ഐപിഎല്ലില്‍ തിളങ്ങിയ പതിനാലുകാരന്‍ വൈഭവ് സൂര്യവൻഷിക്ക് ടെസ്റ്റ് ക്രിക്കറ്റില്‍ പിടിച്ചുനില്‍ക്കാനാകുമോ എന്ന് യോഗ്‌രാജ് സിംഗ് ചോദിച്ചു. ടി20 ക്രിക്കറ്റിലെ മികവ് മാത്രം പോരെന്നും യഥാര്‍ത്ഥ പരീക്ഷണം ടെസ്റ്റിലാണെന്നും അദ്ദേഹം പറഞ്ഞു.
ചണ്ഡീഗഡ്: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി അരങ്ങേറി റെക്കോര്‍ഡിട്ട പതിനാലുകാരന്‍ വൈഭവ് സൂര്യവൻഷിയെക്കുറിച്ചുള്ള വാഴ്ത്തലുകള്‍ക്കിടെ വിമര്‍ശനവുമായി മുന്‍ താരവും യുവരാജ് സിംഗിന്‍റെ പിതാവുമായ യോഗ്‌രാജ് സിംഗ്. ഐപിഎല്ലിന് പിന്നാലെ അണ്ടര്‍ 19 ടീമിന്‍റെ പരിശീലനത്തിനിടെയും വൈഭവിന്‍റെ ബാറ്റിംഗ് വെടിക്കെട്ട് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു.
എന്നാല്‍ ടി20 ക്രിക്കറ്റില്‍ അടിച്ചു തകര്‍ക്കുന്ന വൈഭവിന് അഞ്ച് ദിവസം നീളുന്ന ടെസ്റ്റ് ക്രിക്കറ്റിലോ എന്തിന് 50 ഓവറുള്ള ഏകദിന ക്രിക്കറ്റിലോ തിളങ്ങാനാവുമോ എന്ന് യോഗ്‌രാജ് സിംഗ് ചോദിച്ചു. എന്‍റെ ശ്രദ്ധ ടെസ്റ്റ് ക്രിക്കറ്റിലാണ്. അവിടെ അഞ്ച് ദിവസം അതിജീവിക്കാന്‍ അവന് കഴിയുമോ. അതാണ് യഥാര്‍ത്ഥ പരീക്ഷണം. 50 ഓവറിലും 20 ഓവറിലുമെല്ലാം കളിക്കുമെന്നത് ശരിയാണ്. എന്നാല്‍ ഞാനിത്തരം ഫോര്‍മാറ്റുകളെ ഒന്നും ഗൗരവമായി കണക്കിലെടുക്കാറില്ല. ഒരു ക്രിക്കറ്റ് താരമായാല്‍ ഈ മൂന്ന് ഫോര്‍മാറ്റിലും കളിക്കാനാകണം.
പക്ഷെ ടെസ്റ്റ് ക്രിക്കറ്റിലെത്തുമ്പോള്‍ എന്തുകൊണ്ടാണ് ചില താരങ്ങള്‍ ബുദ്ധിമുട്ടുന്നത്. കാരണം അവര്‍ ടി20യിലും ഐപിഎല്ലിലും പിന്നെ ഏകദിനങ്ങളിലും മാത്രമാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ഇന്നത്തെ കാലത്ത് 50 ഓവര്‍ ഏകദിന ക്രിക്കറ്റ് പോലും തികച്ച് കളിക്കാന്‍ പല കളിക്കാര്‍ക്കും കഴിയുന്നില്ല. അതിന് പരിശീലകരും ഒരുപോലെ ഉത്തരവാദികളാണ്. എല്ലാ പരിശീലകരും എസി റൂമിലിരുന്ന് പകളി പഠിപ്പിക്കാനാണ് ശ്രമിക്കുന്നത്. എന്നെപ്പോലെയുള്ളവര്‍ 48 ഡിഗ്രി ചൂടില്‍ ഗ്രൗണ്ടിലിറങ്ങി പരിശീലനം നല്‍കിയാണ് യുവരാജിനെപ്പോലെയുളള താരങ്ങളെ കണ്ടെത്തിയത്-യോഗ്‌രാജ് സിംഗ് പറഞ്ഞു.
ഐപിഎല്ലില്‍ 35 പന്തില്‍ സെഞ്ചുറി നേടി റെക്കോര്‍ഡിട്ട വൈഭവ് ഇനി ഇംഗ്ലണ്ടിനെതിരായ അണ്ടര്‍ 19 പരമ്പരയിലാണ് കളിക്കുന്നത്. കഴിഞ്ഞ ദിവസം പരിശീലന മത്സരത്തില്‍ വൈഭവ് തകര്‍ത്തടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

