വിസ്‌മയ ക്യാച്ചിന്‍റെ ചൂടാറും മുമ്പ് നിസ്സാര ക്യാച്ച് നിലത്തിട്ട് ബട്ട്‌ലര്‍ സ്വയം കലമുടച്ചു
അഡ്‌ലെയ്‌ഡ്: ആഷസ് (Ashes 2021-22) രണ്ടാം ടെസ്റ്റിന്‍റെ (Australia vs England 2nd Test) ആദ്യദിനത്തെ ഹൈലൈറ്റ്‌സുകളിലൊന്ന് ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ ജോസ് ബട്ട്‌ലറുടെ (Jos Buttler) സൂപ്പര്‍മാന്‍ ക്യാച്ചായിരുന്നു. സ്റ്റുവര്‍ട്ട് ബ്രോഡിന്‍റെ പന്തില്‍ ഓസീസ് ഓപ്പണര്‍ മാര്‍ക്കസ് ഹാരിസിനെ (Marcus Harris) പുറത്താക്കാനാണ് വിക്കറ്റിന് പിന്നില്‍ ബട്ട്‌ലര്‍ പാറിപ്പറന്നത്. എന്നാല്‍ വിസ്‌മയ ക്യാച്ചിന്‍റെ ചൂടാറും മുമ്പ് നിസ്സാര ക്യാച്ച് നിലത്തിട്ട് ബട്ട്‌ലര്‍ സ്വയം കലമുടച്ചു.
ഒന്നല്ല, രണ്ട് കൈപ്പിഴ
ആദ്യദിനം ഓസീസ് മേധാവിത്വത്തോടെ അവസാനിച്ചപ്പോള്‍ അവസാന സെഷനില്‍ വ്യക്തിഗത സ്‌കോര്‍ 95ല്‍ നില്‍ക്കേ സ്റ്റാര്‍ ബാറ്റ്സ്‌മാന്‍ മാര്‍നസ് ലബുഷെയ്‌ന്‍റെ അനായാസ ക്യാച്ച് നിലത്തിടുകയായിരുന്നു ജോസ് ബട്ട്‌ലര്‍. ജിമ്മി ആന്‍ഡേഴ്‌സന്‍റെ പന്തിലായിരുന്നു ബട്ട്‌ലറിന്‍റെ മണ്ടത്തരം. മത്സരത്തില്‍ ഒന്നല്ല, രണ്ട് തവണയാണ് ലബുഷെയ്‌ന് ബട്ട്‌ലര്‍ ലൈഫ് നല്‍കിയത്. നേരത്തെ 21 റണ്‍സെടുത്ത് നില്‍ക്കേ ബെന്‍ സ്റ്റോക്‌സിന്‍റെ ബൗണ്‍സറിലും ലബുഷെയ്‌നെ ബട്ട്‌ലര്‍ കൈവിട്ടിരുന്നു. രണ്ട് തവണ ജീവന്‍ വീണുകിട്ടിയ ലബുഷെയ്‌ന്‍ എങ്ങനെ അവസരം മുതലെടുക്കുമെന്ന് നാളെ അറിയാം.
ഓസീസ് സുരക്ഷിതം
ആദ്യദിനം രണ്ട് വിക്കറ്റിന് 221 റണ്‍സ് എന്ന നിലയില്‍ സുരക്ഷിതമായി ഓസ്‌ട്രേലിയ അവസാനിപ്പിച്ചു. 95 റണ്‍സെടുത്ത ലബുഷെയ്‌നൊപ്പം 18 റണ്‍സുമായി നായകന്‍ സ്റ്റീവ് സ്‌മിത്താണ് ക്രീസില്‍. മാര്‍ക്കസ് ഹാരിസ്(3), ഡേവിഡ് വാര്‍ണര്‍(95) എന്നിവരുടെ വിക്കറ്റാണ് ഓസീസിന് നഷ്‌ടമായത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് വാര്‍ണര്‍ക്ക് സെഞ്ചുറിക്കരികെ കാലിടറിയത്. ഗാബയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ താരം 94ല്‍ പുറത്തായിരുന്നു.
ടീം സ്‌കോര്‍ നാലില്‍ നില്‍ക്കേ ഹാരിസിനെ നഷ്‌ടമായ ഓസീസിനെ വാര്‍ണര്‍-ലബുഷെയ്‌ന്‍ സഖ്യം രണ്ടാം വിക്കറ്റില്‍ 172 റണ്‍സിന്‍റെ കൂട്ടുകെട്ടുമായി കരകയറ്റുകയായിരുന്നു. ഓസീസ് ഇന്നിംഗ്‌സിലെ എട്ടാം ഓവറില്‍ ആരംഭിച്ച ഈ പോരാട്ടം 65-ാം ഓവര്‍ വരെ നീണ്ടുനിന്നു. വാര്‍ണറെ പുറത്താക്കി ബെന്‍ സ്റ്റോക്‌സ് കൂട്ടുകെട്ട് പൊളിക്കുകയായിരുന്നു. സ്റ്റുവര്‍ട്ട് ബ്രോഡിനാണ് ക്യാച്ച്.
