കോലിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ വേണ്ടിയാണ് ഈ പെണ്‍കുട്ടി പാകിസ്ഥാനില്‍ നിന്ന് ദുബായിലെത്തിയത്

ദുബായ്: ഏഷ്യാ കപ്പിനെത്തിയ വിരാട് കോലിയാണ് ദുബായില്‍ ക്രിക്കറ്റ് പ്രേമികളുടെ ആവേശ താരം. കോലി പരിശീലനത്തിന് ഇറങ്ങിയപ്പോഴൊക്കെ താരത്തെ കാണാനും സെല്‍ഫിയെടുക്കാനും നിരവധി ആരാധകരെത്തി. ഇതില്‍ ഇന്ത്യയുടെയും പാകിസ്ഥാന്‍റേയും ആരാധകരുണ്ടായിരുന്നു. ഇവരില്‍ കോലിയുടെ കട്ട ഫാന്‍ ആരാണെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ. പാകിസ്ഥാനില്‍ നിന്നുള്ള ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടി. കോലിയെ കണ്ട് തന്‍റെ ഒരു ആഗ്രഹം സാധിച്ചെടുത്തു ഇവര്‍.

കോലിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ വേണ്ടിയാണ് ഈ പെണ്‍കുട്ടി പാകിസ്ഥാനില്‍ നിന്ന് ദുബായിലെത്തിയത്. 'ഞാനാരുടേയും ആരാധികയല്ല വിരാട് കോലിയുടെയൊഴികെ. കോലിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ വേണ്ടിയാണ് ഞാന്‍ പാകിസ്ഥാനില്‍ നിന്നെത്തിയത്. ഈ നിമിഷത്തിനായി ഒരു മാസം കാത്തുനിന്നു. പരിശീലനം കഴിഞ്ഞ് ഹോട്ടലിലേക്ക് മടങ്ങുമ്പോഴാണ് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചത്. മഹത്തായ ക്രിക്കറ്റ് താരം പോലെ തന്നെ കോലിയൊരു മഹാനായ മനുഷ്യനാണ്. കോലി എന്നെ ശ്രവിക്കുകയും സെല്‍ഫിയെടുക്കണമെന്ന ആഗ്രഹം സാധിച്ചുതരികയും ചെയ്തു' എന്നും ആരാധിക പാക്‌ ടിവിയോട് പറഞ്ഞു. 

ഇന്ത്യന്‍ ടീമിന്‍റെ പരിശീലനത്തിലെ സൂപ്പര്‍താരം വിരാട് കോലിയാണ്. സെല്‍ഫിയെടുക്കണമെന്ന് ആവശ്യപ്പെട്ടവര്‍ക്കൊപ്പമെല്ലാം ഫോട്ടോയെടുത്ത് പരിശീലനത്തിന് ശേഷമുള്ള സമയം ആസ്വദിക്കുകയാണ് കിംഗ് കോലി. പരിശീലനത്തിനിടെ കോലിയെ കാണാന്‍ ഒരു പാക് ആരാധകന്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് എത്തിയ സംഭവവുമുണ്ടായി. പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആരാധകനെ തടഞ്ഞെങ്കിലും കോലി ഇടപെട്ട് ഇയാളെ അടുത്തേക്ക് വിളിച്ചുവരുത്തി വിശേഷങ്ങള്‍ തിരക്കി. 

ഏഷ്യാ കപ്പില്‍ നാളെ ഞായറാഴ്‌ചയാണ് ഇന്ത്യ-പാകിസ്ഥാന്‍ ആവേശപ്പോരാട്ടം. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ ഇന്ത്യന്‍സമയം രാത്രി 7.30ന് മത്സരം ആരംഭിക്കും. ടി20 ലോകകപ്പ് ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ വിരാട് കോലിക്ക് ടൂര്‍ണമെന്‍റിലെ പ്രകടനം നിര്‍ണായകമാകും. അതിനാല്‍ മത്സരത്തില്‍ ക്രിക്കറ്റ് ലോകത്തിന്‍റെ കണ്ണുകളെല്ലാം കിംഗ് കോലിയിലാണ്. ഇന്ത്യക്ക് ജസ്പ്രീത് ബുമ്രയുടെയും പാക് ടീമിന് ഷഹീന്‍ അഫ്രീദിയുടേയും അഭാവം തിരിച്ചടിയാവും. ശക്തമായ ബാറ്റിംഗ് നിരയുള്ള ഇന്ത്യയാണ് ടൂര്‍ണമെന്‍റിലെ ഫേവറേറ്റുകള്‍ എന്നാണ് വിലയിരുത്തല്‍. സൂപ്പര്‍ ഫോറിലും ഇന്ത്യ-പാക് മത്സരമുണ്ടാകും. 

അതിരുകളില്ലാത്ത സ്‌നേഹം; വേലിക്കപ്പുറമുള്ള പാക് ആരാധകന് രോഹിത് ശര്‍മ്മയുടെ സ്നേഹാലിംഗനം- വൈറലായി വീഡിയോ