ടെസ്റ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ ഒരു ബാറ്ററെ പുറത്തായിട്ടുള്ള ബൗളര്‍ ഓസീസ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്താണ്

ഹെഡിംഗ്‌ലെ: ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ സ്റ്റുവര്‍ട്ട് ബ്രോ‍ഡ് പേടി അവസാനിക്കുന്നില്ല. ടെസ്റ്റ് കരിയറില്‍ 16-ാം വട്ടവും ഇംഗ്ലീഷ് സ്റ്റാര്‍ പേസറുടെ പന്തില്‍ പുറത്തായിരിക്കുകയാണ് വാര്‍ണര്‍. ഹെഡിംഗ്‌ലെയില്‍ തുടങ്ങിയ ആഷസ് മൂന്നാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്‌സിലെ അഞ്ചാം പന്തിലാണ് വാര്‍ണര്‍ ഒരിക്കല്‍ക്കൂടി ബ്രോഡിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങിയത്. ഇതോടെ ബ്രോഡ് ഒരു തകര്‍പ്പന്‍ റെക്കോര്‍ഡിന് ഒപ്പമെത്തുകയും ചെയ്തു. അതേസമയം ആക്‌ടീവ് ക്രിക്കറ്റര്‍മാരില്‍ ഒരു ബൗളര്‍ക്ക് മുന്നില്‍ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ തവണ പുറത്തായ ബാറ്ററെന്ന നാണക്കേട് വാര്‍ണറുടെ പേരിലാണ്. 

ടെസ്റ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ ഒരു ബാറ്ററെ പുറത്തായിട്ടുള്ള ബൗളര്‍ ഓസീസ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്താണ്. ഇംഗ്ലണ്ടിന്‍റെ മൈക്കല്‍ അതേര്‍ട്ടന് 19 തവണയാണ് മഗ്രാ മടക്ക ടിക്കറ്റ് നല്‍കിയിട്ടുള്ളത്. ഓസീസ് മുന്‍ താരം ആര്‍തര്‍ മോറിസിനെ 18 വട്ടം പുറത്താക്കിയ ഇംഗ്ലണ്ടിന്‍റെ അലക് ബെഡ്‌സറാണ് രണ്ടാമത്. മൈക്കല്‍ അതേര്‍ട്ടനെ 17 തവണ വീതം പുറത്താക്കി വിന്‍ഡീസ് ഇതിഹാസങ്ങളായ കോര്‍ട്‌ലി ആംബ്രോസും കോർട്ണി വാല്‍ഷും തൊട്ടുപിന്നില്‍ നില്‍ക്കുന്നു. ഇംഗ്ലണ്ട് ഇതിഹാസം ഗ്രഹാം ഗൂച്ചിനെ 16 തവണ പുറത്താക്കിയ വിന്‍ഡീസ് ഇതിഹാസ പേസര്‍ മാല്‍ക്കം മാര്‍ഷിന്‍റെ റെക്കോര്‍ഡിന് ഒപ്പമാണ് ലീഡ‌്‌സിലെ വിക്കറ്റോടെ ബ്രോഡ് ഇടംപിടിച്ചത്. ഗൂച്ചിനെ മാര്‍ഷലും വാര്‍ണറെ ബ്രോഡും 16 തവണയാണ് ടെസ്റ്റില്‍ പറഞ്ഞയച്ചത്. 

Scroll to load tweet…

കഴിഞ്ഞ ആഷസ് പരമ്പരയിലടക്കം സ്റ്റുവര്‍ട്ട് ബ്രോഡിന്‍റെ സ്ഥിരം ഇരയായിരുന്നു ഡേവിഡ് വാര്‍ണര്‍. ആദ്യ രണ്ട് ടെസ്റ്റുകളും ജയിച്ചതിന്‍റെ ആത്മവിശ്വാസത്തില്‍ ഹെഡിംഗ്‌ലെയിലെ ലീഡ്‌സില്‍ കളിക്കാനിറങ്ങിയ ഓസ്ട്രേലിയക്ക് ഇന്നിംഗ്‌സിലെ അഞ്ചാം പന്തില്‍ ഡേവിഡ് വാര്‍ണറുടെ വിക്കറ്റ് നഷ്‌ടമാവുകയായിരുന്നു. 5 പന്ത് നേരിട്ട വാര്‍ണര്‍ ഒരു ബൗണ്ടറി നേടിയപ്പോള്‍ ബ്രോഡിന്‍റെ പന്തില്‍ ഔട്ട്‌സൈഡ് എഡ്‌ജായി സ്ലിപ്പില്‍ സാക്ക് ക്രൗലിയുടെ കൈകളില്‍ എത്തുകയായിരുന്നു. ഈ ആഷസ് പരമ്പരയിലെ അഞ്ച് ഇന്നിംഗ്‌സുകളില്‍ 140 റണ്‍സ് മാത്രമാണ് ഡേവിഡ് വാര്‍ണര്‍ക്ക് നേടാനായിട്ടുള്ളത്. 

Read more: ഇതാണ് മാസ് തിരിച്ചുവരവ്; സ‌ഞ്ജു സാംസണ്‍ മടങ്ങിയെത്തിയത് ആറ് താരങ്ങളെ പിന്നിലാക്കി!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാംAsianet News Live | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് |Kerala Live TV News