ദുബായ്: കൊവിഡ് ആശങ്കയില്‍ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റും. സെപ്റ്റംബറില്‍ നടക്കേണ്ട ടൂര്‍ണമെന്റിന്റെ വേദി സംബന്ധിച്ച് ഇപ്പോഴും അന്തിമ തീരുമാനമായിട്ടില്ല. പാക്കിസ്ഥാനായിരുന്നു ടൂര്‍ണമെന്റിന് വേദിയാവേണ്ടിയിരുന്നത്. എന്നാല്‍ ഇന്ത്യയുടെ എതിര്‍പ്പിനെത്തുടര്‍ന്ന്  ആതിഥേയത്വത്തില്‍ നിന്ന് പാക്കിസ്ഥാന്‍ സ്വയം പിന്‍വാങ്ങിയിരുന്നു. 

പുതിയ വേദി തീരുമാനിക്കാനായി ചേരാനിരുന്ന  ഏഷ്യന്‍ ക്രിക്കറ്റ് കൌണ്‍സില്‍(എസിസി) യോഗം കൊവിഡ് ആശങ്കയെത്തുടര്‍ന്ന് അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചതോടെ വേദിപോലും നിശ്ചയിക്കാത്ത ടൂര്‍ണമെന്റ് സെപ്റ്റംബറില്‍ നടക്കുമോ എന്നകാര്യത്തിലും ക്രിക്കറ്റ് ലോകം ആശങ്കയിലാണ്. 

ഇന്ത്യയുടെ മത്സരങ്ങള്‍ ഒഴികെയുള്ള ചില മത്സരങ്ങള്‍ പാക്കിസ്ഥാനില്‍ നടത്തുകയും ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് മാത്രം മറ്റ് വേദികള്‍ തീരുമാനിക്കുകയും ചെയ്യുക എന്നതടക്കം എസിസിയുടെ പരിഗണനയിലാണ്. ശ്രീലങ്കയും ബംഗ്ലാദേശും പാക്കിസ്ഥാനില്‍ കളിക്കാന്‍ തയാറാണെന്ന് വ്യക്തമാക്കിയിട്ടുള്ളതിനാല്‍ ഈ രാജ്യങ്ങളുമായുള്ള മത്സരങ്ങള്‍ പാക്കിസ്ഥാനില്‍ തന്നെ നടത്തുന്നതിനെക്കുറിച്ചാണ് എസിസി ആലോചിക്കുന്നത്. 
ഇതില്‍ എതിര്‍പ്പില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടുമുണ്ട്. 

ഈ മാസം ചേരാനിരിക്കുന്ന ഐസിസി യോഗത്തിന്റെ ഭാഗമായി എസിസി അംഗങ്ങളുടെ യോഗം ചേരാമെന്ന് ധാരണയുണ്ടായിരുന്നെങ്കിലും കൊവിഡ് ആശങ്കയുടെ പശ്ചാത്തലത്തില്‍ ഐസിസി യോഗം വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നടത്താന്‍ തീരുമാനിച്ചതും ഏഷ്യാ കപ്പിന്റെ വേദി തീരുമാനിക്കുന്നതിലെ തീരുമാനം നീളാന്‍ കാരണമായേക്കും. ഏഷ്യാ കപ്പില്‍ നിലവിലെ ചാമ്പ്യന്‍മാരാണ് ഇന്ത്യ. 2018ല്‍ നടന്ന ടൂര്‍ണമെന്റില്‍ ഫൈനലില്‍ ബംഗ്ലാദേശിനെ കീഴടക്കി ഇന്ത്യ കിരീടം നേടിയിരുന്നു.