വിന്‍ഡീസ് പര്യടനത്തിന് ശേഷം ആവേശിന്‍റെ മോശം ഫോം ടീമിന് തലവേദന നല്‍കിയിരുന്നു

ദുബായ്: അസുഖ ബാധിതനായ ഫാസ്റ്റ് ബൗളർ ആവേശ് ഖാന് ഏഷ്യാ കപ്പിലെ ശേഷിച്ച മത്സരങ്ങളിൽ കളിക്കാനാവില്ല. പനി ബാധിച്ച ആവേശ് ഖാന്‍റെ അസുഖം കൂടുകയായിരുന്നു. ആവേശിന് പകരം ദീപക് ചഹറിനെ ടീമിൽ ഉൾപ്പെടുത്തി. ദീപക് റിസർവ് താരമായി ടീമിനൊപ്പമുണ്ടായിരുന്നു. പനിമൂലം പാകിസ്ഥാനെതിരെ ആവേശിനെ കളിപ്പിച്ചിരുന്നില്ല. എന്നാല്‍ അവശേഷിക്കുന്ന മത്സരങ്ങളില്‍ താരത്തിന് കളിക്കാനാകുമെന്ന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് നേരത്തെ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. 

വിന്‍ഡീസ് പര്യടനത്തിന് ശേഷം ആവേശിന്‍റെ മോശം ഫോം ടീമിന് തലവേദന നല്‍കിയിരുന്നു. ദുര്‍ബലരായ ഹോങ്കോങ് ടീം 53 റണ്‍സാണ് നാല് ഓവറില്‍ അടിച്ചുകൂട്ടിയത്. പ്ലേയിംഗ് ഇലവനിലെത്തിയാല്‍ ദീപക് ചാഹറിന്‍റെ സ്വിങ് പന്തുകള്‍ ടീമിന് പവര്‍പ്ലേ ഓവറുകളില്‍ ഗുണമായേക്കും. പരിക്കിന്‍റെ ഇടവേള കഴി‌ഞ്ഞെത്തിയ ചാഹര്‍ സിംബാബ്‌വെക്കെതിരെ രണ്ട് ഏകദിനങ്ങള്‍ കളിച്ചിരുന്നു. ഫിറ്റ്‌നസ് സംശയങ്ങളെ തുടര്‍ന്ന് ഏഷ്യാ കപ്പിനുള്ള പ്രധാന സ്‌ക്വാഡില്‍ ദീപക് ചാഹറിന് മുമ്പ് ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതോടെയാണ് ഫോമില്ലായ്‌മയ്‌ക്കിടയിലും ആവേശ് ഖാന്‍ ടീമില്‍ തുടര്‍ന്നത്. 

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനോടും ശ്രീലങ്കയോടും തോറ്റ ഇന്ത്യയുടെ ഫൈനല്‍ പ്രതീക്ഷ അവതാളത്തിലായിരിക്കുകയാണ്. ലങ്കയോട് ഇന്നലെ ആറ് വിക്കറ്റിനായിരുന്നു തോല്‍വി. ഇന്ത്യയുടെ 173 റൺസ് നാല് വിക്കറ്റ് നഷ്‌ടത്തില്‍ ഒരു പന്ത് ശേഷിക്കേ ലങ്ക മറികടന്നു. മറുപടി ബാറ്റിംഗില്‍ പതും നിസങ്കയും(52), കുശാല്‍ മെന്‍ഡിസും(57) ഓപ്പണിംഗ് വിക്കറ്റില്‍ 97 റണ്‍സ് ചേര്‍ത്തതും അവസാന ഓവറുകളിലെ ഭാനുക രജപക്സെ(17 പന്തില്‍ 25*), ക്യാപ്റ്റന്‍ ദാസുന്‍ ഷനക(18 പന്തില്‍ 33*) വെടിക്കെട്ടിലുമാണ് ലങ്കയുടെ വിജയം. 41 പന്തിൽ 72 റൺസെടുത്ത നായകന്‍ രോഹിത് ശര്‍മ്മയുടെ അർധസെഞ്ച്വറിയായിരുന്നു ഇന്ത്യയെ 20 ഓവറില്‍ എട്ട് വിക്കറ്റിന് 173ൽ എത്തിച്ചത്. കെ എല്‍ രാഹുല്‍(6), വിരാട് കോലി(0), ഹാര്‍ദിക് പാണ്ഡ്യ(17), റിഷഭ് പന്ത്(17), ദീപക് ഹൂഡ(3) എന്നിവര്‍ക്ക് തിളങ്ങാനായില്ല. 

ചുമ്മാ പറ്റിക്കല്ലേ സാറന്‍മാരെ, റിഷഭിനേക്കാള്‍ കേമന്‍ സഞ്ജു; കണക്കുകളുമായി ആരാധകര്‍, ടീമിലെടുക്കണമെന്ന് ആവശ്യം