വ്യത്യസ്ത കാലഘട്ടങ്ങളിലെ താരങ്ങളെ താരതമ്യം ചെയ്താണ് അശ്വിന്‍ എക്കാലത്തെയും മികച്ച താരത്തെ തെരഞ്ഞെടുത്തത്. വിരാട് കോലിയും ജസ്പ്രീത് ബുംറയുമായുള്ള താരതമ്യത്തില്‍ കോലിയെ ഒഴിവാക്കി ബുംറയെ ആണ് അശ്വിന്‍ തെരഞ്ഞെടുത്തത്.

ചെന്നൈ: ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമായി ബാറ്റിങ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറെ തെരഞ്ഞെടുത്ത് മുൻ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. വിരാട് കോലി, എം.എസ്. ധോണി, സുനിൽ ഗവാസ്കർ, ജസ്പ്രീത് ബുംറ, വീരേന്ദര്‍ സെവാഗ്, രവീന്ദ്ര ജഡേജ തുടങ്ങിയ വൻതാരങ്ങളെ താരതമ്യം ചെയ്താണ് അശ്വിൻ സച്ചിനെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഇന്ത്യൻ താരമായി തെരഞ്ഞെടുത്തത്. ഇഎസ്പിഎൻ ക്രിക്ഇൻഫോയുടെ ടോക് ഷോയിൽ സംസാരിക്കുകയായിരുന്നു അശ്വിന്‍.

വ്യത്യസ്ത കാലഘട്ടങ്ങളിലെ താരങ്ങളെ താരതമ്യം ചെയ്താണ് അശ്വിന്‍ എക്കാലത്തെയും മികച്ച താരത്തെ തെരഞ്ഞെടുത്തത്. വിരാട് കോലിയും ജസ്പ്രീത് ബുംറയുമായുള്ള താരതമ്യത്തില്‍ കോലിയെ ഒഴിവാക്കി ബുംറയെ ആണ് അശ്വിന്‍ തെരഞ്ഞെടുത്തത്. താനൊരു ബൗളർ ആയതുകൊണ്ട് കൂടിയാകാം ബുംറയെ മികച്ച താരമായി തെരഞ്ഞെടുത്തതെന്ന് അശ്വിൻ പറഞ്ഞു.

രവീന്ദ്ര ജഡേജയെയും മുൻ നായകൻ എം.എസ്. ധോണിയെയും താരതമ്യം ചെയ്ത അശ്വിന്‍ ധോണിയെ തെരഞ്ഞെടുത്തെങ്കിലും വീരേന്ദർ സെവാഗും ധോണിയുമായുള്ള താരതമ്യം വന്നപ്പോൾ ധോണിയെ ഒഴിവാക്കി സെവാഗിനെ തെരഞ്ഞെടുത്തുവെന്നന്നതും ശ്രദ്ധേയമാണ്. നേരത്തെ സുനിൽ ഗവാസ്കറെ പോലും ഒഴിവാക്കിയായിരുന്നു അശ്വിന്‍ സെവാഗിനെ മികച്ച താരമായി തെരഞ്ഞെടുത്തത്. സൗരവ് ഗാംഗുലിയും താനുമായുള്ള താരതമ്യത്തില്‍ മുൻ നായകൻ ഗാംഗുലിയെ ആണ് അശ്വിന്‍ തെരഞ്ഞെടുത്തത്.

അവസാന നാലു പേരിൽ നിന്ന് മികച്ച രണ്ട് താരങ്ങളെ തെരഞ്ഞെടുക്കേണ്ടി വന്നപ്പോള്‍ വീരേന്ദർ സെവാഗിനെ ഒഴിവാക്കി സച്ചിൻ ടെൻഡുൽക്കറെയും, ജസ്പ്രീത് ബുംറയെ ഒഴിവാക്കി 1983-ലെ ലോകകപ്പ് ജേതാവായ കപിൽ ദേവിനെയുമാണ് അശ്വിന്‍ തെരഞ്ഞെടുത്തത്. കപിൽ ദേവും സച്ചിൻ ടെൻഡുൽക്കറും തമ്മിലുള്ള താരതമ്യത്തിൽ വ്യക്തിപരമായ ഇഷ്ടം കൂടി പരിഗണിച്ച് സച്ചിനെ അശ്വിൻ എക്കാലത്തെയും മികച്ച താരമായി തെരഞ്ഞെടുത്തു. നേരത്തെ സച്ചിനെക്കാള്‍ മികച്ച താരം കോലിയാണെന്ന ദക്ഷിണാഫ്രിക്കൻ ഇതിഹാസ താരം എ ബി ഡിവില്ലിയേഴ്സിന്‍റെ പ്രസ്താവന വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക