ഓസ്‌ട്രേലിയയെ തോൽപിച്ച് പരമ്പര സമനിലയാക്കുകയെന്ന വലിയ ദൗത്യവുമായാണ് ജോ റൂട്ടും സംഘവും ഇറങ്ങുന്നത്

ഓവല്‍: ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റിന് ഇന്ന് ഓവലിൽ തുടക്കമാവും. വൈകിട്ട് മൂന്നരയ്‌ക്കാണ് കളി തുടങ്ങുക. നാലാം ടെസ്റ്റിൽ തോറ്റ ഇംഗ്ലണ്ട് ആഷസ് ട്രോഫി കൈവിട്ടുകഴിഞ്ഞു. ഓസ്‌ട്രേലിയയെ തോൽപിച്ച് പരമ്പര സമനിലയാക്കുകയെന്ന വലിയ ദൗത്യവുമായാണ് ജോ റൂട്ടും സംഘവും ഇറങ്ങുന്നത്. 

Add Asianetnews as a Preferred SourcegooglePreferred

ഉഗ്രൻ ഫോമിലുള്ള സ്റ്റീവ് സ്‌മിത്ത് തന്നെയാവും ഇംഗ്ലണ്ടിന്റെ ഏറ്റവും വലിയ വെല്ലുവിളി. അഞ്ച് ഇന്നിംഗ്സിൽ മൂന്ന് സെഞ്ചുറിയും രണ്ട് അർധ സെഞ്ചുറിയുമടക്കം 671 റൺസ് നേടിയ സ്‌മിത്താണ് ഇരുടീമും തമ്മിലുള്ള വ്യത്യാസം. പാറ്റ് കമ്മിൻസിന്റെയും ജോഷ് ഹെയ്സൽവുഡിന്റെയും അതിവേഗ പന്തുകളെയും ഇംഗ്ലണ്ടിന് അതിജീവിക്കണം. 2001ന് ശേഷം ആദ്യമായി ഇംഗ്ലീഷ് മണ്ണിൽ ആഷസ് ട്രോഫി കൈപ്പിടിയിലാക്കിയ ഓസീസ് ഇരട്ടി ആത്മവിശ്വാസത്തിലാവും ഇറങ്ങുക. 

ഏകദിനത്തിലെ സ്ഥിരത ടെസ്റ്റില്‍ പുലർത്താനാവാത്താണ് ഇംഗ്ലീഷുകാർ നേരിടുന്ന പ്രതിസന്ധി. ബാറ്റ്സ്‌മാൻമാർക്ക് ഇതുവരെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനായിട്ടില്ല. ചുമലിന് പരുക്കേറ്റ ബെൻ സ്റ്റോക്‌സ് ടീമിലുണ്ടെങ്കിലും കളിക്കുമോയെന്ന് ഉറപ്പില്ല. സ്റ്റോക്‌സ് പുറത്തിരുന്നാൽ സാം കറനോ ക്രിസ് വോക്സിനോ അവസരം കിട്ടും. പരുക്കേറ്റ് പിൻമാറിയ ജയിംസ് ആൻഡേഴ്‌സന്റെ അഭാവം മറികടക്കാൻ ജോ റൂട്ടിനും സംഘത്തിനും ഇതുവരെ കഴിഞ്ഞിട്ടില്ല. കോച്ച് ട്രെവർ ബൈലിസിന് കീഴിൽ ഇംഗ്ലണ്ടിന്റെ അവസാനമത്സരം കൂടിയാണിത്.