റിഷഭിന്‍റെ ത്രോ പിഴച്ചപ്പോള്‍ ലങ്കയോട് ആറ് വിക്കറ്റിന് ഇന്ത്യ പരാജയപ്പെട്ടു. ഇന്ത്യയുടെ 173 റൺസ് ഒരു പന്ത് ശേഷിക്കേ ലങ്ക മറികടക്കുകയായിരുന്നു.

ദുബായ്: ഏഷ്യാ കപ്പിലെ ബാറ്റിംഗ് പരാജയത്തില്‍ റിഷഭ് പന്ത് കടുത്ത വിമര്‍ശനം നേരിടുകയാണ്. ടി20യില്‍ പന്തിന്‍റെ ഷോട്ട് സെലക്ഷനില്‍ ആരും തന്നെ സംതൃപ്‌തല്ല. ബാറ്റിംഗ് മാത്രമല്ല, വിക്കറ്റിന് പിന്നിലും റിഷഭിന് പാളുന്നു എന്നും വിമര്‍ശനമുണ്ട്. ഏഷ്യാ കപ്പില്‍ ശ്രീലങ്കയ്‌ക്ക് എതിരായ സൂപ്പര്‍ ഫോറില്‍ അവസാന ഓവറിലെ അഞ്ചാം പന്തില്‍ റണ്ണൗട്ട് അവസരം നഷ്ടപ്പെടുത്തിയതിന് റിഷഭിനെ പഴിക്കുകയാണ് ആരാധകര്‍. സഞ്ജു സാംസണെ കണ്ടുപഠിക്കണം, സഞ്ജുവായിരുന്നേല്‍ ഇന്ത്യ കളി ജയിച്ചേനേ എന്നാണ് ആരാധകര്‍ പറയുന്നത്. 

രോഹിത് ശര്‍മ്മ പേസര്‍ അര്‍ഷ്‌ദീപ് സിംഗിനെ പന്തേല്‍പിക്കുമ്പോള്‍ അവസാന ആറ് പന്തില്‍ ഏഴ് റണ്‍സായിരുന്നു ലങ്കയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. തകര്‍പ്പന്‍ യോര്‍ക്കറുമായി തുടങ്ങിയ അര്‍ഷ്‌ദീപ് ഇന്ത്യക്ക് പ്രതീക്ഷ നല്‍കി. എന്നാല്‍ അഞ്ചാം പന്തില്‍ ബൈ റണ്ണിനായി ഓടിയ ഷനകയുടെ ബെയ്‌ല്‍സ് തെറിപ്പിക്കാനുള്ള സുവര്‍ണാവസരം റിഷഭ് പന്തിന് മുതലാക്കാനായില്ല. റിഷഭിന്‍റെ ത്രോ മിസ്സായപ്പോള്‍ പന്ത് കൈപ്പറ്റിയ അര്‍ഷ്‌ദീപിന്‍റെ രണ്ടാം ശ്രമവും പിഴച്ചു. ഡബിള്‍ ഓടിയെടുത്ത് ലങ്ക വിജയിക്കുകയും ചെയ്തു. ഇതോടെയാണ് ബാറ്റിംഗിന് പിന്നാലെ വിക്കറ്റ് കീപ്പിംഗിലെ മോശം പ്രകടനത്തിന്‍റേയും പേരില്‍ റിഷഭ് പന്ത് എയറിലായത്. 

റിഷഭിനെ വിമര്‍ശിക്കുന്നതിനൊപ്പം സഞ്ജു സാംസണിന്‍റെ വിക്കറ്റ് കീപ്പിംഗ് പ്രകടനത്തെ ഓര്‍മ്മിപ്പിക്കുന്നുമുണ്ട് ആരാധകര്‍. വെസ്റ്റ് ഇന്‍ഡീസിനെതിരെ ആദ്യ ഏകദിനത്തില്‍ മുഹമ്മദ് സിറാജിന്‍റെ പന്തില്‍ ഇന്ത്യക്ക് വിജയം സമ്മാനിച്ച സഞ്ജുവിന്‍റെ മാസ്‌മരിക സേവിന്‍റെ വീഡിയോയാണ് ആരാധകര്‍ പങ്കുവെക്കുന്നത്. വിന്‍ഡീസിനെതിരെ രണ്ടാം ഏകദിനത്തിലും സ‍ഞ്ജുവിന്‍റെ വിസ്‌മയ സേവുണ്ടായിരുന്നു. 

Scroll to load tweet…
Scroll to load tweet…

റിഷഭിന്‍റെ ത്രോ പിഴച്ചപ്പോള്‍ ലങ്കയോട് ആറ് വിക്കറ്റിന് ഇന്ത്യ പരാജയപ്പെട്ടു. ഇന്ത്യയുടെ 173 റൺസ് ഒരു പന്ത് ശേഷിക്കേ ലങ്ക മറികടക്കുകയായിരുന്നു. മറുപടി ബാറ്റിംഗില്‍ പതും നിസങ്കയും(52), കുശാല്‍ മെന്‍ഡിസും(57) ഓപ്പണിംഗ് വിക്കറ്റില്‍ 97 റണ്‍സ് ചേര്‍ത്തത് ലങ്കയ്‌ക്ക് കരുത്തായി. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് ഭാനുക രജപക്സെയും(17 പന്തില്‍ 25*), ക്യാപ്റ്റന്‍ ദാസുന്‍ ഷനകയും(18 പന്തില്‍ 33*) ലങ്കയെ ജയിപ്പിക്കുകയായിരുന്നു. നേരത്തെ 41 പന്തിൽ 72 റൺസെടുത്ത നായകന്‍ രോഹിത് ശര്‍മ്മയുടെ അർധസെഞ്ച്വറിയുടെ മികവിലാണ് ഇന്ത്യ 20 ഓവറില്‍ എട്ട് വിക്കറ്റിന് 173ൽ എത്തിയത്. സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനോടും ലങ്കയോടും പരാജയപ്പെട്ടതോടെ ഇന്ത്യയുടെ ഫൈനല്‍ പ്രതീക്ഷ തുലാസിലായി. 

പന്തിന് ബാറ്റിംഗും അറിയില്ല, കീപ്പിംഗും! സഞ്ജുവിനെ വിളിക്കൂ, ഇന്ത്യയെ രക്ഷിക്കൂ; ആരാധകരുടെ ക്യാംപയിൻ വൈറല്‍