കാമറോണ്‍ ഗ്രീനിന്‍റെ പന്തില്‍ ക്രിസ് വോക്സിനെ കൈയിലൊതുക്കിയാണ് കാരെ റെക്കോര്‍ഡ് ബുക്കില്‍ സ്വന്തം പേരെഴുതി ചേര്‍ത്തത്.

ബ്രിസ്ബേന്‍: അരങ്ങേറ്റത്തിൽ ഏറ്റവും കൂടുതൽ ക്യാച്ചുകളെടുക്കുന്ന വിക്കറ്റ് കീപ്പർ എന്ന റെക്കോർഡ് സ്വന്തമാക്കി ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ അലക്സ് കാരേ(Alex Carey ). ഇംഗ്ലണ്ടിനെതിരായ ആഷസ്(Ashes) പരമ്പരയിലെ ഒന്നാം ടെസ്റ്റിലാണ് കാരേയുടെ റെക്കോര്‍ഡ് നേട്ടം. അരങ്ങേറ്റ ടെസ്റ്റില്‍ എട്ട് ക്യാച്ചുകളാണ് 30കാരനായ കാരെ കൈയിലൊതുക്കിയത്. അരങ്ങേറ്റ ടെസ്റ്റില്‍ ഏഴ് ക്യാച്ചുകളെടുത്തിട്ടുള്ള ഇന്ത്യയുടെ റിഷഭ് പന്തിന്‍റെ റെക്കോർഡാണ്(Rishabh Pant) കാരെ ഇന്ന് പിന്നിലാക്കിയത്.

കാമറോണ്‍ ഗ്രീനിന്‍റെ പന്തില്‍ ക്രിസ് വോക്സിനെ കൈയിലൊതുക്കിയാണ് കാരെ റെക്കോര്‍ഡ് ബുക്കില്‍ സ്വന്തം പേരെഴുതി ചേര്‍ത്തത്. റിഷഭ് പന്തിനൊപ്പം ക്രിസ് റീഡ്, ബ്രയൻ ടാബെർ, ചമര ധുനുസിംഗെ, പീറ്റർ നെവിൽ, അലൻ ക്നോട്ട് എന്നിവരും അരങ്ങേറ്റ ടെസ്റ്റില്‍ ഏഴ് ക്യാച്ചുകള്‍ നേടിയിട്ടുണ്ട്. മുന്‍ നായകനും വിക്കറ്റ് കീപ്പറുമായിരുന്ന ടിം പെയ്ന് പകരമാണ് കാരെ അവസാന നിമിഷം ആഷസ് പരമ്പരക്കുള്ള ഓസീസ് ടീമിൽ ഇടം നേടിയത്.

ദക്ഷിണാഫ്രിക്കയുടെ ക്വിന്‍റണ്‍ ഡി കോക്കാണ്(Quinton de Kock)ഒരു ടെസ്റ്റിൽ ഏറ്റവും കൂടുതൽ ക്യാച്ചുകൾ എടുത്ത വിക്കറ്റ് കീപ്പർ. ഒമ്പത് ക്യാച്ചുകളാണ് ഡി കോക്ക് വിക്കറ്റ് കീപ്പറായി ഇറങ്ങിയ ആദ്യ ടെസ്റ്റില്‍ കൈയിലൊതുക്കിയത്. എന്നാൽ ഇതിന് മുമ്പ് ബാറ്ററായി മാത്രം ഒരു ടെസ്റ്റില്‍ കളിച്ചിരുന്നതിനാല്‍ ഇത് ഡി കോക്കിന്‍റെ അരങ്ങേറ്റ ടെസ്റ്റായി കണക്കിലെടുക്കില്ല.

നാഴികക്കല്ല് പിന്നിട്ട് നേഥന്‍ ലിയോണും

ആദ്യ ടെസ്റ്റിലെ ഓസ്ട്രേലിയയുടെ തകർപ്പൻ ജയത്തിനൊപ്പം ഓഫ് സ്പിന്നർ നേഥൻ ലിയോൺ(Nathan Lyon) ടെസ്റ്റ് ക്രിക്കറ്റിൽ മറ്റൊരു നാഴിക്കല്ല് പിന്നിട്ടു. നാല് വിക്കറ്റ് പ്രകടനത്തോടെ ലിയോൺ ടെസ്റ്റിൽ 400 വിക്കറ്റ് മറികടന്നു. ഡേവിഡ് മലനെ പുറത്താക്കിയാണ് ലിയോണിന്‍റെ നേട്ടം. ടെസ്റ്റില്‍ ഈ നേട്ടം സ്വന്തമാക്കുന്ന പതിനേഴാമത്തെ ബൗളറാണ് ലിയോൺ.

ഷെയ്ൻ വോണും ഗ്ലെൻ മഗ്രായുമാണ് ലിയോണ് മുൻപ് 400 വിക്കറ്റ് നേടിയ ഓസീസ് ബൗളർമാർ. നൂറ്റിയൊന്നാം ടെസ്റ്റിലാണ് ലിയോണ്‍ 400 വിക്കറ്റ് ക്ലബിലെത്തിയത്. ഒലി പോപ്, ഒലി റോബിൻസൺ, മാർക്ക് വുഡ് എന്നിവര പുറത്താക്കിയാണ് ലിയോണ് 400 എന്ന നാഴികക്കല്ല് പിന്നിട്ടത്. ഓസീസിനായി ഷെയ്ന്‍ വോൺ 708 വിക്കറ്റും ഗ്ലെന്‍ മക്‌ഗ്രാത്ത് 563 വിക്കറ്റും നേടിയിട്ടുണ്ട്. 355 വിക്കറ്റ് നേടിയ ഡെന്നിസ് ലില്ലിയാണ് നാലാം സ്ഥാനത്ത്.