വിരാട് കോലി സെഞ്ചുറികളിൽ റെക്കോർഡ് പ്രകടനം ലക്ഷ്യമിട്ടാണ് ഇപ്പോൾ മുന്നേറുന്നത്

ഡൊമിനിക്ക: ടെസ്റ്റിൽ ഇന്ത്യന്‍ ക്രിക്കറ്റര്‍ വിരാട് കോലി ആദ്യ ഇരട്ട സെഞ്ചുറി കുറിച്ചത് വെസ്റ്റ് ഇൻഡീസിനെതിരെയാണ്. ഇത്തവണ വിൻഡീസിൽ ഇറങ്ങുമ്പോൾ ഒരുപിടി റെക്കോർഡുകൾ ലക്ഷ്യമായി കോലിക്ക് മുന്നിലുണ്ട്. അടുത്ത ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ആദ്യ പരമ്പരയാണ് വെസ്റ്റ് ഇൻഡീസിനെതിരെ നടക്കുന്നത്. ഐപിഎല്ലിൽ ഉജ്വല ബാറ്റിംഗ് പ്രകടനം നടത്തിയ വിരാട് കോലി വെസ്റ്റ് ഇൻഡീസിലും മികവ് ആവർത്തിക്കാമെന്ന പ്രതീക്ഷയിലാണ്. വെസ്റ്റ് ഇൻഡീസിൽ നല്ല ഓർമകളാണ് തനിക്കുള്ളതെന്ന് വിരാട് കോലി പറയുന്നു.

കരിയറിലെ ആദ്യ ഇരട്ട സെഞ്ചുറി സാക്ഷാല്‍ വിവിയൻ റിച്ചാർഡ്‌സിന് മുന്നിൽ കുറിച്ച വിരാട് കോലി സെഞ്ചുറികളിൽ റെക്കോർഡ് പ്രകടനം ലക്ഷ്യമിട്ടാണ് ഇപ്പോൾ മുന്നേറുന്നത്. വെസ്റ്റ് ഇൻഡീസിനെതിരെ ഏറ്റവുമധികം സെഞ്ചുറിയെന്ന നേട്ടത്തിന് മൂന്ന് ശതകം കൂടിയാണ് വിരാട് കോലിക്ക് വേണ്ടത്. 11 സെഞ്ചുറിയാണ് കോലിക്ക് വിൻഡീസിനെതിരെയുള്ളത്. സുനിൽ ഗാവസ്‌കറും എ ബി ഡിവില്ലിയേഴ്‌സുമാണ്(13 വീതം) പട്ടികയിൽ മുന്നിൽ. വിൻഡീസിനെതിരെ ഏറ്റവുമധികം റൺസെന്ന റെക്കോർഡും കോലിക്ക് മുന്നിലുണ്ട്. മൂന്ന് ഫോർമാറ്റിലുമായി 4120 റൺസുള്ള ജാക്വസ് കാലിസ് മാത്രമാണ് കോലിക്ക് മുന്നിലുള്ള താരം. 467 റൺസ് കൂടി നേടിയാൽ കോലിക്ക് കാലിസിനെ മറികടക്കാം.

രണ്ട് ടെസ്റ്റിലും മൂന്ന് ഏകദിനത്തിലുമാണ് കോലി വിൻഡീസിൽ കളിക്കുക. ട്വന്‍റി20 പരമ്പരയിൽ വിരാട് കോലി കളിക്കുന്നില്ല. ഇനി ഒരിക്കൽ കൂടി വെസ്റ്റ് ഇൻഡീസിലേക്ക് പരമ്പരയ്ക്കായി ഇന്ത്യയുടെ സീനിയർ താരങ്ങൾക്ക് അവസരമുണ്ടാകുമോയെന്ന് ഉറപ്പില്ലാത്തതിനാൽ വിരാട് കോലിയുടെ ഉജ്വലപ്രകടനം ഇത്തവണ പ്രതീക്ഷിക്കാം. ജൂലൈ 12ന് ഡൊമിനിക്കയില്‍ ആദ്യ ടെസ്റ്റും 23ന് ട്രിനിഡാഡില്‍ രണ്ടാം ടെസ്റ്റും തുടങ്ങും. ജൂലൈ 27ന് ബാര്‍ബഡോസിലാണ് വൈറ്റ് ബോള്‍ ക്രിക്കറ്റ് പരമ്പര ആദ്യ ഏകദിനത്തോടെ തുടങ്ങുന്നത്. 

Read more: അരങ്ങേറ്റം ഗംഭീരമാക്കി മിന്നു മണി; അപൂര്‍വ നാഴികക്കല്ല് സ്വന്തം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാംAsianet News Live | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് |Kerala Live TV News