ഓസീസിന്‍റെ ആദ്യ ഇന്നിംഗ്‌സ് 25 ഓവറുകള്‍ പൂര്‍ത്തിയാകുമ്പോള്‍ 89-4 എന്ന നിലയിലാണ് ടീം സ്കോര്‍

ഹെഡിംഗ്‌ലെ: ആഷസ് ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്‌സില്‍ ഓസീസിന് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് 85 റണ്‍സിനിടെ ഓസീസിന്‍റെ നാല് വിക്കറ്റ് വിക്കറ്റ് പിഴുതു. 5 പന്തില്‍ 4 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണറെ ഇന്നിംഗ്‌സിലെ അഞ്ചാം പന്തില്‍ സ്റ്റുവര്‍ട്ട് ബ്രോഡും 37 പന്തില്‍ 13 നേടിയ ഉസ്‌മാന്‍ ഖജാവയെ മാര്‍ക്ക് വുഡും 58 പന്തില്‍ 21 സ്വന്തമാക്കിയ മാര്‍നസ് ലബുഷെയ്‌നെ ക്രിസ് വോക്‌സും 31 പന്തില്‍ 22 നേടിയ സ്റ്റീവ് സ്‌മിത്തിനെ ബ്രോഡും പുറത്താക്കി. നൂറാം ടെസ്റ്റ് കളിക്കുന്ന സ്റ്റീവ് സ്‌മിത്തിന്‍റെ ക്യാച്ച് ജോണി ബെയ്‌ര്‍സ്റ്റോ ഇടയ്‌ക്ക് കൈവിട്ടെങ്കിലും താരത്തിന് അത് മുതലാക്കാനായില്ല. 

ഓസീസിന്‍റെ ആദ്യ ഇന്നിംഗ്‌സ് 25 ഓവറുകള്‍ പൂര്‍ത്തിയാകുമ്പോള്‍ 89-4 എന്ന നിലയിലാണ് ടീം സ്കോര്‍. ട്രാവിഡ് ഹെഡിനൊപ്പം മിച്ചല്‍ മാര്‍ഷാണ് ക്രീസില്‍. സ്റ്റുവര്‍ട്ട് ബ്രോഡ‍ിന്‍റെ പന്തില്‍ പുറത്താവുന്ന ബാറ്റര്‍ എന്ന പതിവ് ഇക്കുറിയും ഡേവിഡ‍് വാര്‍ണറെ വിട്ടുമാറിയില്ല. ടെസ്റ്റ് കരിയറില്‍ 16-ാം വട്ടവും ഇംഗ്ലീഷ് സ്റ്റാര്‍ പേസറുടെ പന്തില്‍ പുറത്തായിരിക്കുകയാണ് വാര്‍ണര്‍. ഇതേസമയം കരിയറിലെ നൂറാം ടെസ്റ്റിനിറങ്ങിയ സ്റ്റീവ് സ്‌മിത്തിനും ആദ്യ ഇന്നിംഗ്‌സ് കനത്ത നിരാശയായി മാറി. ബ്രോ‍ഡിന്‍റെ പന്തില്‍ ഇന്‍സൈഡ് എഡ്‌ജായാണ് സ്‌മിത്ത് മടങ്ങിയത്. 

പ്ലേയിംഗ് ഇലവനുകള്‍

ഇംഗ്ലണ്ട്: സാക്ക് ക്രൗലി, ബെന്‍ ഡക്കെറ്റ്, ഹാരി ബ്രൂക്ക്, ജോ റൂട്ട്, ജോണി ബെയ്‌ര്‍സ്റ്റോ(വിക്കറ്റ് കീപ്പര്‍), ബെന്‍ സ്റ്റോക്‌സ്(ക്യാപ്റ്റന്‍), മൊയീന്‍ അലി, ക്രിസ് വോക്‌സ്, മാര്‍ക്ക് വുഡ്, ഓലീ റോബിന്‍സണ്‍, സ്റ്റുവര്‍ട്ട് ബ്രോഡ്. 

ഓസ്‌ട്രേലിയ: ഡേവിഡ് വാര്‍ണര്‍, ഉസ്‌മാന്‍ ഖവാജ, മാര്‍നസ് ലബുഷെയ്‌ന്‍, സ്റ്റീവന്‍ സ്‌മിത്ത്, ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, അലക്‌സ് ക്യാരി(വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ്(ക്യാപ്റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, ടോഡ് മര്‍ഫി, സ്കോട്ട് ബോളണ്ട്. 

Read more: ബ്രോഡ് പേടി മാറാതെ ഡേവിഡ് വാര്‍ണര്‍; വീണ്ടും പുറത്തായി നാണക്കേടിന്‍റെ റെക്കോര്‍ഡില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാംAsianet News Live | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് |Kerala Live TV News