ഏറെക്കാലം ഓസ്ട്രേലിയയുടെ വിശ്വസ്‌ത ഓപ്പണറായിരുന്നു ഡേവിഡ് വാർണർ. ബൗളര്‍മാരെ അധികം കൂസാതെ അതിവേഗം സ്കോർ ചെയ്യുന്ന ബാറ്റർ.

മാഞ്ചസ്റ്റര്‍: ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിൽ ഓപ്പണർ ഡേവിഡ് വാർണറുടെ നില പരുങ്ങലിലാവുന്നു. റൺ കണ്ടെത്താൻ പാടുപെടുന്ന വാർണറെ ടീമിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം ശക്തമായിക്കഴിഞ്ഞു. ഇംഗ്ലീഷ് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിന്‍റെ പന്തുകള്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ പോലും ആഷസില്‍ ഇതുവരെ വാര്‍ണര്‍ക്കായിട്ടില്ല. 

ഏറെക്കാലം ഓസ്ട്രേലിയയുടെ വിശ്വസ്‌ത ഓപ്പണറായിരുന്നു ഡേവിഡ് വാർണർ. ബൗളര്‍മാരെ അധികം കൂസാതെ അതിവേഗം സ്കോർ ചെയ്യുന്ന ബാറ്ററായിരുന്നു അദേഹം. എന്നാലിപ്പോൾ ഓസീസ് ടീമിന് ബാധ്യതയാവുകയാണ് മുപ്പത്തിയാറുകാരനായ താരം. ആഷസ് പരമ്പരയിലെ ആറ് ഇന്നിംഗ്‌സിൽ വാർണർ നേടിയത് 141 റൺസ് മാത്രം. 66 റൺസാണ് ഉയർന്ന സ്കോർ. ലീഡ്‌സ് ടെസ്റ്റിൽ ആദ്യ ഇന്നിംഗ്‌സിൽ നാല് റണ്ണിന് പുറത്തായ വാർണർക്ക് രണ്ടാം ഇന്നിംഗ്‌സിൽ നേടാനായത് ഒറ്റ റണ്ണായിരുന്നു. ഫോമിലേക്ക് തിരിച്ചെത്താൻ ടീമിന്‍റെ പിന്തുണയോടെ വാർണർ ആക്രമിച്ച് കളിക്കണമെന്ന് ശ്രീലങ്കന്‍ ഇതിഹാസം കുമാർ സംഗക്കാര ആവശ്യപ്പെടുന്നു. ജനുവരിയിൽ പാകിസ്ഥാനെതിരായ പരമ്പരയിൽ കളിച്ച് ടെസ്റ്റിൽ നിന്ന് വിരമിക്കാനിരിക്കേയാണ് ടീമിൽ വാർണറുടെ സ്ഥാനം അനിശ്ചിതത്വത്തിലായത്. മുപ്പത്തിയാറുകാരനായ വാർണർ 106 ടെസ്റ്റിൽ ഇരുപത്തിയഞ്ച് സെഞ്ചുറിയോടെ 8343 റൺസെടുത്തിട്ടുണ്ട്. 

ഓപ്പണര്‍ ഡേവിഡ‍് വാര്‍ണര്‍ ഫോമിലല്ലെങ്കിലും ആഷസ് ക്രിക്കറ്റ് പരമ്പരയില്‍ നിലവില്‍ 2-1ന് മുന്നിലാണ് ഓസ്‌ട്രേലിയ. എഡ്‌ജ്‌ബാസ്റ്റണില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 2 വിക്കറ്റിനും ലോര്‍ഡ്‌സില്‍ നടന്ന രണ്ടാം മത്സരത്തില്‍ 43 റണ്‍സിനും ഓസ്‌ട്രേലിയ ജയിച്ചപ്പോള്‍ ഹെഡിംഗ്‌ലെയില്‍ 3 വിക്കറ്റിന്‍റെ ജയവുമായി പരമ്പരയില്‍ ജീവന്‍ ആതിഥേയരായ ഇംഗ്ലണ്ട് നിലനിര്‍ത്തുകയായിരുന്നു. ജൂലൈ 19ന് മാഞ്ചസ്റ്ററില്‍ നാലാം ടെസ്റ്റും 27ന് ഓവലില്‍ അവസാന മത്സരവും നടക്കും. ഈ വര്‍ഷം ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പിലെ വാര്‍ണറുടെ സ്ഥാനവും നിലവില്‍ ഉറപ്പില്ല. ഏകദിനത്തില്‍ 142 മത്സരങ്ങളില്‍ 6030 റണ്‍സും 99 രാജ്യാന്തര ട്വന്‍റി 20കളില്‍ 2894 റണ്‍സുമാണ് മറ്റ് ഫോര്‍മാറ്റുകളില്‍ ഡേവിഡ് വാര്‍ണറുടെ സമ്പാദ്യം. 

Read more: വിന്‍ഡീസില്‍ റെക്കോര്‍ഡുകള്‍ വാരാന്‍ വിരാട് കോലി; പിന്നിലാവുക കാലിസും ഗവാസ്‌കറും എബിഡിയും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാംAsianet News Live | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് |Kerala Live TV News