നായകന്‍ രോഹിത് ശര്‍മ്മയും ഉപനായകന്‍ കെ എല്‍ രാഹുലുമാണ് വസീം ജാഫറിന്‍റെ ടീമിന്‍റെ ഓപ്പണര്‍മാര്‍

ദുബായ്: ഏഷ്യാ കപ്പില്‍ ഞായറാഴ്‌ച നടക്കുന്ന ഇന്ത്യ-പാക് പോരാട്ടത്തിനായി കാത്തിരിക്കുകയാണ് ഏവരും. മത്സരത്തിന്‍റെ ആവേശത്തിനൊപ്പം ചേര്‍ന്നിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ വസീം ജാഫര്‍. മത്സരത്തിന് മുന്നോടിയായി തന്‍റെ ഇന്ത്യന്‍ പ്ലേയിംഗ് ഇലവന്‍ ജാഫര്‍ പുറത്തുവിട്ടു. റിഷഭ് പന്ത് കളിക്കുന്നുണ്ടെങ്കില്‍ ഏത് നമ്പറില്‍ ബാറ്റ് ചെയ്യണം എന്ന് പ്രത്യേകം പരാമര്‍ശിച്ചിട്ടുമുണ്ട് ഇന്ത്യന്‍ മുന്‍ ഓപ്പണര്‍. 

നായകന്‍ രോഹിത് ശര്‍മ്മയും ഉപനായകന്‍ കെ എല്‍ രാഹുലുമാണ് വസീം ജാഫറിന്‍റെ ടീമിന്‍റെ ഓപ്പണര്‍മാര്‍. മൂന്നാം നമ്പറില്‍ മുന്‍ നായകന്‍ വിരാട് കോലിയും നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവും സ്ഥാനമുറപ്പിക്കുമെന്ന് ജാഫര്‍ പറയുന്നു. അഞ്ചാം നമ്പറില്‍ പേസ് ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ പേര് പറയുമ്പോള്‍ ആറാം നമ്പറില്‍ ദിനേശ് കാര്‍ത്തിക്, റിഷഭ് പന്ത് എന്നീ രണ്ടുപേരുകളില്‍ നിന്ന് ഒരാളെ മുന്‍താരം തെരഞ്ഞെടുത്തിട്ടില്ല. റിഷഭാണ് പ്ലേയിംഗ് ഇലവനില്‍ വരുന്നതെങ്കില്‍ ഹാര്‍ദിക്കിനെ മറികടന്ന് അഞ്ചാം നമ്പറില്‍ ബാറ്റേന്തേണ്ടതുണ്ട് എന്ന് ജാഫര്‍ വാദിക്കുന്നു.

ദുബായിയാണ് വേദി എന്നതിനാല്‍ മൂന്ന് സ്‌പിന്നര്‍മാര്‍ അടങ്ങുന്നതാണ് വസീം ജാഫറിന്‍റെ ടീം. യുസ്‌വേന്ദ്ര ചാഹലാണ് ടീമിലെ രണ്ടാം സ്‌പിന്നര്‍. ആര്‍ അശ്വിനെ മറികടന്ന് രവി ബിഷ്‌ണോയി മൂന്നാം സ്‌പിന്നറായി ഇടംപിടിച്ചു എന്നത് ശ്രദ്ധേയം. ഐപിഎല്ലിന് പിന്നാലെ സമീപകാലത്ത് ഇന്ത്യന്‍ അരങ്ങേറ്റത്തില്‍ മികവ് കാട്ടിയ പേസര്‍ അര്‍ഷ്‌ദീപ് സിംഗാണ് ടീമിലെ മറ്റൊരു പേസര്‍. ഓള്‍റൗണ്ടര്‍ ദീപക് ഹൂഡയും പേസര്‍ ആവേശ് ഖാനുമാണ് പ്ലേയിംഗ് ഇലവനില്‍ ഇടംപിടിക്കാത്ത പ്രമുഖര്‍. പ്ലേയിംഗ് ഇലവനെ കുറിച്ച് ആരാധകരോട് അഭിപ്രായം പറയാന്‍ ആവശ്യപ്പെട്ടിട്ടുമുണ്ട് വസീം ജാഫര്‍. 

Scroll to load tweet…

നാളെ ഇന്ത്യന്‍സമയം രാത്രി 7.30നാണ് ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരം. ടീം ഇന്ത്യയെ രോഹിത് ശര്‍മ്മയും പാകിസ്ഥാനെ ബാബര്‍ അസമുവാണ് നയിക്കുക. ഐസിസി ചാമ്പ്യന്‍ഷിപ്പുകളിലും ഏഷ്യാ കപ്പിലും മാത്രമാണ് ഇരു ടീമുകളും തമ്മില്‍ നിലവില്‍ നേര്‍ക്കുനേര്‍ പോരാട്ടം വരുന്നതിനാല്‍ മത്സരത്തിന്‍റെ ആവേശം ഉയര്‍ന്നുകഴിഞ്ഞു. കഴിഞ്ഞ ടി20 ലോകകപ്പിലായിരുന്നു ഇരു ടീമുകളും അവസാനം മുഖാമുഖം വന്നത്. അന്ന് 10 വിക്കറ്റിന് തോറ്റതിന്‍റെ ക്ഷീണം മാറ്റേണ്ടതുണ്ട് രോഹിത്തിനും സംഘത്തിനും. ഏഷ്യാ കപ്പിൽ മുമ്പ് 14 തവണ അയല്‍ക്കാര്‍ നേർക്കുനേർ വന്നപ്പോൾ എട്ട് തവണയും ജയം ഇന്ത്യക്കൊപ്പമായിരുന്നു. 

ഏഷ്യാ കപ്പ്: ഇന്ത്യക്കെതിരെ ഒരുമുഴം മുമ്പേ എറിഞ്ഞ് പാക് ടീം; പ്ലേയിംഗ് ഇലവന്‍ ഇന്ന് പ്രഖ്യാപിക്കും