ലണ്ടന്‍: ടെസ്റ്റ് ക്രിക്കറ്റ് കാതലായ മാറ്റങ്ങള്‍ക്കാണ് സമീപകാലത്ത് സാക്ഷ്യംവഹിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിന്‍റെ മുഖഛായയായ വെള്ള ജഴ്‌സിയിലും വിപ്ലവ മാറ്റത്തിന് വഴിയൊരുങ്ങി. ടെസ്റ്റ് ചരിത്രത്തിലാദ്യമായി താരങ്ങളുടെ പേരും നമ്പറും ആലേഖനം ചെയ്ത കുപ്പായമണിഞ്ഞാണ് വരുന്ന ആഷസില്‍ ഇംഗ്ലണ്ട് ഓസ്‌ട്രേലിയ ടീമുകള്‍ ഇറങ്ങുന്നത്.

നായകന്‍ ജോ റൂട്ടിന്‍റെ പുതിയ ജഴ്‌സി സാമൂഹ്യമാധ്യമങ്ങളിലൂടെ അവതരിപ്പിച്ച് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡാണ് മാറ്റം ക്രിക്കറ്റ് പ്രേമികളെ അറിയിച്ചത്. 66 ആണ് റൂട്ടിന്‍റെ ടെസ്റ്റ് ജഴ്‌സി നമ്പര്‍. ഏകദിന- ടി20 ജഴ്‌സികളില്‍ പേരും നമ്പറും നേരത്തെയുണ്ടായിരുന്നെങ്കിലും ടെസ്റ്റ് കുപ്പായം മാറ്റത്തിനായി ദീര്‍ഘകാലമായി കാത്തിരിക്കുകയായിരുന്നു. ആഷസില്‍ ജഴ്‌സികളില്‍ മാറ്റമുണ്ടാകുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. 

പേരും നമ്പറും പതിപ്പിച്ച പുതിയ ജഴ്‌സിയോട് സമ്മിശ്ര പ്രതികരണമാണ് ആരാധകര്‍ നടത്തുന്നത്. താരങ്ങളുടെ പേര് ആലേഖനം ചെയ്യുന്നത് ഗുണകരമാണെന്ന് പറയുന്ന ആരാധകര്‍ നമ്പറുകള്‍ക്ക് പിന്നിലെ യുക്തിയാണ് ചോദ്യം ചെയ്യുന്നത്.