32കാരനായ ബോളണ്ട് 2016ല്‍ ഓസീസിനായി 14 ഏകദിനങ്ങളിലും മൂന്ന് ടി20കളിലും കളിച്ചിട്ടുണ്ട്. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടാണ് ബോളണ്ടിന്‍റെ ഹോം ഗ്രൗണ്ട്. ഇവിടെ കളിച്ചിട്ടുള്ള 27 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 25.56 ശരാശരിയില്‍ 96 വിക്കറ്റുകള്‍ ബോളണ്ട് വീഴ്ത്തിയിട്ടുണ്ട്.

മെല്‍ബണ്‍: മെല്‍ബണില്‍ നാളെ ആരംഭിക്കുന്ന ആഷസ് പരമ്പരയിലെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍(Ashes Boxing Day Test) ഓസ്ട്രേലിയക്കായി പേസ് ബൗളര്‍ സ്കോട് ബോളണ്ട്(Scot Boland) അരങ്ങേറ്റം കുറിക്കും. ജേസണ്‍ ഗില്ലെസ്പിക്കുശേഷം(Jason Gillespie) ഓസ്ട്രേലിയക്കായി കളിക്കുന്ന പരമ്പരാഗത ഗോത്രവര്‍ഗക്കാരനായ(Indigenous Cricketer) രണ്ടാമത്തെ മാത്രം പുരുഷ ക്രിക്കറ്റ് താരമാണ് ബോളണ്ട്. രണ്ടാം ടെസ്റ്റിനുശേഷം പരിക്കേറ്റ ജെ റിച്ചാര്‍ഡ്സണ് പകരമാണ് ബോളണ്ട് മൂന്നാം ടെസ്റ്റില്‍ കളിക്കുക. ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് നായകനായി തിരിച്ചെത്തും. കമിന്‍സ് തിരിച്ചെത്തുമ്പോള്‍ ഗാബ ടെസ്റ്റില്‍ കളിച്ച മെക്കല്‍ നെസര്‍ പുറത്തുപോവും.

32കാരനായ ബോളണ്ട് 2016ല്‍ ഓസീസിനായി 14 ഏകദിനങ്ങളിലും മൂന്ന് ടി20കളിലും കളിച്ചിട്ടുണ്ട്. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടാണ് ബോളണ്ടിന്‍റെ ഹോം ഗ്രൗണ്ട്. ഇവിടെ കളിച്ചിട്ടുള്ള 27 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 25.56 ശരാശരിയില്‍ 96 വിക്കറ്റുകള്‍ ബോളണ്ട് വീഴ്ത്തിയിട്ടുണ്ട്. മാര്‍ഷ് ഷെഫീല്‍ഡ് ഷീല്‍ഡില്‍ 2018-19 സീസണിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട സ്‌കോട്ട് ബോളണ്ട് ന്യൂ സൗത്ത് വെയ്‌ല്‍സിനെതിരെ രണ്ട് മത്സരങ്ങളില്‍ 15 വിക്കറ്റുമായി മിന്നും ഫോമിലാണ്.

അതേസമയം, ബ്രിസ്ബേന്‍ ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജെ റിച്ചാര്‍ഡ്സന്‍റെ അഭാവം ഓസീസിന് തിരിച്ചടിയാവുമെന്നാണ് കരുതുന്നത്.അഡ്‌ലെയ്ഡ് ടെസ്റ്റിനിടെ പുറത്തുപോയി ഭക്ഷണം കഴിച്ചപ്പോള്‍ കൊവിഡ് പോസറ്റീവായ വ്യക്തിയുമായി അടുത്തിടപഴകിയെന്നതിനാലാണ് കമിന്‍സിന് സിഡ്നി ടെസ്റ്റ് കളിക്കാന്‍ കഴിയാതിരുന്നത്. കമിന്‍സിന്‍റെ അഭാവത്തില്‍ ഓസീസിനെ നയിച്ച മുന്‍ നായകനും ഇപ്പോഴത്തെ വൈസ് ക്യാപ്റ്റനുമായ സ്റ്റീവ് സ്മിത്ത് ടീമിന് ജയം സമ്മാനിക്കുകയും ചെയ്തു.

മെല്‍ബണില്‍ നാളെ തുടങ്ങുന്ന ബോക്സിംഗ് ഡേ ടെസ്റ്റിലും ജയിച്ചാല്‍ ഓസ്ട്രേലിയക്ക് ആഷസ് നിലനിര്‍ത്താം. നിലിവില്‍ അഞ്ച് മത്സര പരമ്പരയില്‍ ഓസീസ് 2-0ന് മുന്നിലാണ്. ഗാബയില്‍ ഒന്‍പത് വിക്കറ്റിനും അഡ്‌ലെയ്‌ഡിലെ പകല്‍-രാത്രി ടെസ്റ്റില്‍ 275 റണ്‍സിനുമായിരുന്നു ഓസീസിന്‍റെ ജയം. പിങ്ക് പന്തില്‍ 468 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് അഞ്ചാംദിനം 192ന് എല്ലാവരും പുറത്തായി. രണ്ടിന്നിംഗ്‌സിലുമായി 154 റണ്‍സെടുത്ത മാര്‍നസ് ലബുഷെയ്‌നാണ് കളിയിലെ താരം.