Asianet News MalayalamAsianet News Malayalam

ധവാന്‍ മുതല്‍ സഞ്ജു വരെ; തല്ലും തലോടലും കൊണ്ട് ഏഷ്യാ കപ്പ് ടീമില്‍ ഇടംപിടിക്കാതെ പോയ പ്രധാനികള്‍ ഇവര്‍

ഈ വര്‍ഷം ടീം ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുത്തിട്ടും സഞ്ജു തഴയപ്പെടുകയായിരുന്നു

From Shikhar Dhawan to Sanju Samson five top players excluded from Asia Cup 2022 Indian squad
Author
Mumbai, First Published Aug 9, 2022, 1:08 PM IST

മുംബൈ: ലഭ്യമായ ഏറ്റവും ശക്തമായ സ്‌ക്വാഡിനേയോ ഇന്ത്യ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിന്(Asia Cup 2022) അയക്കുന്നത്? പേസര്‍മാരായ ജസ്‌പ്രീത് ബുമ്രയും ഹര്‍ഷല്‍ പട്ടേലും പരിക്കേറ്റ് പുറത്തായതോടെ കനത്ത തിരിച്ചടിയാണ് ടീം നേരിട്ടത്. അതോടൊപ്പം സഞ്ജു സാംസണ്‍(Sanju Samson) അടക്കമുള്ള താരങ്ങളെ ടീം അവഗണിക്കുകയും ചെയ്‌തു. ടീം ഇന്ത്യയുടെ ഏഷ്യാ കപ്പ് സ്‌ക്വാഡില്‍ ഇടംപിടിക്കാതെ പോയ അഞ്ച് പ്രധാന താരങ്ങള്‍ ആരൊക്കെയെന്ന് നോക്കാം. 

1. ശിഖര്‍ ധവാന്‍

ടീമിനെ പ്രതിനിധീകരിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ മിക്കപ്പോഴും മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള ഓപ്പണറാണ് ശിഖര്‍ ധവാന്‍. വെസ്റ്റ് ഇന്‍ഡീസിനെതിരെ അവസാന ഏകദിന പരമ്പരയില്‍ മികച്ച ഫോമിലായിരുന്നു താരം. ഐപിഎല്‍ പതിനഞ്ചാം സീസണില്‍ പഞ്ചാബ് കിംഗ്‌സിനായി 14 കളിയില്‍ 460 റണ്‍സ് നേടി. ഇന്ത്യക്കായി 68 ടി20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരം 11 അര്‍ധ ശതകങ്ങളോടെ 1759 റണ്‍സ് നേടിയിട്ടുണ്ട്. 92 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഐപിഎല്‍ കരിയറിലാകെ 206 മത്സരങ്ങള്‍ കളിച്ച താരം രണ്ട് ശതകങ്ങള്‍ സഹിതം 126.33 സ്‌ട്രൈക്ക് റേറ്റിലും 34.88 ശരാശരിയിലും 6243 റണ്‍സും പേരിലാക്കി. 

2. കുല്‍ദീപ് യാദവ്

വെസ്റ്റ് ഇന്‍ഡീസിനെതിരെ ദിവസങ്ങള്‍ മുമ്പ് മാത്രം അവസാനിച്ച ടി20 പരമ്പരയിലൂടെയായിരുന്നു സ്‌പിന്നര്‍ കുല്‍ദീപ് യാദവിന്‍റെ തിരിച്ചുവരവ്. അവസാന മത്സരത്തില്‍ അവസരം ലഭിച്ചപ്പോള്‍ 4 ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് സ്വന്തമാക്കി. എന്നിട്ടും ഏഷ്യാ കപ്പ് സ്‌ക്വാഡിലെത്തിയില്ല. രണ്ട് റിസ്റ്റ് സ്‌പിന്നര്‍മാര്‍ ടീമിലുള്ളതാവും കുല്‍ദീപിനെ ഏഷ്യാ കപ്പ് സ്‌ക്വാഡിലേക്ക് പരിഗണിക്കാതിരിക്കാന്‍ കാരണം. രാജ്യാന്തര ടി20യില്‍ 25 മത്സരങ്ങളില്‍ 6.89 ഇക്കോണമിയില്‍ 44 വിക്കറ്റും ഐപിഎല്‍ കരിയറില്‍ 59 കളികളില്‍ 8.32 ഇക്കോണമിയില്‍ 61 വിക്കറ്റുമാണ് കുല്‍ദീപിന്‍റെ സമ്പാദ്യം. 

3. ഇഷാന്‍ കിഷന്‍

ഏഷ്യാ കപ്പ് സ്‌ക്വാഡിലേക്ക് പരിഗണിക്കുന്നതായി പറഞ്ഞുകേട്ട പേരുകളിലൊന്നാണ് യുവ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍റേത്. സമീപകാലത്ത് മികവ് കാട്ടാതിരുന്നത് ഇഷാന്‍ തിരിച്ചടിയായി. പരിക്ക് മാറി കെ എല്‍ രാഹുല്‍ തിരിച്ചെത്തിയതോടെ ഓപ്പണിംഗില്‍ ഇഷാന്‍റെ സ്ഥാനം നഷ്‌ടമാവുകയും ചെയ്തു. രാജ്യാന്തര ടി20യില്‍ 19 മത്സരങ്ങളില്‍ 131.16 സ്‌ട്രൈക്ക് റേറ്റിലും 30.17 ശരാശരിയിലും 543 റണ്‍സും 75 ഐപിഎല്‍ മത്സരങ്ങളില്‍ 132.34 സ്‌ട്രൈക്ക് റേറ്റിലും 29.22 ശരാശരിയിലും 1870 റണ്‍സും ഇഷാനുണ്ട്. 

4. സഞ്ജു സാംസണ്‍

സ്‌ക്വാഡിലെത്തുമെന്ന് കരുതിയ മറ്റൊരു യുവ വിക്കറ്റ് കീപ്പര്‍ ബാറ്റാണ് സഞ്ജു സാംസണ്‍. ഈ വര്‍ഷം ടീം ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുത്തിട്ടും സഞ്ജു തഴയപ്പെടുകയായിരുന്നു. കെ എല്‍ രാഹുലും വിരാട് കോലിയും തിരിച്ചെത്തിയതോടെ സ്‌പെഷ്യലിസ്റ്റ് ബാറ്ററായി സ‍ഞ്ജുവിന് സ്ഥാനം നഷ്‌ടമാവുകയും ചെയ്തു. സ‍ഞ്ജുവിന് പകരം ടീമിലെത്തിയ വിക്കറ്റ് കീപ്പര്‍മാരായ ദിനേശ് കാര്‍ത്തിക്കിനും റിഷഭ് പന്തിനും ഈ വര്‍ഷം ഫോര്‍മാറ്റില്‍ സഞ്ജുവിനേക്കാള്‍ കുറവ് സ്‌ട്രൈക്ക് റേറ്റും ബാറ്റിംഗ് ശരാശരിയുമേയുള്ളൂ എന്നത് ചര്‍ച്ചയാവുന്നുണ്ട്. ഐപിഎല്‍ കരിയറില്‍ 138 മത്സരങ്ങളില്‍ 3 സെഞ്ചുറികളോടെ 3526 റണ്‍സുള്ള താരം കൂടിയാണ് സഞ്ജു. ഐപിഎല്ലില്‍ കഴിഞ്ഞ സീസണില്‍ സഞ്ജു രാജസ്ഥാന്‍ റോയല്‍സിനായി 17 മത്സരങ്ങളില്‍ 458 റണ്‍സ് നേടിയിരുന്നു. 

5. മുഹമ്മദ് സിറാജ് 

ജസ്‌പ്രീത് ബുമ്രയും ഹര്‍ഷല്‍ പട്ടേലും പരിക്കേറ്റ് പിന്‍മാറിയതോടെ പേസറായി മുഹമ്മദ് സിറാജ് ഏഷ്യാ കപ്പ് സ്‌ക്വാഡില്‍ ഇടംപിടിക്കും എന്ന് പ്രതീക്ഷിച്ചവരുണ്ട്. യുഎഇയിലാണ് മത്സരങ്ങള്‍ എന്നതിനാല്‍ ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിംഗ്, ആവേശ് ഖാൻ എന്നീ മൂന്ന് താരങ്ങള്‍ മാത്രമേ സ്‌പെഷ്യലിസ്റ്റ് പേസര്‍മാരായി സ്‌ക്വാഡിലുള്ളൂ. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് മറ്റൊരു പേസ് ഓപ്ഷന്‍. അഞ്ച് രാജ്യാന്തര ടി20കളില്‍ അത്രതന്നെ വിക്കറ്റും 65 ഐപിഎല്‍ മത്സരങ്ങളില്‍ 59 വിക്കറ്റും സിറാജിനുണ്ട്. 

ഏഷ്യാ കപ്പില്‍ രോഹിത് ശർമ്മയാണ് ഇന്ത്യന്‍ ടീമിനെ നയിക്കുക. വിരാട് കോലിയും കെ എല്‍ രാഹുലും ടീമിലേക്ക് തിരിച്ചെത്തിയത് ശ്രദ്ധേയം. രാഹുൽ വൈസ് ക്യാപ്റ്റനായി തുടരും. സൂര്യകുമാർ യാദവ്, റിഷഭ് പന്ത്, ദീപക് ഹൂഡ, ദിനേശ് കാർത്തിക്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആർ അശ്വിൻ, യുസ്‍വേന്ദ്ര ചഹൽ, രവി ബിഷ്ണോയ്, ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിംഗ്, ആവേശ് ഖാൻ എന്നിവരാണ് ടീമിൽ ഇടംപിടിച്ച മറ്റ് താരങ്ങൾ. ശ്രേയസ് അയ്യര്‍, ദീപക് ചാഹര്‍, അക്‌സര്‍ പട്ടേല്‍ എന്നിവരെ സ്റ്റാന്‍ഡ്‌ബൈ താരങ്ങളായി ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. 

Asia Cup 2022 : 'ദ് ഫ്ലോപ്പ് ഫിനിഷര്‍', എന്നിട്ടും ഡികെ ടീമില്‍, സഞ്ജു പുറത്തും; കണക്കുകള്‍ മൂടിവെക്കാനാവില്ല

Latest Videos
Follow Us:
Download App:
  • android
  • ios