തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും വാര്‍ണര്‍ തൊണ്ണൂറുകളില്‍ പുറത്തായപ്പോള്‍ ലബുഷെയ്‌നൊപ്പം സ്റ്റീവ് സ്‌മിത്താണ് ക്രീസില്‍

അഡ്‌ലെയ്‌ഡ്: അഡ്‌ലെയ്‌ഡില്‍ പകലും രാത്രിയുമായി നടക്കുന്ന ആഷസ് (Ashes 2021-22) രണ്ടാം ടെസ്റ്റില്‍ (Australia vs England 2nd Test) ആദ്യദിനം സ്വന്തമാക്കി ഓസ്‌ട്രേലിയ. ഒന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഡേവിഡ് വാര്‍ണര്‍ (David Warner), മാര്‍നസ് ലബുഷെയ്‌ന്‍(Marnus Labuschagne) കൂട്ടുകെട്ടിന്‍റെ മനക്കരുത്തില്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 221 റണ്‍സ് എന്ന നിലയിലാണ് ആതിഥേയര്‍. തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും വാര്‍ണര്‍ തൊണ്ണൂറുകളില്‍ പുറത്തായപ്പോള്‍ ലബുഷെയ്‌നൊപ്പം(95*), സ്റ്റീവ് സ്‌മിത്താണ്(18*) ക്രീസില്‍. 

അഡ്‌ലെയ്‌ഡില്‍ ടോസ് നേടിയ ഓസീസ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കൊവിഡ് സമ്പര്‍ക്കത്തിലായ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന് പകരം സ്റ്റീവ് സ്‌മിത്താണ് ഓസീസിനെ നയിക്കുന്നത്. പന്ത് ചുരണ്ടല്‍ വിവാദത്തിന് ശേഷം ക്യാപ്റ്റന്‍സിയിലേക്ക് സ്‌മിത്തിന്‍റെ മടങ്ങിവരവാണിത്. മൈക്കല്‍ നെസറാണ് കമ്മിന്‍സിന്‍റെ പകരക്കാരന്‍. ഇംഗ്ലീഷ് ടീമില്‍ രണ്ട് മാറ്റങ്ങളുണ്ട്. സീനിയര്‍ താരങ്ങളായ സ്റ്റുവര്‍ട്ട് ബ്രോഡ്, ജയിംസ് ആന്‍ഡേഴ്‌സണ്‍ എന്നിവര്‍ തിരിച്ചെത്തിയപ്പോള്‍ മാര്‍ക് വുഡ്, ജാക്ക് ലീച്ച് എന്നിവര്‍ പുറത്തായി. സ്‌പിന്നര്‍മാരില്ലാതെയാണ് ഇംഗ്ലണ്ട് ഇറങ്ങിയത്.

ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസീസിനെ ആദ്യ ഓവറുകളില്‍ കാര്യമായ റണ്‍ വഴങ്ങാതെ ജിമ്മി ആന്‍ഡേഴ്‌സണും സ്റ്റുവര്‍ട്ട് ബ്രോഡും വിറപ്പിച്ചു. ഇതിനിടെ ടീം സ്‌കോര്‍ നാലില്‍ നില്‍ക്കേ ഓപ്പണര്‍ മാര്‍ക്കസ് ഹാരിസിനെ(3) ബ്രോഡിന്‍റെ പന്തില്‍ സൂപ്പര്‍മാന്‍ ക്യാച്ചില്‍ ജോസ് ബട്ട്‌ലര്‍ മടക്കി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ 172 റണ്‍സിന്‍റെ കൂട്ടുകെട്ടുമായി ഡേവിഡ് വാര്‍ണറും മാര്‍നസ് ലബുഷെയ്‌നും ഓസീസ് ഇന്നിംഗ്‌സിന് അടിത്തറ പാകി.

അര്‍ധ സെഞ്ചുറിക്ക് പിന്നാലെ സ്‌കോറിംഗ് വേഗം കൂട്ടിയ വാര്‍ണര്‍ എന്നാല്‍ തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും തൊണ്ണൂറുകളില്‍ വീണു. 167 പന്തില്‍ 965 റണ്‍സെടുത്ത വാര്‍ണര്‍, സ്റ്റോക്‌സിന്‍റെ പന്തില്‍ ബ്രോഡിന്‍റെ കയ്യില്‍ കുടുങ്ങി. ആദ്യ ടെസ്റ്റില്‍ വാര്‍ണര്‍ 94ല്‍ പുറത്തായിരുന്നു. നാലാമനായെത്തിയ നായകന്‍ സ്റ്റീവ് സ്‌മിത്തിനെ കൂട്ടുപിടിച്ച് ആദ്യദിനം സുരക്ഷിതമായി ലബുഷെയ്‌ന്‍ അവസാനിപ്പിച്ചു. ടെസ്റ്റ് കരിയറിലെ 12-ാം അര്‍ധ ശതകം കണ്ടെത്തിയ ലബുഷെയ്‌ന്‍ 275 പന്തില്‍ 95 റണ്‍സുമായും സ്‌മിത്ത് 71 പന്തില്‍ 18 റണ്‍സുമായുമാണ് പുറത്താകാതെ നില്‍ക്കുന്നത്. 

Australia vs England : ശരവേഗം 2000 റണ്‍സ് ക്ലബില്‍; ഇതിഹാസങ്ങളുടെ തൊട്ടരികില്‍ മാര്‍നസ് ലബുഷെയ്‌ന്‍