മികച്ച ബൗളിംഗ് ആക്രമണത്തിലൂടെ മത്സരം ജയിക്കാന്‍ കുല്‍ദീപിന്റെ സാന്നിധ്യം അനിവാര്യമാണെന്നും അശ്വിന്‍.

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലുടനീളം ഇടംകൈയ്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് മുന്‍ താരം ആര്‍ അശ്വിന്‍. ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ ഇന്ത്യന്‍ ടീമുകള്‍ പരമ്പരാഗതമായി ഒന്നിലധികം സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്താറില്ല. ഇതിനിടെയാണ് അശ്വിന്‍ ഈ ആവശ്യം ഉന്നയിച്ചത്. സാധാരണയായി ഇംഗ്ലണ്ടില്‍ പേസര്‍മാരെ പിന്തുണയ്ക്കുന്ന പിച്ചാണ് ഒരുക്കാറ്. ഒരു സ്പിന്നറെ മാത്രമാണ് ടീമില്‍ ഉള്‍പ്പെടുത്താറ്. കൂടെ നാല് പേസര്‍മാരും സാധാരണയായി ഉണ്ടാവും.

എന്നിരുന്നാലും, മത്സരങ്ങള്‍ ജയിക്കാന്‍ ഇന്ത്യയ്ക്ക് ഏറ്റവും മികച്ച ബൗളിംഗ് ആക്രമണം ആവശ്യമാണെന്ന് അശ്വിന്‍ വാദിച്ചു. അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ കുല്‍ദീപ് ഇന്ത്യന്‍ ടീമിലുണ്ടാവും. അശ്വിന്‍ വിശദീകരിക്കുന്നതിങ്ങനെ... ''ബാറ്റര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുക്കുമ്പോള്‍, ഏറ്റവും മികച്ച ബൗളിംഗ് ആക്രമണം ആവശ്യമാണ്. അവരാണ് മത്സരം വിജയിപ്പിക്കുക. പിച്ചില്‍ ഈര്‍പ്പമുണ്ടെങ്കില്‍ കുല്‍ദീപ് ടീമില്‍ ഉണ്ടായിരിക്കണം.'' അശ്വിന്‍ വ്യക്തമാക്കി. 2021 ലെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍, രവീന്ദ്ര ജഡേജ മാത്രമാണ് സ്പിന്നറായി കളിച്ചത്. അതേസമയം പരിചയസമ്പത്ത് ഉണ്ടായിരുന്നിട്ടും അശ്വിനെ ഒഴിവാക്കി. ഇത്തവണ, കൂടുതല്‍ വഴക്കമുള്ള ഒരു ടീം കോമ്പിനേഷന്‍ സാധ്യതയുമുണ്ട്. ജഡേജയ്ക്ക് ബാറ്റിംഗ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം നല്‍കിയേക്കും. നിതീഷ് കുമാര്‍ റെഡ്ഡി, ഷാര്‍ദുല്‍ താക്കൂര്‍ തുടങ്ങിയ ഓള്‍റൗണ്ടര്‍മാരുടെ സാന്നിധ്യം കുല്‍ദീപിന് ഒരു സ്ഥാനം നല്‍കാന്‍ സാധ്യതയുണ്ട്.

ടെസ്റ്റുകളില്‍ പരിമിതമായ അവസരങ്ങള്‍ ഉണ്ടായിരുന്നിട്ടും കുല്‍ദീപ് സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്നുണ്ട്. ഇന്ത്യയുടെ നിലവിലെ ബൗളിംഗ് യൂണിറ്റിനെക്കുറിച്ചും ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ അവരുടെ സാധ്യതകളെക്കുറിച്ചും അശ്വിന്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

ഇന്ത്യന്‍ ടീമിന് എവിടയേും വിജയിക്കാന്‍ കഴിയുമെന്നാണ് അശ്വിന്റെ വിശ്വാസം. ''രവീന്ദ്ര ജഡേജയ്ക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാനും ആദ്യ അഞ്ചിലോ ആറിലോ ബാറ്റ് ചെയ്യാനും കഴിയും. ഈ ബൗളിംഗ് ആക്രമണത്തിന് ഏത് സാഹചര്യത്തിലും ഏത് ബാറ്റിംഗ് നിരയെയും പുറത്താക്കാന്‍ കഴിയും. ജസ്പ്രിത് ബുമ്രയുടെ കാര്യം പ്രത്യേകം എടുത്തുപറയേണ്ടതില്ല. മുഹമ്മദ് സിറാജിനെ മറക്കരുത്, അദ്ദേഹം ഒരു യോദ്ധാവിനെ പോലെയാണ്.'' അശ്വിന്‍ കൂട്ടിചേര്‍ത്തു.

ഇന്‍ട്രാ സ്‌ക്വാഡ് മത്സരത്തിന്റെ ആദ്യ രണ്ട് ദിനം പൂര്‍ത്തിയായതോടെ ഇന്ത്യയുടെ ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. കെ എല്‍. രാഹുലും ശുഭ്മാന്‍ ഗില്ലും അര്‍ധസെഞ്ച്വറികളുമായി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. അതേസമയം ഷാര്‍ദുല്‍ താക്കൂര്‍ പന്തുകൊണ്ടും തിളങ്ങി.

YouTube video player