പരമ്പരയ്‌ക്കുള്ള 15 അംഗ സ്‌ക്വാഡില്‍ നിന്ന് രോഹിത് ശര്‍മ്മയെയും വിരാട് കോലിയേയും ഒഴിവാക്കിയപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിലനിര്‍ത്തിയിരുന്നു

മുംബൈ: അജിത് അഗാര്‍ക്കര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ സെലക്‌ടറായി എത്തിയത് തന്നെ മലയാളി താരം സഞ്ജു സാംസണിന് സന്തോഷ വാര്‍ത്തയുമായാണ്. ഏകദിനത്തിന് പിന്നാലെ വെസ്റ്റ് ഇന്‍ഡീസിന് എതിരായ ട്വന്‍റി 20 പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡിലും സഞ്ജുവിന് അവസരം നല്‍കുകയായിരുന്നു. ഭാവി ഇന്ത്യന്‍ ടീമിനെ തയ്യാറാക്കാന്‍ യുവതാരങ്ങള്‍ക്ക് നിര്‍ണായക അവസരങ്ങള്‍ നല്‍കിയുള്ള ടീമിലേക്ക് സഞ്ജു എത്തിയത് ആറ് താരങ്ങളെ മറികടന്നാണ് എന്നതാണ് ഏറ്റവും ശ്രദ്ധേയം. 

വെസ്റ്റ് ഇന്‍ഡീസിനെതിരെ അഞ്ച് ട്വന്‍റി 20കളാണ് ഇന്ത്യന്‍ ടീം കളിക്കുക. പരമ്പരയ്‌ക്കുള്ള 15 അംഗ സ്‌ക്വാഡില്‍ നിന്ന് രോഹിത് ശര്‍മ്മയെയും വിരാട് കോലിയേയും ഒഴിവാക്കിയപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിലനിര്‍ത്തി. ഐപിഎല്ലില്‍ തിളങ്ങിയ രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍, മുംബൈ ഇന്ത്യന്‍സിന്‍റെ ബാറ്റര്‍ തിലക് വര്‍മ്മ എന്നിവര്‍ ടീമിലെത്തിയപ്പോള്‍ പേസര്‍ ആവേശ് ഖാന്‍റെ മടങ്ങിവരവും ശ്രദ്ധേയമാണ്. ന്യൂസിലന്‍ഡിനെതിരായ പരമ്പര വിവാഹത്തെ തുടര്‍ന്ന് നഷ്‌ടമായ അക്‌സര്‍ പട്ടേലും, സ്‌പിന്നര്‍ രവി ബിഷ‌ണോയിയും മടങ്ങിയെത്തിയപ്പോള്‍ സഞ്ജു സാംസണിന് അഗാര്‍ക്കര്‍ അവസരം നല്‍കിയതും എടുത്തുപറയേണ്ടതാണ്. 

രാഹുല്‍ ത്രിപാഠി, ദീപക് ഹൂഡ, പൃഥ്വി ഷാ, ജിതേഷ് ശര്‍മ്മ, വാഷിംഗ്‌ടണ്‍ സുന്ദര്‍, ശിവം മാവി എന്നിവര്‍ തഴയപ്പെട്ടപ്പോഴാണ് സഞ്ജു സാംസണിന് ടി20യില്‍ വീണ്ടും അവസരം ലഭിച്ചത്. ഇവരില്‍ സുന്ദറും മാവിയും ഒഴികെയുള്ളവര്‍ ബാറ്റര്‍മാരാണ്. ത്രിപാഠിക്കും ഹൂഡയ്‌ക്കും ഫോമില്ലായ്‌മ തിരിച്ചടിയായി. പരിക്കില്‍ നിന്നുള്ള മടങ്ങിവരവാണ് സുന്ദറിന് തിരിച്ചടിയായത്. മാവിക്കും അടുത്ത കാലത്ത് മികവിലേക്ക് ഉയരാനായിരുന്നില്ല. പൃഥ്വി ഷായുടെ സ്ഥിരതയില്ലായ്‌മ എന്നും ചര്‍ച്ചയായിട്ടുള്ള വിഷയമാണെങ്കില്‍ ഐപിഎല്ലില്‍ ഫിനിഷറായി തിളങ്ങിയ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ്മ ടീമിലെത്തുമെന്ന് ഏവരും പ്രതീക്ഷിച്ചതാണ്. എന്നാല്‍ ഇഷാന്‍ കിഷനൊപ്പം വിക്കറ്റ് കീപ്പറായി സഞ്ജുവിന് ഇടം നല്‍കാന്‍ സെലക്ഷന്‍ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. 

ഇന്ത്യന്‍ ട്വന്‍റി 20 ടീം: ഇഷാൻ കിഷൻ, ശുഭ്‌മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, തിലക് വർമ്മ, സൂര്യ കുമാർ യാദവ്, സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ, അക്‌സർ പട്ടേൽ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, രവി ബിഷ്ണോയ്, അർഷ്‌ദീപ് സിംഗ്, ഉമ്രാൻ മാലിക്, അവേഷ് ഖാൻ, മുകേഷ് കുമാർ. 

Read more: ഇന്ത്യന്‍ ട്വന്‍റി 20 ടീമില്‍ നിന്ന് തഴയപ്പെട്ടു; ഒളിയമ്പുമായി കെകെആര്‍ താരം, ചര്‍ച്ചയായി ട്വീറ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാംAsianet News Live | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് |Kerala Live TV News