗസ് സമ്മാനമായി നല്‍കുകയായിരുന്നു ഓസീസ് സ്റ്റാര്‍ ഓപ്പണര്‍. വാര്‍ണറുടെ അപ്രതീക്ഷിത സമ്മാനത്തില്‍ ഈ ആരാധകന് സന്തോഷമടക്കാനായില്ല. കൂടെയുണ്ടായിരുന്ന മറ്റ് കുട്ടികള്‍ക്ക് കൊടുക്കാതെ വാര്‍ണറുടെ ഗ്ലൗസ് നെഞ്ചോട് ചേര്‍ത്ത് അടക്കിപ്പിടിക്കുന്നത് സ്റ്റേഡിയത്തിലെ ദൃശ്യങ്ങളില്‍ കാണാനായി. എങ്കിലും എല്ലാ കുട്ടി ആരാധകരും വാര്‍ണറുടെ സമ്മാനം ആഘോഷമാക്കി. 

കഴിഞ്ഞ മത്സരത്തില്‍ കൈവിട്ട സെഞ്ചുറിയിലേക്ക് നടന്നടുക്കുന്നു എന്ന് തോന്നിച്ച നിമിഷത്തില്‍ ബെന്‍ സ്റ്റോക്‌സിനെതിരെ ഷോട്ട്പിച്ച് പന്തില്‍ അലക്ഷ്യമായി കട്ട് ഷോട്ട് കളിച്ച് പുറത്താവുകയായിരുന്നു ഡേവിഡ് വാര്‍ണര്‍. സ്റ്റുവര്‍ട്ട് ബ്രോഡ് ക്യാച്ചെടുക്കുകയായിരുന്നു. ടീം സ്‌കോര്‍ നാലില്‍ നില്‍ക്കേ ഓപ്പണര്‍ മാര്‍ക്കസ് ഹാരിസിനെ നഷ്‌ടമായ ഓസീസിനെ രണ്ടാം വിക്കറ്റില്‍ മാര്‍നസ് ലബുഷെയ്‌നൊപ്പം കരകയറ്റിയത് വാര്‍ണറാണ്. വാര്‍ണറുടെ ഇന്നിംഗ്‌സില്‍ 11 ബൗണ്ടറികളുണ്ടായിരുന്നു. 

Scroll to load tweet…

ഇരുവരും രണ്ടാം വിക്കറ്റില്‍ 172 റണ്‍സിന്‍റെ കൂട്ടുകെട്ട് സ്ഥാപിച്ചു. ഓസീസ് ഇന്നിംഗ്‌സിലെ എട്ടാം ഓവറില്‍ ആരംഭിച്ച വാര്‍ണര്‍-ലബുഷെയ്‌ന്‍ സഖ്യത്തിന്‍റെ പോരാട്ടം 65-ാം ഓവര്‍ വരെ നീണ്ടുനിന്നു. ആദ്യദിനം സ്റ്റംപെടുക്കുമ്പോള്‍ രണ്ട് വിക്കറ്റിന് 221 എന്ന നിലയിലാണ് ഓസീസ്. 95 റണ്‍സെടുത്ത ലബുഷെയ്‌നൊപ്പം 18 റണ്‍സുമായി നായകന്‍ സ്റ്റീവ് സ്‌മിത്താണ് ക്രീസില്‍. 

Australia vs England : വാര്‍ണര്‍ക്ക് വീണ്ടും സെഞ്ചുറി നഷ്‌ടം, കീഴടങ്ങാതെ ലബുഷെയ്‌ന്‍; ആദ്യദിനം ഓസീസിന്