മത്സരത്തിന് മുമ്പ് തന്നെ ഇരു ടീമുകളും വാക്‌പോര് ആരംഭിച്ചിരുന്നു എന്നതിനാല്‍ കളത്തിലെ പോരാട്ടം ഏറെ ശ്രദ്ധേയമായിരുന്നു

ദുബായ്: ഏഷ്യാ കപ്പില്‍ ഇതുവരെ നടന്ന ഏറ്റവും വാശിയേറിയ മത്സരങ്ങളിലൊന്നിനാണ് ഇന്നലെ ദുബായ് ക്രിക്കറ്റ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ ഏഷ്യാ കപ്പില്‍ ടീമിനെ അട്ടിമറിച്ച ബംഗ്ലാ കടുവകളെ അവസാന ഓവര്‍ ത്രില്ലറില്‍ ഇക്കുറി തളയ്ക്കുകയായിരുന്നു ലങ്ക. അതും സൂപ്പര്‍ ഓവര്‍ ഉറപ്പിക്കാനുള്ള ജീവന്‍മരണ പോരാട്ടത്തില്‍. നാഗനൃത്തത്തോടെയാണ് ശ്രീലങ്കയുടെ ഓള്‍റൗണ്ടര്‍ ചാമിക കരുണരത്‌നെ ഈ വിജയം ആഘോഷിച്ചത്.

മത്സരത്തിന് മുമ്പ് തന്നെ ഇരു ടീമുകളും വാക്‌പോര് ആരംഭിച്ചിരുന്നു എന്നതിനാല്‍ കളത്തിലെ പോരാട്ടം ഏറെ ശ്രദ്ധേയമായിരുന്നു. ബംഗ്ലാദേശിന് ഷാക്കിബ് അല്‍ ഹസന്‍, മുസ്‌താഫിസൂര്‍ റഹ്‌മാന്‍ എന്നിങ്ങനെ രണ്ട് ലോക നിലവാരമുള്ള ബൗളര്‍മാരേയുള്ളൂ എന്നായിരുന്നു ദാഷുന്‍ ശനകയുടെ വാക്കുകള്‍. ഇതിന് ബംഗ്ലാ ടീം ഡയറക്‌ടര്‍ തിരിച്ചടി നല്‍കുകയും ചെയ്തതോടെ മത്സരം ടോസ് വീഴും മുമ്പേ ആവേശമായി. ലങ്കയ്ക്ക് ലോകോത്തര ബൗളര്‍മാരേയില്ല എന്നായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ ബംഗ്ലാദേശ് ടീം ഡയറക്ടര്‍ ഖാലിദ് മഹ്‌മൂദിന്‍റെ തിരിച്ചടി. 

ഒടുവില്‍ മൈതാനത്തെത്തിയപ്പോള്‍ മത്സരം തുടക്കം മുതല്‍ ആവേശമായി. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറില്‍ ഏഴ് വിക്കറ്റിന് 183 റണ്‍സെടുത്തു. 26 പന്തില്‍ 38 റണ്‍സെടുത്ത മെഹിദി ഹസനും22 പന്തില്‍ 24 റണ്‍സെടുത്ത നായകന്‍ ഷാക്കിബ് അല്‍ ഹസനും 22 പന്തില്‍ 39 റണ്‍സെടുത്ത ആഫിഫ് ഹൊസൈനും 22 പന്തില്‍ 27 റണ്‍സെടുത്ത മഹമ്മദുള്ളയും 9 പന്തില്‍ 24 റണ്‍സെടുത്ത മൊഹദേക്ക് ഹൊസൈനുമാണ് ബംഗ്ലാ ടീമിന് മികച്ച സ്കോര്‍ സമ്മാനിച്ചത്. ലങ്കയ്ക്കായി വനിന്ദു ഹസരങ്കയും ചാമിക കരുണരത്‌നെയും രണ്ട് വീതം വിക്കറ്റ് വീഴ്‌ത്തി. 

മറുപടി ബാറ്റിംഗില്‍ പാതും നിസംങ്കയും കുശാല്‍ മെന്‍ഡിസും ഓപ്പണിംഗ് വിക്കറ്റില്‍ ലങ്കയ്ക്ക് 45 വിക്കറ്റ് സമ്മാനിച്ചെങ്കിലും പിന്നാലെ ടീം പ്രതിരോധത്തിലായി. 37 പന്തില്‍ 60 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ കുശാല്‍ മെന്‍ഡിസാണ് ലങ്കയുടെ ടോപ് സ്കോറര്‍. ചാമിക അസലങ്ക(1), ദനുഷ്‌ക ഗുണതിലക(11), ഭാനുക രജപക്‌സെ(2) എന്നിവര്‍ പരാജയപ്പെട്ടപ്പോള്‍ 33 പന്തില്‍ 45 റണ്‍സെടുത്ത ശനക മാത്രമാണ് പിന്നീട് തിളങ്ങിയത്. 10 പന്തില്‍ 16 റണ്‍സെടുത്ത ചാമിക റണ്ണൗട്ടായത് തിരിച്ചടിയായി. എന്നാല്‍ നാല് പന്ത് ബാക്കിനില്‍ക്കേ അസിത ഫെര്‍ണാണ്ടോയും(10), മഹീഷ് തീഷ്‌ണയും(0) ലങ്കയ്ക്ക് രണ്ട് വിക്കറ്റ് ജയം സമ്മാനിക്കുകയായിരുന്നു. ജയത്തോടെ ലങ്ക സൂപ്പര്‍ ഫോറിലെത്തി. 

ഇതിന് പിന്നാലെയായിരുന്നു ബംഗ്ലാദേശിനെതിരെ ലങ്കന്‍ താരം ചാമിക കരുണരത്‌നെയുടെ നാഗിന്‍ നൃത്തം. ഇതിന്‍റെ വീഡിയോയും ചിത്രങ്ങളും ഉടനടി വൈറലായി. 2018ലെ ഏഷ്യാ കപ്പില്‍ 137 റണ്‍സിന് തോല്‍പിച്ച ബംഗ്ലാദേശിനെതിരെ ലങ്കയുടെ മധുരപ്രതികാരം കൂടിയാണ് ഈ നാഗ നൃത്തത്തിന് പിന്നിലുള്ളത്. അന്ന് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാ ടീം 261 റണ്‍സെടുത്തപ്പോള്‍ ലങ്കയുടെ മറുപടി ഇന്നിംഗ്‌സ് 124ല്‍ അവസാനിക്കുകയായിരുന്നു. 

Scroll to load tweet…

ഏഷ്യാ കപ്പ്: ജീവന്‍മരണപ്പോരില്‍ കടുവകളെ കൂട്ടിലടച്ച് ലങ്കന്‍ സിംഹങ്ങള്‍ സൂപ്പര്‍ ഫോറില്‍