ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റില്‍ കളിച്ച പേസര്‍ ഹസന്‍ അലിക്ക് പകരക്കാരനായാണ് രണ്ടാം ടെസ്റ്റില്‍ ആസിഫ് അഫ്രീദി പ്ലേയിംഗ് ഇലവനിലെത്തിയത്.

ലാഹോര്‍:വിരമിക്കേണ്ട പ്രായത്തില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറി റെക്കോര്‍ഡിട്ട് പാകിസ്ഥാന്‍ താരം ആസിഫ് അഫ്രീദി. ഇടം കൈയൻ സ്പിന്നറായ ആസിഫ് അഫ്രീദി ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിലാണ് പാകിസ്ഥാനുവേണ്ടി അരങ്ങേറിയത്. 38 വയസും 299 ദിവസവും പ്രായമുള്ള ആസിഫ് അഫ്രീദി പാകിസ്ഥാനായി ടെസ്റ്റില്‍ അരങ്ങേറുന്ന ഏറ്റവും പ്രായം കൂടി മൂന്നാമത്തെ താരമാണ്. 57 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ കളിച്ചിട്ടുള്ള ആസിഫ് അഫ്രീദി 13 അഞ്ച് വിക്കറ്റ് നേട്ടമുള്‍പ്പെടെ 198 വിക്കറ്റുകള്‍ വീഴ്ത്തി. പാക് പേസറായ ഷഹീന്‍ അഫ്രീദിയില്‍ നിന്നാണ് ആസിഫ് അഫ്രീദി ടെസ്റ്റ് ക്യാപ് സ്വീകരിച്ചത്.

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റില്‍ കളിച്ച പേസര്‍ ഹസന്‍ അലിക്ക് പകരക്കാരനായാണ് രണ്ടാം ടെസ്റ്റില്‍ ആസിഫ് അഫ്രീദി പ്ലേയിംഗ് ഇലവനിലെത്തിയത്. 1955ൽ 47 വയസും 284 ദിവസവും പ്രായമുള്ളപ്പോള്‍ പാകിസ്ഥാനായി ടെസ്റ്റില്‍ അരങ്ങേറിയ മിറാന്‍ ബക്ഷിനും 1952ല്‍ 44 വയസും 45 ദിവസവും പ്രായമുള്ളപ്പോള്‍ പാക് കുപ്പായത്തില്‍ അരങ്ങേറിയ ആമിര്‍ ഇലാഹിക്കുംശേഷം പാകിസ്ഥാനുവേണ്ടി ടെസ്റ്റില്‍ അരങ്ങേറുന്ന പ്രായം കൂടിയ താരമെന്ന റെക്കോര്‍ഡും ആസിഫ് അഫ്രീദി ഇന്ന് സ്വന്തമാക്കി.

Scroll to load tweet…

2021ല്‍ 36കാരന്‍ താബിസ് ഖാന്‍ പാകിസ്ഥാന് വേണ്ടി ടെസ്റ്റില്‍ അരങ്ങേറിയതാണ് ഈ നൂറ്റാണ്ടിലെ മറ്റൊരു സംഭവം. അതേസമയം ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച ഏറ്റവും പ്രായം കൂടിയ താരത്തിന്‍റെ റെക്കോര്‍ഡ് ഇപ്പോഴും ഇംഗ്ലണ്ട് താരം ജെയിംസ് സതേര്‍ടണിന്‍റെ പേരിലാണ്. 1877ല്‍ ഓസ്ട്രേലിയക്കെതിരെ ഇംഗ്ലണ്ടിനായി അരങ്ങേറുമ്പോള്‍ സതേര്‍ടണിന്‍റെ പ്രായം 49 വയസും 119 ദിവസവുമായിരുന്നു. ഈ നൂറ്റാണ്ടില്‍ ടെസ്റ്റില്‍ അരങ്ങേറിയ ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോര്‍ഡ് ഇംഗ്ലണ്ട് താരം എഡ് ജോയ്സിന്‍റെ പേരിലാണ്. 39 വയസും 231 ദിവസവും പ്രായമുള്ളപ്പോഴാണ് എഡ് ജോയ്സ് ഇംഗ്ലണ്ടിനായി അരങ്ങേറിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക