വീട്ടില്‍ സ്വര്‍ണം വെച്ചിട്ട് എന്തിനാണ് ഇങ്ങനെ തപ്പിനടക്കുന്നത് എന്നാണ് ആരാധകര്‍ ചോദിക്കുന്ന ചോദ്യം

ദുബായ്: ടെസ്റ്റില്‍ ടി20 ശൈലിയില്‍ ബാറ്റ് വീശുന്ന താരമാണ് ഇന്ത്യന്‍ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. എന്നാല്‍ ടി20യിലേക്ക് വരുമ്പോള്‍ പന്തിന്‍റെ ഹിറ്റിംഗ് മികവും ഷോട്ട് സെലക്ഷനും ആരാധകര്‍ സംശയിക്കുന്നു. ഏഷ്യാ കപ്പില്‍ അവസരം കിട്ടിയ മത്സരങ്ങളിലെല്ലാം പന്ത് ഈ വിമര്‍ശനം നേരിട്ടിരുന്നു. ഇതോടെ ടി20യില്‍ ഹിറ്റിംഗ് എബിലിറ്റിയുള്ള വിക്കറ്റ് കീപ്പര്‍മാരെയാണ് ഇന്ത്യ തപ്പുന്നതെങ്കില്‍ റിഷഭിന് പകരം സഞ്ജുവിനെ ടീമിലെടുത്തേ പറ്റൂ എന്ന് കണക്കുകള്‍ നിരത്തി വാദിക്കുകയാണ് ആരാധകര്‍. വീട്ടില്‍ സ്വര്‍ണം വെച്ചിട്ട് എന്തിനാണ് ഇങ്ങനെ തപ്പിനടക്കുന്നത് എന്നാണ് ആരാധകര്‍ ചോദിക്കുന്ന ചോദ്യം. 

Scroll to load tweet…

അവസാന 10 ഇന്നിംഗ്‌സുകളില്‍ സഞ്ജു സാംസണ്‍ 223 റണ്‍സ് നേടിയപ്പോള്‍ റിഷഭ് പന്തിന് 170 റണ്‍സേയുള്ളൂ. 10(9), 27(20), 7(13), 0(3), 0(0), 39(25), 18(12), 77(42), 30(23), 15(11) എന്നിങ്ങനെയാണ് സ‍ഞ്ജുവിന്‍റെ സ്കോര്‍. അതേസമയം റിഷഭിന്‍റേത് 1(1), 26(15), 1(5), 14(12), 24(12), 33(26), 44(31), 0(0), 14(12), 13(17) എന്നിങ്ങനെയാണ്. ബാറ്റിംഗ് ഓര്‍ഡറില്‍ പല സ്ഥാനങ്ങള്‍ നല്‍കിയിട്ടും റിഷഭ് തിളങ്ങുന്നില്ല, സ്ഥിരതയുടെ പേരില്‍ സഞ്ജുവിനെ ആക്രമിക്കുന്നവര്‍ റിഷഭിന്‍റെ മോശം ബാറ്റിംഗിന് നേരെ കണ്ണടയ്‌ക്കുന്നു എന്നും ആരാധകര്‍ വിമര്‍ശിക്കുന്നു. സഞ്ജുവിന് 2022ല്‍ രാജ്യാന്തര ടി20 ശരാശരി 44.75 ആണെങ്കില്‍ റിഷഭിന്‍റേത് 24.90 മാത്രമാണ്. മധ്യ ഓവറുകളില്‍ 150.58 സ്ട്രൈക്ക് റേറ്റ് സഞ്ജുവിനുണ്ട് എന്നും ആരാധകര്‍ വാദിക്കുന്നു. ദീപക് ഹൂഡ, കെ എല്‍ രാഹുല്‍ എന്നിവരേക്കാള്‍ മികച്ച പ്രകടനം സഞ്ജുവിന്‍റേതാണ് എന്ന കാര്യവും ആരാധകര്‍ ഓര്‍മ്മിപ്പിക്കുന്നു. ടി20 ലോകകപ്പ് ടീമില്‍ സഞ്ജു സാംസണ്‍ വേണമെന്ന ആവശ്യം ഇതോടെ ശക്തമാവുകയാണ്. 

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ രണ്ടാമത്തെ മത്സരത്തില്‍ ലങ്കയോട് ആറ് വിക്കറ്റിന് ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഇന്ത്യയുടെ 173 റൺസ് ഒരു പന്ത് ശേഷിക്കേ ലങ്ക മറികടക്കുകയായിരുന്നു. മറുപടി ബാറ്റിംഗില്‍ പതും നിസങ്കയും(52), കുശാല്‍ മെന്‍ഡിസും(57) ഓപ്പണിംഗ് വിക്കറ്റില്‍ 97 റണ്‍സ് ചേര്‍ത്തത് ലങ്കയ്‌ക്ക് കരുത്തായി. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് ഭാനുക രജപക്സെയും(17 പന്തില്‍ 25*), ക്യാപ്റ്റന്‍ ദാസുന്‍ ഷനകയും(18 പന്തില്‍ 33*) ലങ്കയെ ജയിപ്പിക്കുകയായിരുന്നു. നേരത്തെ 41 പന്തിൽ 72 റൺസെടുത്ത നായകന്‍ രോഹിത് ശര്‍മ്മയുടെ അർധസെഞ്ച്വറിയുടെ മികവിലാണ് ഇന്ത്യ 20 ഓവറില്‍ എട്ട് വിക്കറ്റിന് 173ൽ എത്തിയത്. കെ എല്‍ രാഹുല്‍(6), വിരാട് കോലി(0), ഹാര്‍ദിക് പാണ്ഡ്യ(17), റിഷഭ് പന്ത്(17), ദീപക് ഹൂഡ(3) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്കോര്‍. 

സഞ്ജുവായിരുന്നെങ്കില്‍ അത് വിക്കറ്റ്, റിഷഭ് പന്തിനെ പൊരിച്ച് ആരാധകര്‍; പഴയ വീഡിയോ വീണ്ടും വൈറല്‍