Asianet News MalayalamAsianet News Malayalam

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അശോക് ദിന്‍ഡക്കുനേരെ ഗുണ്ടാ ആക്രമണം

റോഡ് ഷോ കഴിഞ്ഞ് മടങ്ങും വഴി വൈകിട്ട് നാലരയോടെയായിരുന്നു വാഹനത്തിനും ദിന്‍ഡക്കും നേരെ ആക്രമണമുണ്ടായതെന്നാണ് അദ്ദേഹത്തിന്‍റെ മാനേജര്‍ പറയുന്നത്. അക്രമികള്‍ നൂറോളം പേരുണ്ടായിരുന്നു. ലാത്തിയും ഇരുമ്പു ദണ്ഡും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്.

Ashoke Dinda attacked during election campaign
Author
Kolkata, First Published Mar 30, 2021, 8:05 PM IST

കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ പേസറും ബംഗാള്‍ നിയമസഭാ തെര‍ഞ്ഞെടുപ്പില്‍ മോയ്നയില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ഥിയുമായ അശോക് ദിന്‍ഡക്കുനേരെ ഗുണ്ടാ ആക്രമണം. ചൊവ്വാഴ്ച പ്രചാരണം കഴിഞ്ഞ് മടങ്ങിവരും വഴിയാണ് ഗുണ്ടാ ആക്രമണമുണ്ടായതെന്നും വാഹനം ഗുണ്ടകള്‍ തല്ലിത്തകര്‍ത്തുവെന്നും ദിന്‍ഡ പറഞ്ഞു.

റോഡ് ഷോ കഴിഞ്ഞ് മടങ്ങും വഴി വൈകിട്ട് നാലരയോടെയായിരുന്നു വാഹനത്തിനും ദിന്‍ഡക്കും നേരെ ആക്രമണമുണ്ടായതെന്നാണ് അദ്ദേഹത്തിന്‍റെ മാനേജര്‍ പറയുന്നത്. അക്രമികള്‍ നൂറോളം പേരുണ്ടായിരുന്നു. ലാത്തിയും ഇരുമ്പു ദണ്ഡും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ ദിന്‍ഡയുടെ തോളിന് പരിക്കേറ്റതായും മാനേജര്‍ വ്യക്തമാക്കി.തൃണമൂലിന്‍റെ ഗുണ്ടാ നേതാവായ ഷാജഹാന്‍ അലിയുടെ നേതൃത്വത്തിലുളള നൂറോളം പേരാണ് ആക്രമണം നടത്തിയതെന്നും മാനേജര്‍ പിടിഐയോട് പറഞ്ഞു.

ആക്രമണ സമയത്ത് കാറിന്‍റെ മധ്യഭാഗത്തെ സീറ്റില്‍ ഇരിക്കുകയായിരുന്നു ദിന്‍ഡ. റോഡുകളെല്ലാം ബ്ലോക്ക് ചെയ്തിട്ടായിരുന്നു ആക്രമണം. വാഹനം അടിച്ചു തകര്‍ക്കുമ്പോള്‍ സീറ്റിനടിയില്‍ തലകുനിച്ചിരുന്നതിനാലാണ് കൂടുതല്‍ പരിക്കില്ലാതെ ദിന്‍ഡ രക്ഷപ്പെട്ടതെന്നും മാനേജര്‍ വ്യക്തമാക്കി. അതേസമയം, ആക്രമണത്തിന് പിന്നില്‍ തൃണമൂലാണെന്ന ആരോപണം പാര്‍ട്ടി തള്ളി. ബിജെപിയിലെ ചേരിപ്പോരാണ് ആക്രമണത്തിന് പിന്നിലെന്നാണ് തൃണമൂല്‍ മേദിനിപൂര്‍ ജില്ലാ പ്രസിഡന്‍റ് അഖില്‍ ഗിരി പറഞ്ഞു. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 400ലേറെ വിക്കറ്റ് വീഴ്‌ത്തിയിട്ടുള്ള താരം ടീം ഇന്ത്യയെ 13 ഏകദിനങ്ങളിലും ഒന്‍പത് ടി20കളിലും പ്രതിനിധീകരിച്ചിട്ടുണ്ട്. 2009 ഡിസംബര്‍ 9ന് ശ്രീലങ്കയ്‌ക്ക് എതിരെയായിരുന്നു അന്താരാഷ്‌ട്ര ടി20യില്‍ അശോക് ദിന്‍ഡയുടെ അരങ്ങേറ്റം. തൊട്ടടുത്ത വര്‍ഷം മെയ് 28ന് സിംബാബ്‌വെക്കെതിരെ ഏകദിനത്തിലും അരങ്ങേറി. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ വലിയ ചലനം സൃഷ്‌ടിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ ഒന്നര പതിറ്റാണ്ട് കാലം ബംഗാളിന്‍റെ പേസ് കുന്തമുനയായിരുന്നു താരം. 116 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ 28 ശരാശരിയില്‍ 420 വിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ട്. ലിസ്റ്റ് എ ക്രിക്കറ്റില്‍ 92 മത്സരങ്ങളില്‍ 151 വിക്കറ്റും സ്വന്തം.

Follow Us:
Download App:
  • android
  • ios