ഓസ്ട്രേലിയക്കെതിരായ ഏകദിന ടീമിൽ നിന്ന് ഒഴിവാക്കിയതിനെ ചൊല്ലി പേസർ മുഹമ്മദ് ഷമിയും ചീഫ് സെലക്ടർ അജിത് അഗാർക്കറും തമ്മിലുള്ള തർക്കത്തിൽ പ്രതികരണവുമായി ആർ അശ്വിൻ
ചെന്നൈ: ഓസ്ട്രേലിയക്കെതിരായ ഏകദിന ടീമിലേക്ക് പരിഗണിക്കാത്തതിന്‍റെ പേരില്‍ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ക്കെതിരെ ഇന്ത്യൻ പേസര്‍ മുഹമ്മദ് ഷമി നടത്തിയ പരാമര്‍ശങ്ങളില്‍ പിന്തുണയുമായി മുന്‍ താരം ആര്‍ അശ്വിന്‍. കളിക്കാരോട് നേരിട്ട് ആശയവിനിമയം നടത്താത് മൂലമാണ് ഇത്തരം വിമര്‍ശനങ്ങള്‍ ഉണ്ടാകുന്നതെന്നും കളിക്കാരോട് കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞിരുന്നെങ്കില്‍ അത് ഒഴിവാക്കാമായിരുന്നുവെന്നും അശ്വിന്‍ പറഞ്ഞു.
കാര്യങ്ങള്‍ നേരിട്ടല്ലാതെ പറയുകയാണ് ഇപ്പോഴത്തെ ഇന്ത്യൻ ക്രിക്കറ്റിലെ രീതി. അത് മാറണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.അത് കളിക്കാരുടെ ഭാഗത്തുനിന്നും സെലക്ടര്‍മാരുടെ ഭാഗത്തുനിന്നും ഒരുപോലെ വരേണ്ട കാര്യമാണ്. നേരിട്ടല്ലാതെ പറയുന്ന പലകാര്യങ്ങളും പുറത്തുവരുന്നത് വേറെ തരത്തിലായിരിക്കും. അപ്പോള്‍ കളിക്കാര്‍ക്ക് സെലക്ടര്‍മാരെ സമീപിച്ച് ഇതാണെന്‍റെ മനസിലെന്ന് പറയാന്‍ ആത്മവിശ്വാസക്കുറവുണ്ടാകുമെന്നും അശ്വിന്‍ യുട്യൂബ് ചാനലില്‍ പറഞ്ഞു.
രഞ്ജി ട്രോഫിയില്‍ മികച്ച പ്രകടനം നടത്തിയശേഷം ഷമി സെലക്ടര്‍മാരെ വാര്‍ത്താ സമ്മേളനത്തില്‍ വിമര്‍ശിച്ചു. എന്തിനാണ് അവന്‍ അങ്ങനെ ചെയ്തതെന്ന് ചോദിച്ചാല്‍ അവനെ എന്തുകൊണ്ട് പരിഗണിക്കുന്നില്ല എന്നതിനെക്കുറിച്ച് അവന് വ്യക്തയില്ല എന്നതുകൊണ്ടാണത്. സെലക്ടര്‍മാരുടെ കാര്യത്തില്‍ എനിക്ക് ഇഷ്ടപ്പെട്ട കാര്യം എന്താണെന്ന് വെച്ചാല്‍ ഓരോ തവണ ടീം സെലക്ഷന്‍ കഴിയുമ്പോഴും ചീഫ് സെലക്ടറോ ക്യാപ്റ്റനോ മാധ്യമങ്ങളെ കണ്ട് കാര്യങ്ങള് വിശദീകരിക്കുന്നു എന്നതാണ്. പക്ഷെ അപ്പോഴും ആളുകളെ ആദരവോടെ പരിഗണിക്കേണ്ടതുണ്ട്. പലകാര്യങ്ങളും നേരിട്ട് പറയാതെ വളച്ചുകെട്ടി പറയന്നത് ശരിക്കും ആശങ്കപ്പെടുത്തുന്നതാണെന്നും അശ്വിന്‍ പറഞ്ഞു.
ജാര്‍ഖണ്ഡിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ രണ്ട് ഇന്നിംഗ്സിലുമായി ഏഴ് വിക്കറ്റ് വീഴ്ത്തി ബംഗാളിന്‍റെ വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കിയശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഷമി അഗാര്‍ക്കറുടെ പരാമര്‍ശങ്ങള്‍ക്ക് മറുപടി നല്‍കിയത്. അഗാര്‍ക്കര്‍ എന്തുവേണമെങ്കിലും പറഞ്ഞോട്ടെയെന്നും താന്‍ ഫിറ്റാണോ എന്ന് ഈ മത്സരം കണ്ട നിങ്ങള്‍ക്കെല്ലാം ബോധ്യമായല്ലോയെന്നും ഷമി ജാര്‍ഖണ്ഡിനെതിരായ മത്സരശേഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.ടീമില്‍ നിന്ന് തഴഞ്ഞതിനെക്കുറിച്ചും ഫിറ്റ്നെസിനെക്കുറിച്ചുമൊക്കെ ഷമി തന്നോട് പറഞ്ഞിരുന്നെങ്കില്‍ അപ്പോൾ മറുപടി നല്‍കാമായിരുന്നുവെന്ന് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ പറഞ്ഞിരുന്നു.
അതിന് മുമ്പ് ഓസ്ട്രേലിയക്കെതിരായ ഏകദിന, ടി20 ടീമുകളെ പ്രഖ്യാപിച്ച വാര്‍ത്താ സമ്മേളനത്തില്‍ ഷമിയുടെ ഫിറ്റ്നെസിനെക്കുറിച്ച് ചോദിച്ചപ്പോള്‍ തനിക്ക് യാതൊരു അപ്ഡേറ്റുമില്ലെന്നായിരുന്നു അഗാര്‍ക്കര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഫിറ്റ്നെസിനെക്കുറിച്ച് അപ്ഡേറ്റ് ചെയ്യുക എന്നത് തന്‍റെ ഉത്തരവാദിത്തമല്ലെന്നും ദേശീയ ക്രിക്കറ്റ് അക്കാദമിയിലെത്തി മത്സരങ്ങള്‍ക്കായി തയാറെടുക്കുക മാത്രമാണ് തനിക്ക് ചെയ്യാനുള്ളതെന്നുമായിരുന്നു ഷമി അന്ന് മറുപടി നല്‍കിയിരുന്നു.


