മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ട്- ഓസ്‌ട്രേലിയ ആഷസ് പരമ്പരയിലെ നിര്‍ണായക നാലാം ടെസ്റ്റിന് നാളെ മാഞ്ചസ്റ്ററിൽ തുടക്കമാവും. ആദ്യ ടെസ്റ്റിൽ ഓസ്‌ട്രേലിയയും മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടും ജയിച്ചു. രണ്ടാം മത്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു. ബെൻ സ്റ്റോക്സിന്‍റെ ഒറ്റയാൾ പോരാട്ടത്തിന്‍റെ കരുത്തിലായിരുന്നു മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിന്‍റെ ജയം. 

പരുക്ക് മാറിയ സ്റ്റീവ് സ്‌മിത്ത് 12 അംഗ സ്‌ക്വാഡില്‍ തിരിച്ചെത്തിയത് മത്സരത്തിന് മുന്‍പ് ഓസീസിന് കരുത്തുപകരുന്നു. ആഷസില്‍ മൂന്ന് ഇന്നിംഗ്‌സുകളില്‍ നിന്ന് 378 റണ്‍സാണ് സ്‌മിത്തിന്‍റെ സമ്പാദ്യം. സ്‌മിത്ത് തിരിച്ചെത്തിയപ്പോള്‍ ഉസ്‌മാന്‍ ഖവാജ സ്‌ക്വാഡില്‍ നിന്ന് പുറത്തായി. ജെയിംസ് പാറ്റിന്‍സനും പുറത്തായപ്പോള്‍ മൂന്ന് പേസര്‍മാരുടെ സ്ഥാനത്തേക്ക് പാറ്റ് കമ്മിന്‍സും ജോഷ് ഹേസല്‍വുഡും മിച്ചല്‍ സ്റ്റാര്‍ക്കും പീറ്റന്‍ സിഡിലും തമ്മിലാകും മത്സരം. ഡേവിഡ് വാര്‍ണറും മാര്‍ക്കസ് ഹാരിസും ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും.

ഇംഗ്ലീഷ് ബാറ്റിംഗ് ക്രമത്തിലും മാറ്റം വരുമെന്നാണ് റിപ്പോര്‍ട്ട്. ഓപ്പണിംഗിൽ പരാജയപ്പെട്ട ജേസൺ റോയ് നാലാം നമ്പറില്‍ ബാറ്റുചെയ്യും. ജോ ഡെന്‍ലി ഓപ്പണറാകും. പരമ്പരയില്‍ ആറ് ഇന്നിംഗ്‌സില്‍ നിന്ന് 57 റണ്‍സ് മാത്രമാണ് റോയ്‌ക്ക് സ്‌കോര്‍ ചെയ്യാനായത്. 28 ആണ് ഉയര്‍ന്ന സ്‌കോര്‍. ലോകകപ്പിലെ മിന്നും പ്രകടനത്തെ തുടര്‍ന്നാണ് റോയ്‌ക്ക് ടെസ്റ്റ് ടീമിലിടം ലഭിച്ചത്. 

ഓസീസ് സ്‌ക്വാഡ്: David Warner, Marcus Harris, Marnus Labuschagne, Steve Smith, Travis Head, Matt Wade, Tim Paine (captain), Pat Cummins, Peter Siddle, Mitchell Starc, Nathan Lyon, Josh Hazlewood.