വസീമിന് പകരം മോശം ഫോമിന്‍റെ പേരില്‍ ഏഷ്യാ കപ്പ് ടീമില്‍ നിന്ന് സെലക്ടര്‍മാര്‍ ആദ്യം ഒഴിവാക്കിയ ഹസന്‍ അലിയെ തന്നെ തിരികെ വിളിച്ചു. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്‍റെ അന്തിമാനുമതി ലഭിച്ചാല്‍ ഹസന്‍ അലിയെ പകരക്കാരനായി ഔദ്യോഗികമായി പ്രഖ്യാപിക്കും.
ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ഞായറാഴ്ച ഇന്ത്യക്കെതിരായ നിര്‍ണായക മത്സരത്തിനിറങ്ങും മുമ്പ് പാക്കിസ്ഥാന് കനത്ത തിരിച്ചടി. നടുവിന് പരിക്കേറ്റ പേസ് ബൗളര്‍ മുഹമ്മദ് വസീം ജൂനിയര്‍ ടൂര്‍ണമെന്‍റില്‍ നിന്ന് പിന്‍മാറി. പകരം, ഹസന്‍ അലിയെ പാക്കിസ്ഥാന്‍ ടീമിലുള്‍പ്പെടുത്തി. പരിശീലനത്തിനിടെ പന്തെറിയുമ്പോഴാണ് വസീമിന്‍റെ നടുവിന് പരിക്കേറ്റത്.
പ്രാഥമിക പരിശോധനകള്‍ക്കുശേഷം വസീമിനെ എംആര്‍ഐ സ്കാനിംഗിനും വിധേയനാക്കിയിരുന്നു. തുടര്‍ന്നാണ് വസീമിന് ഏഷ്യാ കപ്പില്‍ കളിക്കാന്‍ കഴിയില്ലെന്ന് വ്യക്തമായത്. ഇംഗ്ലണ്ടിന്‍റെ പാക്കിസ്ഥാന്‍ പര്യടനത്തിന് മുമ്പ് വസീം പരിക്കില്‍ നിന്ന് മോചിതനാകുമെന്നാണ് പാക് ടീമിന്‍റെ പ്രതീക്ഷ.
വസീമിന് പകരം മോശം ഫോമിന്‍റെ പേരില്‍ ഏഷ്യാ കപ്പ് ടീമില്‍ നിന്ന് സെലക്ടര്‍മാര്‍ ആദ്യം ഒഴിവാക്കിയ ഹസന്‍ അലിയെ തന്നെ തിരികെ വിളിച്ചു. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്‍റെ അന്തിമാനുമതി ലഭിച്ചാല്‍ ഹസന്‍ അലിയെ പകരക്കാരനായി ഔദ്യോഗികമായി പ്രഖ്യാപിക്കും.
പരിക്കേറ്റ് സ്റ്റാര്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീദി പുറത്തായതിന് പിന്നാലെ വസീമിനും പരിക്കേറ്റത് പാകിസ്ഥാന് ഇരട്ടപ്രഹമാണ്. ദുബായില്‍ എത്തിയ ശേഷം ടീമിന്‍റെ മൂന്ന് പ്രാക്‌ടീസ് സെഷനുകളിലും മുഹമ്മദ് വസീം പങ്കെടുത്തിരുന്നു. ഏഷ്യാ കപ്പിന് ശേഷം ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് ടീമുകള്‍ക്കെതിരെ പാകിസ്ഥാന് പരമ്പരകളുണ്ട്. കഴിഞ്ഞ ജൂലൈയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ അരങ്ങേറിയ വസീം ഇതിനകം 11 രാജ്യാന്തര ടി20 മത്സരങ്ങളില്‍ നിന്ന് 15.88 ശരാശരിയിലും 8.10 ഇക്കോണമിയിലും 17 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.
ആദ്യം അഫ്രീദി
ഏഷ്യാ കപ്പില്‍ പാകിസ്ഥാന് ഏറ്റവും നിര്‍ണായകമാകുമെന്ന് കരുതിയ പേസര്‍ ഷഹീന്‍ ഷാ അഫ്രീദി കാല്‍മുട്ടിലെ പരിക്കിനെ തുടര്‍ന്ന് നേരത്തെ ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്തായിരുന്നു. ദുബായില്‍ ഞായറാഴ്‌ചയാണ് ഏഷ്യാ കപ്പില്‍ ആദ്യ ഇന്ത്യ-പാക് പോരാട്ടം. ഇതിന് ശേഷം സൂപ്പര്‍ ഫോറിലും ഭാഗ്യമുണ്ടെങ്കില്‍ ഫൈനലിലും ഇരു ടീമുകളും മുഖാമുഖം വരും. കഴിഞ്ഞ ടി20 ലോകകപ്പില്‍ ദുബായില്‍ അവസാനമായി ഇന്ത്യ-പാക് ടീമുകള്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ മൂന്ന് വിക്കറ്റുമായി ഷഹീന്‍ മത്സരത്തിലെ താരമായിരുന്നു. മത്സരത്തില്‍ പാകിസ്ഥാന്‍ 10 വിക്കറ്റ് ജയവും സ്വന്തമാക്കി. 40 രാജ്യാന്തര ടി20കളില്‍ 47 വിക്കറ്റ് ഷഹീനുണ്ട്.
