39കാരനായ ജിമ്മി  ആന്‍ഡേഴ്‌സണ് പരിക്ക് പറ്റാതിരിക്കാന്‍ കരുതല്‍ സ്വീകരിക്കുകയാണ് ഇംഗ്ലീഷ് ബോര്‍ഡ്

ബ്രിസ്‌ബേന്‍: ഗാബയില്‍ ഓസ്‌ട്രേലിയക്കെതിരെ നാളെ ആരംഭിക്കുന്ന ആദ്യ ആഷസ് ടെസ്റ്റില്‍ (Australia vs England 1st Test at Gabba) ഇംഗ്ലീഷ് ഇതിഹാസ പേസര്‍ ജയിംസ് ആന്‍ഡേഴ്‌സണ്‍ (James Anderson) കളിക്കില്ല. 39കാരനായ താരത്തിന്‍റെ ജോലിഭാരം കുറയ്‌ക്കാനാണ് വിശ്രമം എന്ന് ക്രിക്‌ബസ് റിപ്പോര്‍ട്ട് ചെയ്‌തു. അഡ്‌ലെയ്‌ഡില്‍ നടക്കുന്ന രണ്ടാം പിങ്ക് ബോള്‍ ടെസ്റ്റിനായി തയ്യാറെടുക്കാന്‍ വേണ്ടിയാണ് ജിമ്മിക്ക് വിശ്രമം. ക്രിസ് വോക്‌സ് (Chris Woakes) ആയിരിക്കും ആന്‍‌ഡേഴ്‌സണ് പകരം ഗാബ ടെസ്റ്റിൽ സ്റ്റുവര്‍ട്ട് ബ്രോഡിനൊപ്പം (Stuart Broad) പേസാക്രമണം നയിക്കുക. 

'ജിമ്മി കളിക്കാന്‍ പൂര്‍ണ ആരോഗ്യവാനാണ്. അദേഹത്തിന് പരിക്കുകളൊന്നുമില്ല. ആറ് ആഴ്‌ചയ്‌ക്കിടെ അഞ്ച് ടെസ്റ്റുകള്‍ കളിക്കേണ്ടതിനാല്‍ അഡ്‌ലെയ്‌ഡില്‍ നടക്കുന്ന രണ്ടാം മത്സരത്തിനായി തയ്യാറെടുക്കാനാണ് ജിമ്മിക്ക് വിശ്രമം അനുവദിച്ചത്' എന്നും ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

മുപ്പത്തിയൊമ്പതുകാരനായ ജിമ്മി ആന്‍ഡേഴ്‌സണ് പരിക്ക് പറ്റാതിരിക്കാന്‍ കരുതല്‍ സ്വീകരിക്കുകയാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ്. 2019ലെ ആഷസില്‍ എഡ്‌ജ്‌ബാസ്റ്റണില്‍ നടന്ന ആദ്യ ടെസ്റ്റില്‍ നാല് ഓവര്‍ മാത്രമെറിഞ്ഞ ശേഷം പരിക്കേറ്റ് പരമ്പരയില്‍ നിന്ന് ജിമ്മി പുറത്തായിരുന്നു. ഇന്നലെ നെറ്റ്‌സില്‍ പന്തെറിഞ്ഞ ആന്‍ഡേഴ്‌സണ്‍ ഇന്നും പരിശീലനം നടത്തും. പ്ലേയിംഗ് ഇലവനിലില്ലെങ്കിലും ടീമിനൊപ്പം ജിമ്മി തുടരും. 

ടെസ്റ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ പേസറാണ് ജിമ്മി ആന്‍‌ഡേഴ്‌സണ്‍. ടെസ്റ്റിൽ 166 മത്സരങ്ങളില്‍ 632 വിക്കറ്റുകൾ വീഴ്ത്തി. ഓസ്‌‌ട്രേലിയയില്‍ 35.43 ശരാശരിയില്‍ 60 വിക്കറ്റാണ് സമ്പാദ്യം. ഓസ്‌ട്രേലിയയില്‍ 2010-11 പര്യടനത്തില്‍ ഇംഗ്ലണ്ടിന്‍റെ അവസാന പരമ്പര ജയത്തില്‍ 24 വിക്കറ്റുകളുമായി ജിമ്മി നിര്‍ണായകമായിരുന്നു. 2017-18 പര്യടനത്തില്‍ ഇംഗ്ലണ്ടിന്‍റെ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനുമായി. 17 വിക്കറ്റാണ് അന്ന് വീഴ്‌ത്തിയത്. 

IND vs SA : ദക്ഷിണാഫ്രിക്കക്കെതിരെ അശ്വിനെ പുറത്തിരുത്തിയാലും അത്ഭുതപ്പെടാനില്ലെന്ന് മുന്‍ ഇംഗ്ലീഷ് പേസര്‍