രാജ്യാന്തര ടി20യില്‍ പാകിസ്ഥാനെതിരെ ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും മികച്ച പ്രകടനത്തിന്‍റെ റെക്കോര്‍ഡാണ് ഭുവി പേരിലാക്കിയത്

ദുബായ്: സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളും പാക് നായകനുമായ ബാബര്‍ അസമിനെ പുറത്താക്കിത്തുടങ്ങിയ പടയോട്ടം. പിന്നാലെ 4 ഓവറില്‍ 26 റണ്‍സിന് നാല് വിക്കറ്റ് എന്ന ശ്രദ്ധേയം പ്രകടനം. ഏഷ്യാ കപ്പില്‍ പാകിസ്ഥാന്‍റെ നാല് വിക്കറ്റ് പിഴുത് ഭുവനേശ്വര്‍ കുമാര്‍ ഇടംപിടിച്ചത് റെക്കോര്‍ഡ് ബുക്കിലാണ്. രാജ്യാന്തര ടി20യില്‍ പാകിസ്ഥാനെതിരെ ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും മികച്ച പ്രകടനത്തിന്‍റെ റെക്കോര്‍ഡാണ് ഭുവി പേരിലാക്കിയത്. ബാബര്‍ അസം, ഷദാബ് ഖാന്‍, ആസിഫ് അലി, നസീം ഷാ എന്നിവരെയാണ് ഭുവനേശ്വര്‍ കുമാര്‍ മടക്കിയത്.

Scroll to load tweet…

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 19.5 ഓവറില്‍ 147 റണ്‍സിന് ഓള്‍ഔട്ടായി. 42 പന്തില്‍ 43 റണ്‍സെടുത്ത ഓപ്പണറും വിക്കറ്റ് കീപ്പറുമായ മുഹമ്മദ് റിസ്‌വാനാണ് പാക്കിസ്ഥാന്‍റെ ടോപ് സ്കോറര്‍. റിസ്‌വാനെയും പാക് മധ്യനിരയെയും എറിഞ്ഞിട്ട് പാണ്ഡ്യയാണ് കാര്യങ്ങള്‍ ഇന്ത്യക്ക് അനുകൂലമാക്കിയത്. ഇന്ത്യക്കായി ഭൂവനേശ്വര്‍ കുമാര്‍ നാലും ഹാര്‍ദ്ദിക് പാണ്ഡ്യ മൂന്നും വിക്കറ്റെടുത്തു. ക്യാപ്റ്റന്‍ ബാബര്‍ അസം 10ലും ഇഫ്‌തിഖര്‍ അഹമ്മദ് 28ലും ഖുഷ്‌ദില്‍ ഷാ രണ്ടിലും ആസിഫ് അലി 9ലും മുഹമ്മദ് നവാസ് ഒന്നിലും നസീം ഷാ ഗോള്‍ഡന്‍ ഡക്കായും മടങ്ങി. 6 പന്തില്‍ 16 റണ്‍സെടുത്ത ഷാനവാസ് ദഹാനി അവസാനക്കാരനായി മടങ്ങി. ഹാരിസ് റൗഫ് 7 പന്തില്‍ 13 റണ്‍സുമായി പുറത്താകാതെ നിന്നു. 

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, ആവേശ് ഖാന്‍, യുസ്‌വേന്ദ്ര ചാഹല്‍, അര്‍ഷ്‌ദീപ് സിംഗ് എന്നിവരാണ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലുള്ളത്. വിരാട് കോലിയുടെ 100-ാം രാജ്യാന്തര ടി20യാണ് ഇന്ന് നടക്കുന്നത്.

ഷോര്‍ട് പിച്ച് പന്ത് കൊണ്ടൊരു നേര്‍ച്ച; 'ഗെയിം ചേഞ്ചര്‍' ഹാര്‍ദിക് പാണ്ഡ്യക്ക് കയ്യടിച്ച് ആരാധകര്‍