ഹെഡിംഗ്‍‍ലി: ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിന് ഇന്ന് ഹെഡിംഗ്‍‍ലിയിൽ തുടക്കം. ജെയിംസ് ആന്‍ഡേഴ്സണ്‍ ഇല്ലാതെ ഇംഗ്ലണ്ടും സ്റ്റീവ് സ്‌മിത്തില്ലാതെ ഓസ്‌ട്രേലിയയും ഇറങ്ങുമ്പോള്‍ ഹെ‍ഡിംഗ്‌ലിയിൽ ആരുടെ തലയുരുളുമെന്ന് അറിയാന്‍ കാത്തിരിക്കാം. അതേസമയം മോശം ഫോമിലുള്ള ഡേവിഡ് വാര്‍ണറെ എഴുതിത്തള്ളരുതെന്ന് ഓസ്‌ട്രേലിയന്‍ കോച്ച് ലാംഗര്‍ പറഞ്ഞു.

ഹെഡിംഗ്‍‍ലിയിലെ ഗ്രൗണ്ടിലിറങ്ങുന്ന 22 പേരേക്കാളും ശ്രദ്ധാകേന്ദ്രമാവുകയാണ് പുറത്തിരിക്കുന്ന സ്റ്റീവ് സ്‌മിത്ത്. ആര്‍ച്ചറുടെ മാരകയേറില്‍ പരുക്കേറ്റ വീണ സ്‌മിത്തിന്‍റെ അഭാവം ഓസ്‌ട്രേലിയയ എത്രത്തോളം ദുര്‍ബലമാക്കുമെന്ന ആകാംക്ഷയ്ക്ക് അടിസ്ഥാനവുമുണ്ട്. ആദ്യ ടെസ്റ്റിൽ രണ്ട് സെഞ്ചുറിയും രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സില്‍ 92 റൺസും നേടിയ സ്‌മിത്ത് ഇല്ലായിരുന്നെങ്കില്‍ ഇംഗ്ലണ്ട് രണ്ടങ്കവും ജയിച്ചേനേ. പകരമായെത്തിയ ലെബുഷെയ്ന്‍ ചങ്കുറപ്പോടെ പൊരുതിയെങ്കിലും സ്‌മിത്ത് വേറെ ലെവലാണെന്ന് എല്ലാവരും സമ്മതിക്കും. 

തിരിച്ചുവരവിനുള്ള മികച്ച അവസരമായാകും മത്സരത്തെ ഇംഗ്ലണ്ട് കാണുക. നാല് ഇന്നിംഗ്സിൽ 40 റൺസ് മാത്രം നേടിയ ജേസൺ റോയിയെ മധ്യനിരയിലേക്ക് മാറ്റണമെന്ന ആവശ്യം ശക്തമെങ്കിലും ഓപ്പണറായി തുടര്‍ന്നേക്കും. ക്രിസ് വോക്‌സിന് വിശ്രമം നൽകി സാം കറന് അവസരം നൽകുന്നതും പരിഗണനയിൽ. ആദ്യ ടെസ്റ്റ് നേടിയ ഓസ്‌ട്രേലിയയാണ് പരമ്പരയിൽ മുന്നിൽ.